കൊല്ലങ്കോട്: വെള്ളച്ചാട്ടം കാണാൻ സന്ദർശകരുടെ ഒഴുക്ക് തുടരുന്നതിനിടെ തിരക്ക് നിയന്ത്രിച്ച് അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. മഴ ശക്തമായതോടെ തെന്മലയോരത്ത് വെള്ളച്ചാട്ടങ്ങൾ കാണാൻ എത്തുന്നവരുടെ തിരക്ക് വർധിക്കുകയാണ്.
വനമേഖലയിലുള്ള വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുന്നവർ അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്. മുൻകരുതൽ സംവിധാനം ഒന്നുമില്ലാത്ത ഇൗ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ മൂന്നുപേർ മുങ്ങി മരിച്ചിരുന്നു.
സീതാർകുണ്ട് വെള്ളച്ചാട്ടം കാണാൻ എത്തുന്നവരിൽ ചിലർക്ക് വെള്ളച്ചാട്ടത്തിൽ വീണ് സാരമായ പരിേക്കറ്റിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സീതാർകുണ്ട് വെള്ളച്ചാട്ടത്തിെൻറ അപകടകരമായ ഗർത്തത്തിനടുത്തു വരെ വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ഇത് വലിയ അത്യാഹിതം ക്ഷണിച്ചുവരുത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. മദ്യപ ശല്യവും പലപ്പോഴും ഉണ്ടാവാറുണ്ട്.
കുരുത്തിച്ചാലിലേക്കുള്ള സന്ദർശനത്തിന് നിയന്ത്രണം
മണ്ണാർക്കാട്: കുരുത്തിച്ചാലിൽ സന്ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ലോക്ഡൗണ്‍ മാനദണ്ഡങ്ങളും അപകട മുന്നറിയിപ്പുകളും അവഗണിച്ച് കുരുത്തിച്ചാല്‍ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് അധികൃതരുടെ നടപടി. പ്രദേശത്തെ റവന്യൂ വകുപ്പിെൻറ ചെക്പോസ്റ്റില്‍ രണ്ട് പൊലീസുകാരെ വിന്യസിക്കാന്‍ തീരുമാനിച്ചു. വിനോദ സഞ്ചാരികളുടെ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനുമായി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പുയോഗത്തിലാണ് തീരുമാനം.
വനംവകുപ്പിെൻറ അധീനതയിലുള്ള സ്ഥലങ്ങളിലൂടെയുള്ള സന്ദര്‍ശകരുടെ അനധികൃത പ്രവേശനം തടയുന്നതിന് വകുപ്പ് മുന്‍കൈയെടുക്കും. കുരുത്തിച്ചാലില്‍ പ്രാഥമികമായി സുരക്ഷ ഒരുക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിനോദ സഞ്ചാരവകുപ്പിന് കീഴിൽ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി തുരുത്തിച്ചാലിനെ മാറ്റുകയാണ് വേണ്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു. ഇക്കാര്യം വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം.എല്‍.എ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മേരി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര, വിവിധ വാര്‍ഡ് മെംബര്‍മാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.പി.എസ്. പയ്യനെടം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണന് നായര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.