പാലക്കാട്: എ.ഐ കാമറ പിഴ ഈടാക്കന്‍ തുടങ്ങിയതോടെ ജില്ലയില്‍ ഹെല്‍മറ്റ് വിപണി സജീവം. ഗ്രാമ- നഗരവ്യത്യാസമില്ലാതെ ഹെല്‍മറ്റ് കടകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താൽ 500 രൂപയാണ് പിഴ. ഓടിക്കുന്ന ആള് മാത്രമല്ല പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിര്‍ബന്ധന വന്നതോടെയാണ് വില്പന കുതിച്ച ഉയരാനിടയാക്കിയതെന്ന് വ്യാപാരികള്‍ പറഞ്ഞു.
450 മുതല്‍ 3000 രൂപ വരെയുള്ള ഹെല്‍മറ്റുകളാണ് വിപണിയിലുള്ളത്. ഇടത്തരം നല്ല ഹെല്‍മറ്റിന് ശരാശരി 850 മുതല്‍ 1000 രൂപ വില വരും. ഇതിനാണ് ആവശ്യക്കാരേറെ. കുട്ടികളുടെ ഹെല്‍മറ്റിനും ആവശ്യക്കാര്‍ ഏറെയാണ്. വിവിധ നിറങ്ങളില്‍ ലഭ്യമാകുന്ന ഇവക്ക് 700 മുതല്‍ 1000 രൂപ വരെയാണ് വില. സ്ത്രീകളുടെ ഹെല്‍മറ്റും വിവിധ രൂപത്തിലുണ്ട്. ഹെല്‍മറ്റിന്റെ ചില്ല്, ബെല്‍റ്റ് എന്നിവയടക്കം മാറ്റി നല്കുന്ന റിപ്പയര്‍ കടകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായി.
ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റുകളും വിപണിയില്‍ അരങ്ങ് തകര്‍ക്കുകയാണ്. ഇവ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്. സംസ്ഥാന പാതയുടെ വശങ്ങളിൽ വ്യാജ ഐ.എസ്.ഐ മുദ്ര പതിപ്പിച്ച ഹെല്‍മറ്റുകളുടെ വില്പന തകൃതിയായി നടക്കുന്നുണ്ട്. 400 മുതല്‍ 650 രൂപ വരെയാണ് ഇവയുടെ വില. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബി.ഐ.എസ്) മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്ന സാക്ഷ്യപ്പെടുത്തലാണ് ഐ.എസ്.ഐ മുദ്ര. പൊലീസിനെ ഭയന്ന് മാത്രം ഹെല്‍മറ്റ് ധരിക്കുന്നവര്‍ ഇത്തരത്തിലുള്ളവ ധരിച്ചാണ് തടിയൂരുന്നത്. എന്നാല്‍, ഇവ യാതൊരുവിധ സുരക്ഷയും നല്‍കുന്നില്ല. ഇത്തരം ഹെല്‍മറ്റുകള്‍ ധരിക്കുന്നത് ഒഴിവാക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.