പാലക്കാട്: 'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ സജീവമായി സ്റ്റാളുകൾ. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശന വിപണന സ്റ്റാളുകളിലേക്ക് നിരവധി സന്ദർശകരാണെത്തുന്നത്. നെൽപാടങ്ങളിൽ മണ്ണൊരുക്കി വിത്ത് ഇറക്കുന്നത് മുതൽ കൃഷിഭവൻ സേവനങ്ങൾ പ്രയോജനപ്പെടുത്തി വിപണിയിലേക്ക് കാർഷിക ഉൽപന്നങ്ങൾ എത്തിക്കുന്നതുവരെയുള്ള ഘട്ടങ്ങൾ തത്സമയം ഒരുക്കുന്നതാണ് കൃഷിവകുപ്പിന്റെ സ്റ്റാൾ. നെൽപാടവും ഫലവൃക്ഷങ്ങളുടെ തോട്ടവും കുളവും ഇവിടെയുണ്ട്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നെൽപാടങ്ങളിൽ കൃഷിയിറക്കുന്നത് എങ്ങനെയെന്നും തോട്ടങ്ങളിൽ സൂക്ഷ്മ ജലസേചനം നടത്തുന്ന രീതികളും കാണാം. ഫ്രണ്ട് ഓഫിസ്, കൃഷി അസിസ്റ്റന്റ്, കൃഷി ഓഫിസർ എന്നിവരുടെ സേവനം ലഭ്യമാകുന്ന സ്മാർട്ട് കൃഷിഭവൻ തത്സമയം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ വിള ആരോഗ്യകേന്ദ്രം, അഗ്മാര്‍ക്ക്, മണ്ണുപരിശോധന തുടങ്ങിയവയുടെ സേവനവും ലഭ്യമാണ്. സ്പ്രിംക്ലർ, കാടുവെട്ട് യന്ത്രം, കൊയ്ത്ത് യന്ത്രം, ട്രാക്ടർ അടക്കമുള്ള കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തി പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന അഗ്രോ എൻജിനീയറിങ് വിഭാഗത്തിന്റെ സ്റ്റാളും മേളയിലുണ്ട്.
21 ഇനം മാങ്ങകളുമായി മാമ്പഴപ്പെരുമ
പാലക്കാട്: ജില്ലയിലെ പ്രധാന പഴവര്‍ഗമായ മാങ്ങയുടെ വിവിധ ഇനങ്ങള്‍ മേളയിൽ കാണാം. കേരളത്തിലെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയിലെയും സമീപ പഞ്ചായത്തുകളായ കൊല്ലങ്കോട്, എലവഞ്ചേരി, പെരുമാട്ടി, പട്ടഞ്ചേരി എന്നിവിടങ്ങളിലെ കര്‍ഷകരുടെ തോട്ടങ്ങളില്‍നിന്നും ശേഖരിച്ച ഇരുപതില്പരം ഇനങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. സിന്ദൂരം, ഹിമാപസന്ത്, തോത്തപുരി, ഗുദാതത്ത്, മൂവാണ്ടന്‍, നീലം, റുമാനിയ, നടശാല, മല്ലിക, കാലപ്പാടി, ബംഗനപള്ളി, അല്‍ഫോന്‍സ തുടങ്ങിയ ഇനം മാങ്ങകള്‍ മേളയില്‍ ഇടം പിടിച്ചിട്ടുണ്ട്. മാങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളായ ജാം, സ്ക്വാഷ്, മിഠായികള്‍, അച്ചാറുകള്‍ എന്നിവയും മേളയിലുണ്ട്. അട്ടപ്പാടിയിലെ മില്ലറ്റ് പദ്ധതിയിലൂടെ കർഷകർ ഉൽപാദിപ്പിക്കുന്ന ചെറുധാന്യങ്ങൾ പരിചയപ്പെടാനും വാങ്ങാനും കഴിയും. ആലത്തൂർ നിയോജക മണ്ഡലത്തിൽ നിറ പദ്ധതിയുടെ നിർവഹണ രീതികളും മേളയിൽ പരിചയപ്പെടാം.
നാടൻ കാർഷിക ഉൽപന്നങ്ങളുമായി കരിമ്പ ഇക്കോ ഷോപ്
ചക്കിലാട്ടിയ കല്ലടിക്കോടൻ നാടൻ വെളിച്ചെണ്ണ, കരിമ്പ തേൻ ഗ്രാമത്തിലെ തേൻ, നാടൻ മുട്ട, പച്ചക്കറികൾ, പൂച്ചട്ടികൾ, വളങ്ങൾ, വിത്തുകൾ, തൈകൾ, അച്ചാറുകൾ, സർബത്ത്, കൊണ്ടാട്ടങ്ങൾ, വാഴപ്പിണ്ടി, ഉണക്ക മഞ്ഞൾ, കൊടംപുളി എന്നിവ വിൽപനക്ക് ഒരുക്കിയിരിക്കുകയാണ് കരിമ്പ ഇക്കോ ഷോപ്. വിത്തും ചകിരിച്ചോറും വളങ്ങളും ഉൾപ്പെടുന്ന 200 രൂപയുടെ നടീൽ കിറ്റും കരിമ്പ് ഇക്കോ ഷോപ്പിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.