കല്ലൂർ: കാട്ടുപ്പന്നി ശല്യം വ്യാപകമായതോടെ കർഷകർ കൂർക്ക കൃഷിയിലേക്ക് വഴിമാറുന്നു. കല്ലൂർ മേഖലയിലെ ഭൂരിഭാഗം കർഷകരും ഒന്നാം വിളയായി കൂർക്കയാണ് കൃഷിയിറക്കുന്നത്. കൂർക്ക വിത്തുകൾ പാകി മുള പൊന്തിക്കഴിഞ്ഞു. പറമ്പ് കൃഷിയാണെന്ന് അറിയപ്പെടുന്ന വിളയാണെങ്കിലും കാട്ടുപന്നി ശല്യം മൂലം വയലുകൾ കൂർക്കക്ക് വഴിമാറുകയാണ്. ഇപ്പോൾ മണ്ണ് പാകപ്പെടുത്തി വിത്തിറക്കുന്ന പ്രക്രിയയാണ് നടക്കുന്നത്.
ജൂൺ, ജൂലൈ മാസങ്ങളിൽ മുളച്ച കൂർക്കയുടെ തല നുള്ളിയെടുത്താണ് നടുന്നത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് വിളവെടുപ്പ്. നിധി, ശ്രീധര, സുഫല എന്നീ ഇനങ്ങളാണ് കൃഷി ചെയ്തുവരുന്നത്. കാട്ടുപന്നി, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനവ് കാരണം ഗ്രാമങ്ങളിൽ കൃഷിയും ചെയ്യാനാവാത്ത അവസ്ഥയാണെന്ന് കർഷകൻ കെ.കെ. റഹ്മാൻ പറഞ്ഞു. അതുകൊണ്ട് തന്നെ മുഴുവൻ കർഷകരും ഒന്നാംവിള കൂർക്കയാണ് കൃഷിയിറക്കുന്നത്.
കല്ലൂർ മേഖലയിൽ നൂറുകണക്കിന് ഏക്കർ സ്ഥലത്താണ് കൂർക്ക കൃഷി ചെയ്യുന്നത്. കേരളശ്ശേരി, കോങ്ങാട്, മുണ്ടൂർ, വേലിക്കാട്, മാത്തൂർ, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി തുടങ്ങിയ പ്രദേശങ്ങളിലും കൂർക്ക കൃഷി ചെയ്തുവരുന്നു. പാലക്കാടൻ കൂർക്കക്ക് തൃശൂർ, എറണാകുളം മാർക്കറ്റിൽ നല്ല ഡിമാൻഡാണ്. പ്രതീക്ഷയോടെ കൂർക്ക കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കല്ലൂരിലെ അമ്പതോളം കർഷകർ. കാലാവസ്ഥ അനുകൂലമായാൽ വലിയ ലാഭം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.