പാലക്കാട്: ശോച്യാവസ്ഥയിലായ പാലക്കാട് നഗരസഭ സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ വലയുന്നു. 2002ൽ നിർമിച്ച ബസ് സ്റ്റാൻഡിലെ നടപ്പാതയടക്കം ഇരിപ്പിടങ്ങൾ വരെ പൊട്ടിപൊളിഞ്ഞ നിലയിലാണ്. ബസ് സ്റ്റാൻഡിനുള്ള ശുചിമുറി ഉപയോഗശൂന്യമായ നിലയിലാണ്.
ക്ലോസെറ്റിനുള്ളിലെ ടൈലുകൾ പൊട്ടി നശിച്ചിട്ടുണ്ട്. അതിനുള്ളിൽ കുപ്പികൾ നിറഞ്ഞിരിപ്പാണ്. ഇതിനാൽ ശുചിമുറിയുടെ വാതിലുകൾ അടക്കാൻ പറ്റാത്ത സാഹചര്യമാണ്. ശുചിമുറിയിൽനിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യം കാരണം സ്റ്റാൻഡിനുള്ളിലെ കച്ചവടക്കാർക്കും യാത്രക്കാർക്കും മൂക്കുപൊത്തേണ്ട അവസ്ഥയാണ്.
ബസ് സ്റ്റാൻഡിലെ മാലിന്യം നീക്കാനോ പരിസരം വൃത്തിയാക്കാനോ നടപടിയില്ല. ഇതുമൂലം എലികൾ സ്റ്റാൻഡ് പരിസരങ്ങളിൽ പെരുകുകയും അവ കച്ചവടക്കാർക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
സ്റ്റാൻഡിനുള്ളിലെ ബൾബുകൾ പ്രവർത്തിക്കാത്തതിനാൽ രാത്രി യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനകം നിരവധി പരാതികളാണ് നഗരസഭക്ക് മുന്നിൽ വന്നത്. എന്നാൽ നടപടി സ്വീകരിക്കുന്നതിൽ വിമുഖതയാണെന്ന് സ്റ്റാൻഡിലെ കച്ചവടക്കാർ ആരോപിക്കുന്നു.
പാലക്കാട് മുനിസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിലവിലെ സ്റ്റാൻഡിനു സമീപം പുതിയ ടെർമിനലിന്റെ നിർമാണം 2019 ൽ ആരംഭിച്ചെങ്കിലും രണ്ടു വർഷമായി നിർമാണം നിലച്ച അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.