വടവന്നൂർ: തരിശിട്ട നെൽപാടത്തിലെ കുറ്റിക്കാട്ടിലുള്ള പന്നികൾ രണ്ടേക്കർ ഞാറ്റടി നശിച്ചു. ഊട്ടറ, മേനങ്കത്ത് പാടശേഖര സമിതിയിലാണ് രണ്ട് പ്രദേശങ്ങളിലായി 15 ഏക്കറിലധികം ഇരുപൂവൽ നെൽപാടം ആറ് വർഷത്തിലധികമായി തരിശിട്ടതിനാൽ കാടുമൂടി പന്നികളുടെ വാസസ്ഥലമായി മാറിയത്. ഈ പ്രദേശങ്ങളിൽ നിന്നാണ് പന്നികൾ നെൽപാടങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നത്. തരിശിട്ട നെൽപ്പാടങ്ങളിലെ കുറ്റിക്കാട്ടുകളിൽ വളരുന്ന പന്നികൾ രാത്രിയെത്തി കൃഷി നശിപ്പിക്കുകയാണ്.
മൂന്ന് ദിവസമായി ആർ. രവീന്ദ്രന്റെ രണ്ടാം വിളക്ക് തയാറാക്കിയ ഞാറ്റടികൾ പന്നികൾ കയറി നശിപ്പിച്ചു. ഇതുമൂലം ഇരുപതിനായിരത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അമ്പതിലധികം കാട്ടുപന്നികളാണ് തരിശിട്ട നെൽപ്പാടങ്ങളിൽ വളർന്ന കുട്ടിക്കാട്ടിൽ ഉള്ളത്. കാട്ടുപന്നികളെ ഓടിക്കാനോ വേട്ടയാടാനോ സർക്കാർ നിയോഗിച്ച അംഗീകാരമുള്ള ഏജൻസികൾ എത്താത്തതും പന്നിശല്യം വർധിക്കാൻ കാരണമായതായി മേനങ്കത്ത് പാടശേഖരസമിതി ഭാരവാഹിയായ എസ്. കിഷോർ കുമാർ പറഞ്ഞു.
തരിശിട്ട നെൽപാടങ്ങൾ റിയൽ എസ്റ്റേറ്റുകാർ പ്ലോട്ടുകളാക്കി തിരിച്ച് വേലികെട്ടിയതിനാൽ മറ്റു കർഷകർക്ക് കാടുമൂടിയ പ്രദേശം വെട്ടിത്തെളിക്കാൻ സാധിക്കാത്തതായി നാട്ടുകാർ പറഞ്ഞു. എന്നാൽ, കൃഷിവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി തരിശു പാടങ്ങളിലെ കുറ്റിക്കാടുകൾ വെട്ടി പാട്ടത്തിന് നൽകി കൃഷിയോഗ്യമാക്കാമെന്നിരിക്കെ ഇവയൊന്നും നടത്താൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല എന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.