ഒറ്റപ്പാലം: വർഷങ്ങൾക്ക് മുമ്പ് ഒറ്റപ്പാലം നഗരസഭ വാങ്ങിക്കൂട്ടിയ ടാർ ബാരലുകൾ ഉപയോഗമില്ലാതെ പാതയോരത്ത് നശിക്കുന്നു. ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റോഡിൽ നഗരസഭ കാര്യാലയ പരിസരത്താണ് പാതയിലേക്ക് കൈയേറിയ നിലയിലും ചോർച്ച ബാധിച്ച അവസ്ഥയിലും ടാർ ബാരലുകളുള്ളത്.
നഗരസഭയുടെ പ്രവൃത്തി ദിവസങ്ങളിൽ ഇവിടെയെത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിങ്ങിന് ഇടമില്ലാതെ അലയേണ്ടിവരുന്നവരുടെ ശാപവും ഏറ്റുവാങ്ങുന്നത് നഗരസഭ പരിസരത്തെ സ്ഥലം മുടക്കികളായ ടാർ ബാരലുകളാണ്.
വാഹനങ്ങൾക്കും കാൽനടക്കാർക്കും മാർഗ തടസ്സം തീർക്കുന്ന ബാരലുകളിൽനിന്ന് കൊടും വേനലിൽ ടാർ തിളച്ച് റോഡിലേക്കും മറ്റും ഒലിച്ചിറങ്ങുന്നത് വർഷങ്ങളായി അനുഭവപ്പെടുന്ന മറ്റൊരു ദുരിതമാണ്.
2018 -19 വർഷത്തെ റോഡ് നവീകരണ പ്രവർത്തികളുടെ ഭാഗമായി അമിത വില നൽകി വാങ്ങിക്കൂട്ടിയ 6,730 കിലോ ടാറാണ് ഇങ്ങനെ നശിക്കുന്നത്. അക്കാലത്ത് ഒരു ടണ്ണിന് ഏതാണ്ട് 45,000 രൂപയായിരുന്നു വില. നഗരസഭയുടെ കണക്കിൽ 2,87,231 രൂപയാണ് ഇതിന് നൽകിയ വില.
20 ലേറെ ബാരലുകളിലായി കെട്ടിക്കിടക്കുന്ന ടാർ കാലപ്പഴക്കത്താൽ ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നും പറയുന്നുണ്ട്. 2021 - 22 വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റിൽ ടാർ ക്രമീകരിക്കണമെന്ന് നഗരസഭയോട് നിർദേശിച്ചിരിക്കുകയാണ്.
ടാറിങ് പ്രവൃത്തികൾക്ക് ഉപയോഗിക്കുക ഫലപ്രദമല്ലാത്തതിനാൽ ലേലം ചെയ്ത് ഒഴിവാക്കണമെന്ന് ഓവർസിയറും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊല്ലാപ്പായി മാറിയ ടാറിൽനിന്ന് തടിയൂരാനുള്ള ശ്രമത്തിലാണ് നഗരസഭ.
ഇതിന്റെ ഭാഗമായി കഴിഞ്ഞ കൗൺസിൽ യോഗം ടാർ ലേലം അംഗീകരിച്ചു.
ലേലത്തിൽനിന്ന് തുക പൂർണമായി ലഭിക്കില്ലെന്നിരിക്കെ ബാക്കി വരുന്ന നഷ്ടം ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കുമെന്ന സൂചനയാണ് നഗരസഭ അധികൃതർ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.