ആലത്തൂർ: മഴ കുറയുകയും വെയിൽ തെളിയുകയും മൂടിക്കെട്ടിയ കാലാവസ്ഥയുമായതിനാൽ നെൽപ്പാടങ്ങളിൽ ബാക്ടീരിയൽ ഓലകരിച്ചിൽ രോഗം വരാൻ സാധ്യതയെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പ്. ആലത്തൂർ കൃഷിഭവൻ വിള ആരോഗ്യകേന്ദ്രം വിദഗ്ധർ പാടശേഖരങ്ങളിൽ നടത്തിയ പരിശോധനയിലാണ് ചിലയിടങ്ങളിൽ ഈ രോഗസൂചന കാണപ്പെട്ടത്. വിതയും നടീലും നടത്തിയ പാടങ്ങളിലും രോഗം കാണുന്നുണ്ട്.
മണ്ണിലെ അമ്ലത കൂടിയ പാടങ്ങളിൽ വേരിനോട് ചേർന്ന തണ്ടിൽ കുമിൾ രോഗബാധകൂടി കാണപ്പെടുന്നുണ്ട്. നെല്ലിന്റെ തണ്ടിന് ചുറ്റും അഴുകിയപോലെ കറുത്ത നിറത്തിൽ കാണപ്പെടുകയും തണ്ടും വേരുകളും ഉൾപ്പെടെ നുരികൾ നശിക്കുന്നതാണ് ലക്ഷണം. നട്ട ഉടനുള്ള നെൽച്ചെടികളിൽ ‘ക്രെസക്’ രോഗലക്ഷണങ്ങളാണ് കാണപ്പെടുന്നത്. നുരിയിലെ പുറമെയുള്ള നെൽച്ചെടികളിൽ ഓലകൾക്ക് ആദ്യം പച്ചനിറത്തിലുള്ള വാട്ടം വരുകയും തുടർന്ന് ഉണങ്ങി വയ്ക്കോൽ പോലെ ആകുന്നതുമാണ് ലക്ഷണം. പാടത്തെ ഏതെങ്കിലും ഒരുഭാഗത്തെ ചില ചെടികളിൽ മാത്രമാണ് ആദ്യം ലക്ഷണം കാണുന്നത്. പിന്നീട് വെള്ളത്തിലൂടെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നു. ഇലപ്പേൻ, മണ്ഡരി കീടബാധ ഉണ്ടായ പാടങ്ങളിൽ അവ നെല്ലോലയിൽ ഉണ്ടാക്കിയ മുറിവുകളിലൂടെ അതിവേഗം ചെടികളിലേക്ക് എത്തും.
രോഗബാധ രൂക്ഷമായാൽ ‘ബാക്ടീരിയ ലോഡ്’ അനുകൂല കാലാവസ്ഥയിൽ പെട്ടെന്ന് വർധിക്കുകയും മണ്ണിലൂടെയും വെള്ളത്തിലൂടെയും കാറ്റിലൂടെയും അതിവേഗം പടരുകയും ചെയ്യും. കൃത്യമായ മുന്നൊരുക്കം നടത്തിയാൽ രോഗബാധ കുറക്കാനും വ്യാപനം തടയാനും സാധിക്കും.
പരിഹാരമായി ബ്ലീച്ചിങ് പൗഡർ ഏക്കറിന് അഞ്ച് കിലോ ചെറിയ കിഴികളിലാക്കി വെള്ളം വരുന്ന കഴായിൽ ഇടണം. കരിച്ചിൽ കാണുന്ന നുരികൾക്ക് ചുറ്റിലും കിഴി കെട്ടി ഇടുക. 20 ഗ്രാം സ്യുഡോമോണസ്, ഒരു കിലോ പുതിയ ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി രോഗബാധ കാണുന്ന സ്ഥലത്ത് തളിച്ചുകൊടുക്കുക. രോഗം കൂടുതൽ കാണുന്നുവെങ്കിൽ കെ സൈക്ലിൻ ബാക്ടീരിയൽ നാശിനി ഏക്കറിന് 30 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കേണ്ടിവരും.
ഓലകരിച്ചിൽ രോഗം കൂടുതൽ കാണപ്പെടുകയാണെങ്കിൽ സ്ട്രെപ്റ്റോമൈസിൻ സൾഫേറ്റ്, ടെട്രാസൈക്ലിൻ ഹൈഡ്രോക്ലോറൈഡ് അടങ്ങിയ ബാക്ടീരിയൽ നാശിനി ഏക്കറിന് 30 ഗ്രാം വീതം 100 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കൊടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ആലത്തൂർ കൃഷിഭവനിലെ വിള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആലത്തൂർ കൃഷി ഓഫിസർ എം.വി. രശ്മി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.