പാലക്കാട്: നഗരസഭയിൽ കഴിഞ്ഞ സാമ്പത്തികവർഷം നടപ്പാക്കാതിരുന്ന പദ്ധതികൾ ഈ സാമ്പത്തിക വർഷം നടപ്പാക്കുന്നത് സംബന്ധിച്ച് ചേർന്ന് അടിയന്തര കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കുതർക്കവും ബഹളവും.
2023-24 വാർഷികപദ്ധതികൾ കൂടി ഉൾപ്പെടുത്തി അന്തിമമാക്കി ജില്ല ആസൂത്രണ സമിതിക്ക് അംഗീകാരത്തിനായി സമർപ്പിക്കുന്നതിന് തയാറാക്കിയ ഭേദഗതി ആവശ്യമായ പദ്ധതികൾ, പുതുതായി ഉൾപ്പെടുത്തേണ്ട പദ്ധതികൾ, ഉപേക്ഷിക്കേണ്ട പദ്ധതികൾ എന്നിവയുടെ ചർച്ചക്കായി ചേർന്ന യോഗത്തിലാണ് വാക്കുതർക്കം ഉണ്ടായത്.
പദ്ധതികളുടെ നടത്തിപ്പിന് നിലവിൽ ആറുകോടി രൂപയുടെ കുറവുണ്ടെന്നും അടുത്ത സാമ്പത്തിക വർഷത്തെ ഫണ്ട് കണ്ടുകൊണ്ട് ഇത്തവണ പ്രവൃത്തികൾ നടത്താമെന്നും സെക്രട്ടറി അറിയിച്ചു.
മെയിന്റനൻസ് ഗ്രാന്റിൽ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് ഇത്രയും തുക കുറവുണ്ടായത്. ഫണ്ട് ലഭിക്കാത്തതിനാൽ വാർഡുകളിൽ പുതുതായി ഒരു പദ്ധതിയും ആരംഭിക്കാൻ കഴിയുന്നില്ലെന്നും ഇതുമൂലം ജനങ്ങൾക്ക് മുന്നിൽ തങ്ങൾ ഒന്നും ചെയ്യാനാകാത്ത ജനപ്രതിനിധികളായി മാറുകയാണെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
2020 മുതൽ 2023 വരെ ഏതൊക്കെ വാർഡുകളിൽ ഏതൊക്കെ പദ്ധതികൾ ഏതൊക്കെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കി എന്നതിന്റെ കണക്ക് രണ്ട് ദിവസത്തിനുള്ളിൽ കൗൺസിലർമാർക്ക് ലഭ്യമാക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞു.
പദ്ധതി നിർവഹണത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് സെക്രട്ടറി യോഗത്തിൽ സമ്മതിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാവാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ബി.ജെ.പി കൗൺസിലർ ബാലകൃഷ്ണൻ ആരോപിച്ചപ്പോൾ വീഴ്ചയുണ്ടായെങ്കിൽ ഭരണസമിതി എന്തു ചെയ്യുകയായിരുന്നെന്നും ഭരണസമിതിയാണോ ഉദ്യോഗസ്ഥരാണോ ഭരിക്കുന്നതെന്നും സി.പി.എം കൗൺസിലർ സലീന ചോദിച്ചു. വിഷയത്തെ ചൊല്ലി അംഗങ്ങൾ തമ്മിൽ വാക്കുതർക്കമായതോടെ ചെയർപേഴ്സൻ ഇടപെട്ടു.
നഗരസഭ ചരിത്രത്തിലാദ്യമായി 2024-25 സാമ്പത്തിക വർഷത്തെ വാർഡ് വികസനത്തിന് ഫണ്ടില്ലാതെ പ്രോജക്ട് അംഗീകാരത്തിന് അജണ്ട അവതരിപ്പിച്ചതിൽ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.
കോവിഡിനുശേഷം സാമ്പത്തികപ്രതിസന്ധിയിലായ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു.
തനത് ഫണ്ട് വർധിപ്പിക്കാനുള്ള സത്വരനടപടികൾ സ്വീകരിക്കാതെ കുത്തകകൾക്ക് കെട്ടിട നികുതി അടക്കാതിരിക്കാൻ കോടതിയിൽ പോയി സ്റ്റേ എടുക്കാനുള്ള സൗകര്യം ഒരുക്കുന്ന നഗരസഭ ഭരണകൂടത്തിന്റെ ഒത്തുകളിയാണിതെന്ന് കൗൺസിലർമാരായ എ. കൃഷ്ണനും എസ്. സെയ്തുമീരാനും ആരോപിച്ചു.
പ്രതിഷേധത്തിനിടെ പദ്ധതികൾ ഭേദഗതികളോടെ പാസാക്കിയതായി ചെയർപേഴ്സൻ അറിയിച്ചു. ഫണ്ട് നൽകുന്നതിൽ അസന്തുലിതാവസ്ഥയും വിവേചനവും മനസ്സിലാക്കാൻ കഴിയുമെന്നും നഗരസഭയിൽ അവികസിതമായ വാർഡുകളും വഴിയും വെള്ളവും വെളിച്ചവും എത്താത്ത പ്രദേശങ്ങളുണ്ടെന്നും വെൽഫെയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ പറഞ്ഞു.
നഗരത്തിലെ റോബിൻസൺ റോഡിനടുത്തുള്ള എ.ആർ റസിഡൻറ്സ് കോളനിയിൽ സ്വകാര്യ മനോരോഗ ആശുപത്രി അനുവദിക്കരുതെന്നും നഗരസഭ നൽകിയ നിർമാണ അനുമതി റദ്ദ് ചെയ്യണമെന്നും സുലൈമാൻ ആവശ്യപ്പെട്ടു.
റസിഡൻറ്സ് കോളനികൾ താമസത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് നൽകരുതെന്ന കേരള മുനിസിപ്പൽ ആക്ട് 25-ാം വകുപ്പിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിലെ സ്വകാര്യ ക്ലബിന്റെ ഒക്യുപൻസി റദ്ദാക്കി തുടർനടപടി നടന്നുകൊണ്ടിരിക്കെ ക്ലബിന്റെ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത നടപടികളും കൗൺസിലിൽ ബഹളത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.