പാലക്കാട്: നഗരത്തിലെ തിരക്കേറിയ സ്റ്റേഡിയം കൽമണ്ഡപം റോഡിൽ കാൽനടയാത്രക്കാർ ഭീതിയിൽ. സ്ലാബുകളില്ലാത്ത അഴുക്കുചാലുകളും റോഡരികിലെ അനധികൃത പാർക്കിങ്ങിനും പുറമെ റോഡിലെ വെളിച്ചക്കുറവും യാത്രക്കാർക്ക് ദുരിതം തീർക്കുന്നു. ഒരുകാലത്ത് ജില്ലയിലെ പ്രധാന വ്യാവസായിക കേന്ദ്രമായിരുന്ന കൽമണ്ഡപം സുൽത്താൻപേട്ട റോഡിൽ ഇപ്പോൾ ഗതാഗതത്തിരക്കേറെയാണ്.
ആദ്യകാലങ്ങളിൽ സുൽത്താൻപേട്ട ഭാഗത്തുനിന്നും കൽമണ്ഡപം ഭാഗത്തേക്കുമാത്രമാണ് ബസ് സർവിസുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വാളയാർ, കൊഴിഞ്ഞാമ്പാറ ബസുകളെല്ലാം സ്റ്റേഡിയം സ്റ്റാൻഡിലെത്തുന്നത് കൽമണ്ഡപം-സ്റ്റേഡിയം റോഡിലൂടെയാണ്. ഈ റോഡിന്റെ ഇരുവശത്തും മിക്കയിടത്തും അഴുക്കുചാലുകൾക്കു സ്ലാബുകളില്ലാത്തത് സുരക്ഷഭീഷണി ഉയർത്തുന്നു. റോഡരികിൽ ചെടികൾ വളർന്നുനിൽക്കുന്നതിനാൽ കാൽനടയാത്രക്കാർ ഇവ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുറപ്പ്.
സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്ത് വാലിപ്പറമ്പ് റോഡ് തിരിയുന്നതിന് മുന്നിൽ അഴുക്കുചാലിലെ സ്ലാബുകളില്ലാതായിട്ട് മാസങ്ങളായി. ഈ റോഡിന്റെ ഇരുവശങ്ങളിലും ആദ്യകാലത്തെ സോഡിയം വേപ്പർ ലാംപുകളും മെർക്കുറു ട്യൂബുകളുമാണെന്നിരിക്കെ മിക്കയിടത്തും ഇരുട്ടായാൽ വെളിച്ചക്കുറവാണ്. മണലി ജങ്ഷനിൽ സിഗ്നൽ സംവിധാനമില്ലാത്തതും വിദ്യാർഥികൾക്കടക്കം ദുരിതമാണ്. റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി വൻകിട വ്യാപാര സ്ഥാപനങ്ങളുള്ളതിനാൽ റോഡരികിൽ അനധികൃത പാർക്കിങ് പതിവാണ്.
ഇതിനുപുറമെ കൽമണ്ഡപം ഭാഗത്തുനിന്നും സ്റ്റേഡിയത്തേക്കുള്ള സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്. സ്റ്റേഡിയം കൽമണ്ഡപം റോഡിൽ അഴുക്കുചാലുകൾക്കു മുകളിൽ തകർന്ന സ്ലാബുകൾ മാറ്റിയും ഇല്ലാത്തിടത്ത് പുതിയവ സ്ഥാപിക്കുകയും മണലി ജങ്ഷനിൽ സിഗ്നൽ സംവിധാനം സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ തിരക്കേറിയ കൽമണ്ഡപം റോഡിൽ കാൽനടയാത്രക്കാർക്കും സുരക്ഷിതയാത്ര സാധ്യമാവൂവെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.