ഉത്സവകാല പ്രതീക്ഷയിൽ വിപണി

പാലക്കാട്: വിഷുവിനൊപ്പം ഈസ്റ്ററും റമദാനും കൂടിയെത്തിയതോടെ പുതുപ്രതീക്ഷയിലാണ് വിപണി. മുൻവർഷങ്ങളിൽ കോവിഡ് തീർത്ത പ്രതിസന്ധിയിൽനിന്ന് കരകയറുന്ന വിപണി ഉത്സവകാലത്തെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇടക്ക് തകർത്ത് പെയ്യുന്ന വേനൽമഴയൊഴിച്ചാൽ പടക്കം മുതൽ പച്ചക്കറികളും പഴവും വസ്ത്രവും വരെ വിപണികളിൽ ഉണർവ് പ്രകടമാണ്.

വിലകാത്ത് പച്ചക്കറി

വിഷു അടുത്തതോടെ പച്ചക്കറി വ്യാപാരത്തിൽ ഉണർവ് പ്രകടമാണ്. കോവിഡ് കാലത്തെ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ കച്ചവടക്കാർ. പതിവുപോലെ ഇക്കുറിയും തമിഴ്‌നാട്ടിൽനിന്നാണ് മിക്ക പച്ചക്കറികളുമെത്തുന്നത്. തമിഴ്നാട്ടിൽനിന്ന് എത്തുന്ന കണിവെള്ളരിക്കൊപ്പം ഇക്കുറി തദ്ദേശീയമായി വിളവെടുത്തവയും നിരത്തിലുണ്ട്. ചില്ലറ വിൽപനശാലകളിൽ കിലോക്ക് 30 മുതൽ 40 രൂപ വരെയാണ് വില. പച്ചക്കറി വിപണിയെ കാര്യമായി വിലക്കയറ്റം ബാധിച്ചിട്ടില്ലെന്ന് പാലക്കാട് വലിയങ്ങാടിയിൽ വ്യാപാരം നടത്തുന്ന സലീം പറയുന്നു. തക്കാളിക്ക് ഗുണനിലവാരമനുസരിച്ച് 11 മുതൽ 30 വരെയും വലിയ ഉള്ളിക്ക് 20, മത്തൻ 10, എളവൻ എട്ടുമുതൽ 12 വരെ, കാബേജ് 15, പയർ 35, ഉരുളക്കിഴങ്ങ് 22 എന്നിങ്ങനെയാണ് മൊത്തവിപണിയിൽ കിലോക്ക് വില.

വിഷുവിന് ഒരുദിവസം മാത്രം ബാക്കിനിൽക്കെ വില ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. നോമ്പുകാലം തുടങ്ങിയതോടെ സജീവമായ പഴവിപണിയിൽ തദ്ദേശീയമായി ഉൽപാദിപ്പിച്ച മാങ്ങയടക്കം പഴങ്ങൾക്ക് പൊള്ളുന്ന വിലയാണ്. മാർച്ച് ആദ്യവാരം 40-45 രൂപ കിലേക്ക് വിലയുണ്ടായിരുന്ന നേന്ത്രന് ഇപ്പോൾ 70 രൂപയാണ് ചില്ലറവില. ഒരുമാസത്തിനിടെ മിക്ക പഴങ്ങൾക്കും 20 മുതൽ 100 രൂപവരെ ഉയർന്നതായി വ്യാപാരികൾ പറയുന്നു.

പ്രതീക്ഷയുടെ പടക്കവിപണി

വിഷുവിന് പടക്കത്തിന്‍റെ ശബ്ദവും പൂത്തിരി മുതൽ മത്താപ്പ് വരെയുള്ള വർണക്കാഴ്ചകളും മലയാളി മറന്ന വർഷങ്ങളാണ് കടന്നുപോയത്. ഇക്കുറി ദിവസങ്ങൾ മുമ്പുതന്നെ പടക്കവിപണി സജീവമാണ്. ഫാൻസി, ചൈനീസ് പടക്കങ്ങളുടെ വൈവിധ്യങ്ങൾ പക്ഷേ ഇക്കുറി കീശ കാലിയാക്കും.

