പട്ടാമ്പി: മൂന്നു ജില്ലകളിലെ യാത്രക്കാരുടെ പ്രതീക്ഷയായ നമ്പ്രം-ഷൊർണൂർ തീരദേശപാതക്കുള്ള കാത്തിരിപ്പ് നീളുന്നു. 2015ൽ ബജറ്റിലുൾപ്പെടുത്തി 2016ൽ ഭരണാനുമതി ലഭിച്ച റോഡ് ഇന്നും കടലാസിലുറങ്ങുന്നു. നിർദിഷ്ട പട്ടാമ്പി പാലത്തിന്റെ പുതുക്കിയ രൂപരേഖയിൽ ഉൾപ്പെട്ട തീരദേശപാതക്കാണ് ദുർഗതി. പട്ടാമ്പി നഗരസഭയിലെ കമാനം റോഡ് മുതൽ ഓങ്ങല്ലൂർ പഞ്ചായത്തിലെ ചെങ്ങണാംകുന്ന്, കാരമണ്ണ വഴി ഷൊർണൂർ നഗരസഭയിലെ പരുത്തിപ്രയിലൂടെ ഷൊർണൂർ നഗരത്തിലേക്കും ചെറുതുരുത്തി പാലത്തിലേക്കും എത്തിച്ചേരുന്നതാണ് പട്ടാമ്പി നമ്പ്രം-ഷൊർണൂർ തീരദേശപാത. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലുള്ളവർക്ക് യാത്രാദൂരം കുറക്കാനും സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതുമാണ് പദ്ധതി. പട്ടാമ്പി പാലം മുതൽ ചെങ്ങണാംകുന്നു വരെ എട്ടുമീറ്റർ വീതിയുള്ള റോഡാണിപ്പോഴുള്ളത്.
റോഡ് വീതികൂട്ടി പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞാൽ പട്ടാമ്പി, തൃത്താല, ഷൊർണൂർ നിവാസികളുടെ യാത്രകൾക്ക് വലിയ സൗകര്യമാണ് ഉണ്ടാവുക. ഓങ്ങല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒന്നര കിലോമീറ്റർ പാത കൂടി നവീകരിച്ചാൽ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ കഴിയും. ഭരണാനുമതി ലഭിച്ച് എട്ട് വർഷമായിട്ടും പദ്ധതി പ്രവർത്തനം എങ്ങുമെത്താത്തതിൽ നിരാശയിലാണ് പ്രദേശവാസികൾ. പഠനറിപ്പോർട്ട് തയാറാക്കി സർവേ നടപടികൾ പൂർത്തിയായാൽ മാത്രമേ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ കണ്ടെത്താനാവുകയുള്ളൂ. കുറ്റിപ്പുറം-പട്ടാമ്പി-കുളപ്പുള്ളി പാത 37.6 കി.മീ ദൂരമാണുള്ളത്. തീരദേശപാത യാഥാർഥ്യമായാൽ 32 കിലോമീറ്ററായി ചുരുങ്ങും. തിരക്കേറിയ പട്ടാമ്പി-പാലക്കാട് റൂട്ടിൽ നിന്നുള്ള മോചനവും സാധ്യമാവും. തൃശൂരിലേക്കുള്ള ബൈപാസായും പാത ഉപയോഗപ്പെടും. മഴക്കാലത്ത് വെള്ളം കയറി ഒറ്റപ്പെട്ടുപോവുന്ന കിഴായൂർ നമ്പ്രം പ്രദേശത്തിന് മികച്ച യാത്ര സൗകര്യം കൂടിയാവും തീരദേശപാത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.