നെന്മാറ: വേലയുടെ വെടിക്കെട്ടിനുള്ള അപേക്ഷ ജില്ല അഡിഷണൽ മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാൻ സംയുക്തമായി തീരുമാനിച്ചതായി നടത്തിപ്പുകാരായ നെന്മാറ- വല്ലങ്ങി ദേശ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വെടിക്കെട്ടിനായുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് വെടിക്കെട്ട് നടത്തുന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറി നിബന്ധനക്കനുസൃതമായ സംഭരണമുറി/ മഗസിന് (എല്‍.ഇ3 ലൈസന്‍സ്) ഉണ്ടായിരിക്കണമെന്നാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ച ഉത്തരവിൽ പറയുന്നത്.
ഇത് പ്രദര്‍ശന സ്ഥലത്തിന്റെ സ്കെച്ചില്‍ പ്രത്യേകം അടയാളപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള സംഭരണ മുറികള്‍ ഇവിടങ്ങളില്‍ ഇല്ല. തന്മൂലം സ്ഫോടക വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാതെ വരികയും അശ്രദ്ധവും അശാസ്ത്രീയവുമായ സ്ഫോടക വസ്തുക്കളുടെ ഉപയോഗം വന്‍ അപകടത്തിന് കാരണമാവുകയും ചെയ്യും.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി വന്‍ ജനസഞ്ചയം തടിച്ചുകൂടുന്ന ക്ഷേത്ര പരിസരത്ത് ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസസ്മെന്റ് പ്ലാന്‍, ഓണ്‍സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. അപേക്ഷയോടൊപ്പം വിദഗ്ധ ഏജന്‍സി മുന്‍കൂട്ടി തയ്യാറാക്കിയ റിസ്ക് അസസ്മെന്റ് പ്ലാനും അപേക്ഷകര്‍ ഹാജരാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സ്ഫോടകവസ്തുക്കളുടെ സാമ്പിളുകള്‍ രാസപരിശോധനക്ക് വിധേയമാകാത്ത സാഹചര്യത്തില്‍ ദുരന്ത സാധ്യതയും സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബ്ദമലിനീകരണവും വിലയിരുത്തുക സാധ്യമല്ല. പ്രദര്‍ശനത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍ എറണാകുളം കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ച് നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഇപ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടില്ല. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ക്ക് പുറമേ വെടിക്കെട്ട് നടക്കുന്ന തീയതിക്ക് രണ്ട് മാസം മുമ്പാണ് അപേക്ഷിക്കേണ്ടത്. ഇത്തരത്തില്‍ അപേക്ഷസമര്പ്പിച്ചില്ലെങ്കിൽ റിസ്ക് അസസ്മെന്റ് സ്റ്റഡി നടത്താനോ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കാനോ സാധിക്കാതെ വരില്ല. ഈ സാഹചര്യത്തിലാണ് ഏപ്രിൽ രണ്ടിന് ആഘോഷിക്കപ്പെടുന്നെ നെന്മാറ- വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതെന്ന് ഉത്തരവിൽ പറയുന്നു.
നെന്മാറ: ഏപ്രിൽ രണ്ടിന് നടക്കുന്ന നെന്മാറ-വല്ലങ്ങി വേല അവലോകന യോഗം ചേർന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല. വേല കമ്മിറ്റി ഭാരവാഹികൾ, പൊലീസ്, അഗ്നിരക്ഷസേന, ആരോഗ്യം, വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, എക്സൈസ്, സാമൂഹിക വനവത്കരണ വിഭാഗം, റവന്യൂ, ശുചിത്വമിഷൻ, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത്, ദേവസ്വം തുടങ്ങി 60 വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. നെന്മാറ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ചിറ്റൂർ തഹസിൽദാർ പി.എം. മായ അധ്യക്ഷത വഹിച്ചു. ആലത്തൂർ ഡിവൈ.എസ്.പി എ.കെ. വിശ്വനാഥൻ, ചിറ്റൂർ താലൂക്ക് എച്ച്.ക്യൂ.ഡി.ടി കെ. രാധാകൃഷ്ണൻ, വേല കമ്മിറ്റി ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
സുരക്ഷാ-ഗതാഗത ക്രമീകരണത്തിനായി അഞ്ച് ഡി.വൈ.എസ്.പിമാരുൾപ്പെടെ 1800 പൊലീസുകാരും കൺട്രോൾ റൂമുകളും പ്രവർത്തിക്കും. അഗ്നിരക്ഷാ സേനയുടെ നാല് യൂനിറ്റുകളും, നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അത്യാഹിത വിഭാഗത്തിൽ പകൽ അഞ്ചും രാത്രി നാലും ഡോക്ടര്‍മാരുടെ പ്രത്യേക സംഘവും ഏഴ് ആംബുലന്‍സിന്റെ സേവനവും ഉണ്ടാകുമെന്ന് ആരോഗ്യ വിഭാഗം യോഗത്തിൽ അറിയിച്ചു.
വേലയുടെ ഭാഗമായി തുടര്‍ച്ചയായി ശുദ്ധജല വിതരണവും കൂടുതൽ പൊതു കുടിവെള്ള ടാപ്പുകളും സ്ഥാപിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂടുതൽ ശുചീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തും. വൈദ്യുതി വിതരണം കാര്യക്ഷമാക്കാൻ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ പ്രത്യേക യൂനിറ്റുകള്‍ വാഹനങ്ങളും ജീവനക്കാരുമായി പ്രവര്‍ത്തിക്കും.
എക്സൈസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏപ്രിൽ 1, 2, 3, ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്, മേഖലയിൽ എക്സൈസ് പട്രോളിങ് സംവിധാനവും ഏർപ്പെടുത്തുമെന്ന് അറിയിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം ആനകളുടെ ആരോഗ്യ പരിപാലന ചുമതലകൾ നിരീക്ഷിക്കും. ഗതാഗത സംവിധാനങ്ങളും മറ്റും മോട്ടോർ വാഹന വകുപ്പ് നിരീക്ഷിക്കും. ആവശ്യമായ കൂടുതൽ ക്രമീകരണങ്ങൾ അതത് വകുപ്പുകളുടെ നേതൃത്വത്തിൽ നടത്താനും യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.