പാലക്കാട്: കനത്തചൂടിൽ ജില്ല വെന്തുരുകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിൽ ചൂട് 40 ഡിഗ്രിക്ക് മുകളിൽ അനുഭവപെടുന്നത് ജനജീവതത്തെ ബാധിച്ചുതുടങ്ങി. ഉച്ചസമയങ്ങളിൽ തുറസ്സായ ഇടങ്ങളിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ജലശായങ്ങളും കനത്തചൂടിൽ വളരെവേഗം വറ്റിവരളാൻ തുടങ്ങിയത് ജലലഭ്യതയെ ബാധിക്കാൻ തുടങ്ങി. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 41.8 ഡിഗ്രി സെൽഷ്യസ് ശനിയാഴ്ച മുണ്ടൂർ ഐ.ആർ.ടി.സിയിൽ രേഖപ്പെടുത്തിയിരുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ചൂട് കൂടുന്ന പ്രവണതയാണ്. ഏപ്രിൽ അവസാനം മേയ് മാസങ്ങളിലാണ് ജില്ലയിൽ പൊതുവെ ചൂട് കൂടുതൽ അനുഭവപ്പെടാറ്. എന്നാൽ ഈ വർഷം നേരത്തേതന്നെ ഉയർന്ന ചൂട് രേഖപ്പെടുത്തിത്തുടങ്ങി. വേനൽ മഴയിലുണ്ടായ ഗണ്യമായ കുറവും ഇത്തവണ തിരിച്ചടിയായി. ചൂടിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശവും കുറഞ്ഞുവരുന്നതിനാൽ ഉഷ്ണം കൂടുതലാണ്. പച്ചക്കറികളും പഴവർഗങ്ങളും കനത്തചൂടിൽ പെട്ടെന്ന് കേടുവരുന്നത് വഴിയോര കച്ചവടക്കാരെയും പ്രതികൂലമായി ബാധിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിർദേശം നൽകി. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാനസാഹചര്യമാണ് ഇവിടെയും ചൂടുകൂടാൻ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഏപ്രില്‍ എട്ടുമുതല്‍ 12 വരെ മഞ്ഞ അലര്‍ട്ട്
പാലക്കാട്: ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും കലക്ടറുമായ ഡോ. എസ്. ചിത്ര അറിയിച്ചു. ഏപ്രില്‍ എട്ടുമുതല്‍ 12 വരെ ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ജില്ലയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചൂട് 40.7 ഡിഗ്രി സെല്‍ഷ്യസാണ്.
ഉയര്‍ന്ന താപനില മൂലം സൂര്യതാപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.