മാത്തൂർ: പാതയോരത്തെ അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ചുനീക്കാൻ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച് നിവേദനം നൽകിയപ്പോൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ മരത്തിൽ സീൽ ചെയ്ത് മടങ്ങിയതിൽ നാട്ടുകാർക്ക് പ്രതിഷേധം.
കോട്ടായി - കുഴൽമന്ദം പ്രധാന പാതയിൽ മാത്തൂർ പഞ്ചായത്ത് പരിധിയിൽപെട്ട അഗ്രഹാരം, ബംഗ്ലാവ് സ്കൂൾ, തണ്ണിക്കോട്, ചുങ്കമന്ദം, തണ്ണീരങ്കാട് തുടങ്ങിയ പ്രദേശങ്ങളിലെ പാതയോരത്തെ അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും വനംവകുപ്പിനും ജില്ല കലക്ടർക്കും കഴിഞ്ഞ മഴക്കാലത്ത് പരാതി നൽകിയതായും മരം മുറിച്ചുനീക്കാൻ ജില്ല കലക്ടർ ഉത്തരവിട്ട് ഒരു വർഷമായിട്ടും മുറിച്ചുനീക്കിയില്ലെന്നും മാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദ് പറയുന്നു.
അതേസമയം, മരം മുറിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പിൽ പണമില്ലെന്നും വനം വകുപ്പ് അധികൃതർ മരത്തിന്റെ വില നിശ്ചയിച്ച് തന്നില്ലെന്നുമാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.
മരം മുറിച്ചുമാറ്റുന്നതിനു പകരം പാതയോരത്തെ മരങ്ങളിൽ സീൽ വെച്ച് സ്ഥലം വിടുകയാണ് അധികൃതർ ചെയ്തതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ബുധനാഴ്ച വൈകുന്നേരം മാത്തൂർ ചുങ്കമന്ദത്ത് പാതയോരത്തെ മരം കടപുഴകി വീണ് നിരവധി നാശനഷ്ടങ്ങളുണ്ടായി. മരത്തിന്റെ താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പാടെ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.