ഒറ്റപ്പാലം: വാഹനങ്ങൾ നിർത്തിയിടാൻ ഇടമില്ലാത്തതുമൂലം വീർപ്പുമുട്ടുന്ന ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്കിങ് സൗകര്യം വിപുലീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. വർഷങ്ങളായി ഒറ്റപ്പാലം നേരിടുന്ന പാർക്കിങ് പ്രശ്നത്തിന് ഇതിന്റെ പൂർത്തീകരണത്തോടെ തെല്ല് ആശ്വാസമാകും.
റെയിൽവേയുടെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാർക്കിങ് സ്ഥലം വിപുലീകരണം നടക്കുന്നത്. സ്റ്റേഷന് സമീപത്തെ പാതയോരത്തെ നിലവിലെ പാർക്കിങ് സ്ഥലവും എതിർവശത്തുള്ള റെയിൽവേ ക്വാർട്ടേഴ്സിന് സമീപമുള്ള സ്ഥലവുമാണ് പാർക്കിങ്ങിന് സൗകര്യപ്പെടുത്തുന്നത്.
നിർമാണ പ്രവൃത്തികളുടെ ഭാഗമായി നിലവിലെ സ്ഥലത്തെ വാഹന പാർക്കിങ് നിർത്തലാക്കി. പാർക്കിങ് സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ പൂർണമായും മുറിച്ചുനീക്കി. റെയിൽവേ ക്വാർട്ടേഴ്സ് പരിസരത്തെ നിലം നിരപ്പാക്കുന്നതുൾപ്പെടെ പണികളാണ് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ നടക്കുന്നത്. വാഹന പാർക്കിങ്ങിന് താൽക്കാലികമായി മെറ്റൽ യാർഡിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റാനുതകുന്ന നവീകരണ പ്രവൃത്തികളാണ് ലക്ഷ്യമിടുന്നത്.
ഇതിനായി 7.58 കോടി രൂപയാണ് പദ്ധതിരേഖ പ്രകാരം അനുവദിച്ചിരിക്കുന്നത്. നിർമാണ പ്രവൃത്തികൾക്ക് 6.02 കോടി രൂപയും വൈദ്യുതക്രമീകരണങ്ങൾക്കായി 1.17 കോടി രൂപയും ടെലികോം നവീകരണത്തിന് 39 ലക്ഷം രൂപയുമുൾപ്പടെയാണിത്.
പാർക്കിങ് കേന്ദ്രങ്ങളുടെ നവീകരണത്തിന് പുറമെ രണ്ട് പ്ലാറ്റുഫോമുകളുടെയും സമ്പൂർണ മേൽക്കൂര നിർമാണം, സ്റ്റേഷൻ പ്രവേശന കവാടത്തിന്റെ നവീകരണം, കാത്തിരിപ്പ് മുറികൾ, ശൗചാലയം, ലഘുഭക്ഷണ ശാലകൾ, നടപ്പാത നവീകരണം തുടങ്ങിയവ പ്രവൃത്തികളിൽ ഉൾപ്പെടും. ഒറ്റപ്പാലം സ്റ്റേഷനെ റെയിൽവേ മന്ത്രാലയം അവഗണിക്കുകയാണെന്ന ആക്ഷേപം നിലനിൽക്കെയാണ് സ്റ്റേഷൻ നവീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.