ആലത്തൂർ: എരിമയൂർ മന്ദത്ത് ഭഗവതി വേട്ടക്കരുമൻ ക്ഷേത്രങ്ങളിലെ വാർഷികോത്സവമായ കുമ്മാട്ടി ആഘോഷിച്ചു. വെള്ളിയാഴ്ച പുലർച്ച മുതൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ തുടങ്ങി. ഉച്ചക്ക് ഈടുവെടിക്കും കേളിക്കും ശേഷം മൂലസ്ഥാനമായ പൂങ്കുളമ്പിൽനിന്ന് ആന എഴുന്നള്ളിപ്പ് പുറപ്പെട്ടു. അഞ്ചരയോടെ പന്തലിൽനിരന്നു.
മേളത്തിനുശേഷം ദീപാരാധന കഴിഞ്ഞ് അവകാശ വേലകളും ദേശവേല എഴുന്നള്ളിപ്പും ക്ഷേത്രത്തിൽ പ്രവേശിച്ചിറങ്ങിയതോടെ പകൽവേലയുടെ ചടങ്ങുകൾ സമാപിച്ചു. രാത്രി ഇരട്ടത്തായമ്പകയും ശനിയാഴ്ച പുലർച്ച പൊട്ടിവേലയും അവകാശ-ദേശ വേലകളും ക്ഷേത്രത്തിൽ പ്രവേശിച്ച് തിരിച്ചിറങ്ങുന്നതോടെ കുമ്മാട്ടി സമാപിക്കും.
ആലത്തൂർ: തരൂർ എന്ന പഴയ നാടുവാഴി ഗ്രാമത്തിന്‍റെ വാർഷിക ക്ഷേത്രോത്സവമായ വേല ആഘോഷിച്ചു. പുതക്കോട്-കുറുംബ ക്ഷേത്രങ്ങളിലെ ആഘോഷമാണ് വേല. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെയായിരുന്നു ചടങ്ങുകൾ.
മീനമാസത്തിലെ തിരുവാതിര നാളിലാണ് ആഘോഷം. ആറ് ദിവസം മുമ്പ് കൊടിയേറ്റം നടത്തിയതോടെയാണ് തുടക്കമായത്.
നാഗസ്വര കേച്ചേരി, സന്ധ്യാവേല എന്നിവ കൊടിയേറ്റം മുതൽ ദിവസവും നടന്നു. വെള്ളിയാഴ്ച രാവിലെ ഗണപതി ഹോമത്തോടെയാണ് പൂജകൾ തുടങ്ങിയത്. ഈടുവെടിക്കു ശേഷം പൊൻകുതിര എഴുന്നള്ളിപ്പും വൈകീട്ട് കുറുംബ ഭഗവതി ക്ഷേത്രത്തിൽനിന്ന് മേളത്തോടെ വേലയും ആരംഭിച്ചു. മൂന്ന് ആനകളാണ് എഴുന്നള്ളിപ്പിൽ നിരന്നത്. രാത്രി എട്ടിന് നടന്ന ത വെടിക്കെട്ടോടെ പകൽ വേല സമാപിച്ചു.
ശനിയാഴ്ച പുലർച്ച ആരംഭിക്കുന്ന പൊട്ടിവേല വാദ്യമേളങ്ങളോടെ തുടങ്ങി എഴുന്നള്ളിപ്പുകൾ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് വെടിക്കെട്ടും നടത്തിയാണ് സമാപിക്കുക.
പാലക്കാട്: പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കൂത്തഭിഷേകം താലപ്പൊലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 6.30ന് ഈടുവെടിയോടെ ആഘോഷങ്ങൾ തുടങ്ങി. കലശാഭിഷേകം, കൊട്ടിപാടി സേവ, കാഴ്ചശീവേലി, പഞ്ചവാദ്യം, ഉച്ചപൂജ, കൊമ്പുപറ്റ്, കതിർകുട, പറവാദ്യം, പൂക്കാവടി, തപ്പിട്ട, തെയ്യം, തിറ തുടങ്ങിയവ നടന്നു.
ആലത്തൂർ: കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ശനിയാഴ്ച നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള കണ്യാർ വെള്ളിയാഴ്ച തുടങ്ങി. ശനിയാഴ്ച ഉച്ചക്ക് സമാപിക്കും.
പാണ-പറയ സമുദായങ്ങളാണ് കണ്യാറിന് നേതൃത്വം നൽകുന്നത്. നെല്ലിയാമ്പതി മലയിൽനിന്ന് കൊണ്ടുവരുന്ന മുളകൾ കുരുത്തോല തോരണങ്ങളാൽ അലങ്കരിച്ച ശേഷം വടക്കേതറ ദേശം പൂക്കൂളങ്ങര ക്ഷേത്രാങ്കണത്തിലും തെക്കേതറ ദേശം വേട്ടക്കരുമൻ ക്ഷേത്രാങ്കണത്തിലും കിഴക്കേതറ ദേശം കോവിലക പടിക്കലുമാണ് നാട്ടുന്നത്.
ശനിയാഴ്ച പുലർച്ചെ വടക്കേത്തറ ദേശക്കാരുടെ തമ്മിട്ടക്കലം മുഴക്കൽ ചടങ്ങിന് ശേഷം കിഴക്കേത്തറ ദേശത്തിന്റെ പൊട്ടിക്കളിയോടെയാണ് കുമ്മാട്ടിയുടെ ചടങ്ങുകൾ തുടങ്ങുക. സാമൂതിരി പടയോട്ടത്തിന്റെ സ്മരണയും ഭഗവതിയുടെ അനുഗ്രഹങ്ങളും ലഭിച്ചുവെന്ന ഐതിഹ്യവും ചരിത്രത്തിൽ അടയാളപ്പെടുത്തിയ ദേശ കൂട്ടായ്മയാണ് കുനിശ്ശേരിക്കാർക്ക് കുമ്മാട്ടി ആഘോഷം.
വടക്കേത്തറ, തെക്കേത്തറ, കിഴക്കേത്തറ ദേശങ്ങളാണ് ആഘോഷത്തിന് നേതൃത്വം നൽകുന്നത്. ശനിയാഴ്ച വൈകീട്ട് തെക്കേത്തറ, വടക്കേത്തറ ദേശങ്ങളുടെ ആന എഴുന്നള്ളിപ്പുകൾ പന്തലിൽ സംഗമിക്കും. ഈ സമയം ഇരുദേശങ്ങളുടെയും കുടമാറ്റം ചടങ്ങ് നടക്കും. പകൽ ആഘോഷത്തിലെ പ്രധാന ചടങ്ങാണ് കുടമാറ്റം. വെടിക്കെട്ട് ചുമതല കിഴക്കേത്തറ ദേശത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.