വടക്കഞ്ചേരി: പ്രതിഷേധം ശക്തമായതോടെ പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്ന് തൽക്കാലം ടോൾ പിരിക്കില്ല. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ശനിയാഴ്ച മുതൽ ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കരാർ കമ്പനി പിന്മാറി. ശനിയാഴ്ച രാവിലെ 10നാണ് ടോൾ പിരിക്കാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി പ്രദേശവാസികൾക്കായി അനുവദിച്ച ട്രാക്കിലെ സെൻസർ അരമണിക്കൂറോളം ഓണാക്കിയതിനെ തുടർന്ന് കടന്നുപോയ പലരുടെയും പണം നഷ്ടമായി. ഇതിനിടെ സമരക്കാർ ഇടപെട്ട് സെൻസർ തിരിച്ച് വെക്കാനും ചാക്കിട്ട് മൂടാനും ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. കരാർ കമ്പനി അധികൃതരുമായി പി.പി. സുമോദ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം ടി.എം. ശശി, ഏരിയ സെക്രട്ടറി ടി. കണ്ണൻ, ആലത്തൂർ ഡിവൈ.എസ്.പി എന്നിവർ ചർച്ച നടത്തിയതിനെ തുടർന്നാണ് ആഗസ്റ്റ് 15 വരെ ടോൾ പിരിക്കേണ്ടെന്ന് തീരുമാനിച്ചത്.
രമ്യ ഹരിദാസ് എം.പിയും കരാർ കമ്പനി അധികൃതരുമായി ചർച്ച നടത്തി. ജൂലൈ 15ന് നിയമസഭ സമ്മേളനം ആരംഭിക്കുമ്പോൾ എം.എൽ.എമാരായ പി.പി. സുമോദും കെ.ഡി. പ്രസേനനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകി. ആഗസ്റ്റ് 15നകം പ്രശ്നം പരിഹരിക്കാമെന്ന് കാണിച്ച് എം.എൽ.എ കരാർ കമ്പനിക്ക് രേഖാമൂലം കത്ത് നൽകി. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് എം.പിയും ഉറപ്പ് നൽകി.
2022 മാർച്ച് ഒമ്പതിന് ടോൾ പിരിവ് ആരംഭിച്ചത് മുതൽ നിരവധി തവണ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കാനുള്ള ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റുകയായിരുന്നു. സി.പി.എം, കോൺഗ്രസ്, വടക്കഞ്ചേരി, പന്തലാംപാടം ജനകീയ സമിതി പ്രവർത്തകരും ശനിയാഴ്ച സമരത്തിനെത്തിയിരുന്നു. ആലത്തുർ ഡിവൈ.എസ്.പി ആർ. അശോകൻ, വടക്കഞ്ചേരി സി.ഐ കെ.പി. ബെന്നി, നെന്മാറ സി.ഐ എം. മഹേന്ദ്രസിംഹൻ, വടക്കഞ്ചേരി എസ്.ഐ ജീഷ്മോൻ വർഗീസ്, മംഗലംഡാം എസ്.ഐ ജെ ജമേഷ് എന്നിവരുടെ നേത്യത്വത്തിൽ വടക്കഞ്ചേരി, ആലത്തൂർ, മംഗലംഡാം, നെന്മാറ സ്റ്റേഷനുകളിൽനിന്ന് വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.