ഗോൾഡൻ ഡെക്ക് മുതൽ സെവൻ ഷോട്സ് വരെ നീളുന്നതാണ് ഇക്കുറി വിപണിയിലെ വൈവിധ്യം. പൂക്കുറ്റിക്ക് 40 മുതൽ 60 രൂപ വരെയും നിലച്ചക്രത്തിന് അഞ്ച് മുതൽ 25 രൂപ വരെയുമാണ് വില. സാധാരണ വിഷുവിന് ആഴ്ചകൾക്ക് മുമ്പ് തന്നെ പടക്ക കച്ചവടത്തിന് തിരക്കുണ്ടാകാറുണ്ടെങ്കിലും ഇത്തവണയത് കാര്യമായില്ല. ഇന്ധന വിലവർധന കാരണം പടക്കങ്ങളുടെ വിലയും കൂട്ടിയിട്ടുണ്ട്. പടക്കനിർമാണത്തിനാവശ്യമായ പേപ്പർ, കെമിക്കൽ, ആസിഡ് എന്നിവയുടെ വിലയും കൂടി. കടുത്ത സാമ്പത്തിക പ്രതിസന്ധി വിഷു വിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.

ക്ഷേത്രങ്ങളിലെ ഉത്സവ സീസണായതിനാൽ കഴിഞ്ഞ രണ്ട് മാസമായി കച്ചവടം മോശമല്ലാത്ത രീതിയിൽ നടക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. തിരക്ക് ഒഴിവാക്കാൻ വ്യാപാര സ്ഥാപനങ്ങൾ നാൽപതോളം ഇനങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്‌സുകളും തയാറാക്കിയിട്ടുണ്ട്. 550 മുതൽ 2000 രൂപ വരെ വിലയുള്ള ഗിഫ്റ്റ് ബോക്സുകൾ വിപണിയിൽ ലഭ്യമാണ്. ഒരുദിവസം ചുരുങ്ങിയത് 50,000 മുതൽ ഒന്നര ലക്ഷം രൂപയുടെ കച്ചവടം ഒരു സ്ഥാപനത്തിൽ ലഭിക്കുന്നതായി വ്യാപാരികൾ പറയുന്നു. വിഷു സീസൺ കഴിയുന്നതോടെ ജില്ലയിൽ മാത്രം 30 കോടി രൂപയുടെ കച്ചവടമാണ് നടക്കുക.

കുതിക്കാനൊരുങ്ങി

ഇറച്ചിവില

ഈസ്റ്ററിന് ഉയർന്ന കോഴിവില പെരുന്നാൾ പ്രതീക്ഷിച്ച് മുന്നോട്ട് തന്നെയാണ്. 145 മുതൽ 175 വരെയാണ് നിലവിൽ വില. ബോൺലെസ് ആവുമ്പോൾ ഇത് 205 ആവും. നോമ്പിനോടനുബന്ധിച്ച് ആവശ്യകത വർധിച്ചതിനൊപ്പം ഈസ്റ്ററും നേട്ടമാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ആട്ടിറച്ചിയടക്കം ഇറച്ചികൾക്കും വില ഉയർന്നിട്ടുണ്ട്.

കരുത്തുനേടി സ്വർണം, വസ്ത്ര വിപണി

കോവിഡ് അപഹരിച്ച ഉത്സവ സീസണുകൾ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ ജ്വല്ലറികളിലും വസ്ത്ര വിപണിയിലും നടത്തിയിട്ടുള്ളത്. സ്വർണാഭരണ വിപണിയിലും കാര്യമായ ഉണർവുണ്ട്. മിക്ക തുണിക്കടകളും ജ്വല്ലറികളും വിഷുവും പെരുന്നാളുമൊക്കെ മുന്നിൽ കണ്ട് ഓഫറുകളുമായാണ് ഉപഭോക്താക്കളിലേക്കെത്തുന്നത്. വൈകീട്ട് പതിവായെത്തുന്ന ശക്തമായ മഴ വെല്ലുവിളിയാവുന്നുണ്ടെങ്കിലും ഇക്കുറി വിപണിയുടെ ഉണർവിൽ പ്രതീക്ഷയർപ്പിക്കുകയാണ് വ്യാപാരികൾ.

Tags:    
News Summary - Market in anticipation of the festive season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.