ഉല്ലാസയാത്ര; ആനവണ്ടിക്ക് പ്രിയമേറുന്നു

പാലക്കാട്: ഉല്ലാസയാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ യാത്ര സാധ്യമാക്കാന്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ആരംഭിച്ച ആനവണ്ടി യാത്ര ജനപ്രിയമാകുന്നു.

2021 നവംബര്‍ 14ന് നെല്ലിയാമ്പതിയിലേക്കാണ് യാത്ര ആരംഭിച്ചത്. എട്ടുമാസത്തിനിടെ നെല്ലിയാമ്പതിയിലേക്ക് മാത്രമുള്ള 167 യാത്രകളിലായി ആറായിരത്തിനടുത്ത് സഞ്ചാരികള്‍ ആനവണ്ടി യാത്രയില്‍ പങ്കാളികളായി.

ആകെ 190 യാത്രകളില്‍നിന്നായി 86,79,000 വരുമാനവും നേടി. നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രയും ശ്രദ്ധേയമാണ്. കേരള സ്‌റ്റേറ്റ് ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പറേഷന്റെ ജി.എസ്.എ അവാര്‍ഡില്‍ രണ്ടാം സ്ഥാനവും പാലക്കാട് ജില്ലക്ക് ലഭിച്ചു. നെഫര്‍റ്റിറ്റി യാത്രയുടെ ഭൂരിഭാഗം സംഭാവനയും പാലക്കാടിന്റേതായിരുന്നു.

ആകെ നെഫര്‍റ്റിറ്റി യാത്ര നടത്തിയതില്‍ 60 ശതമാനവും പാലക്കാട് യൂനിറ്റില്‍നിന്നാണ്. 42 ലക്ഷം രൂപയാണ് വരുമാനം. 1200 യാത്രികര്‍ പങ്കാളികളായി. എല്ലാത്തരം ആളുകളെയും ഉള്‍ക്കൊള്ളിച്ചാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പദ്ധതി തയാറാക്കിയിരിക്കുന്നത്.

മൂന്നാര്‍, നെല്ലിയാമ്പതി, നാലമ്പല ദര്‍ശനം, സാഗര്‍റാണി യാത്ര, പറമ്പിക്കുളം, വണ്ടര്‍ല, ഗ്രാമയാത്ര എന്നിങ്ങനെ നടത്തിയ 190 യാത്രകളില്‍ 8172 പേരാണ് പങ്കെടുത്തത്. 86 ലക്ഷത്തിലധികം രൂപ വരുമാനം നേടിയതോടെ സംസ്ഥാനത്തെ മികച്ച യൂനിറ്റായി മാറി.

ശിരുവാണി, മീന്‍വല്ലം, കാഞ്ഞിരപ്പുഴ ഡാം, ഡബിള്‍ ഡക്കര്‍ യാത്ര എന്നിവ പണിപ്പുരയിലാണ്. വിനോദസഞ്ചാര യാത്രകളില്‍ സെപ്റ്റംബറോടെ ഒരു കോടി രൂപ തികക്കുന്ന കേരളത്തിലെ ആദ്യ യൂനിറ്റായി മാറാനുള്ള പരിശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി പാലക്കാട് യൂനിറ്റ്.

ഓണയാത്രയക്ക് തയാറെടുത്ത് ആനവണ്ടി

ഓണത്തോടനുബന്ധിച്ച് നിരവധി യാത്രകളാണ് ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ രണ്ട്, 15, 18, ഒക്‌ടോബര്‍ അഞ്ച് തീയതികളില്‍ ആറന്മുളയിലേക്കാണ് യാത്ര. ഒരു യാത്രയില്‍ 39 പേര്‍ക്ക് പങ്കെടുക്കാം. സെപ്റ്റംബര്‍ രണ്ടിലെ ബുക്കിങ് സമാപിച്ചു. മറ്റു തീയതികളിലേക്കുള്ള ബുക്കിങ് അവസാനിക്കാറായി.

സെപ്റ്റംബര്‍ നാലിന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി കാണാനും കെ.എസ്.ആര്‍.ടി.സി അവസരമൊരുക്കുന്നുണ്ട്. ആദ്യസംഘത്തിന്റെ ബുക്കിങ് പൂര്‍ത്തിയായി. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി കൂടുതല്‍ യാത്രക്കാര്‍ ഉള്ളതിനാല്‍ രണ്ടാമതൊരു ബസ് കൂടി ഒരുക്കിയിട്ടുണ്ട്.

30ഓളം ടിക്കറ്റുകളാണ് അവശേഷിക്കുന്നത്. താൽപര്യമുള്ളവര്‍ 9947086128 എന്ന നമ്പറില്‍ നെഹ്‌റു ട്രോഫി വള്ളംകളി വിവരങ്ങള്‍ എന്ന് വാട്സ്ആപ് സന്ദേശം അയച്ച് പങ്കെടുക്കാവുന്നതാണ്.

Tags:    
News Summary - ksrtc budget tourism palakkad cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.