പാലക്കാട്: പൊങ്കൽ ആഘോഷങ്ങൾ അവസാനിച്ചതോടെ ഇറച്ചിക്കോഴി വില ഉയർന്നുതുടങ്ങി. കോഴിക്ക് കിലോഗ്രാമിന് 132 രൂപയാണ് വില. ഇറച്ചിയാണെങ്കിൽ 210 രൂപ. ഗ്രാമപ്രദേശങ്ങളിൽ വില ഇതിലും കൂടും. ജനുവരി അഞ്ചിന് 92 രൂപയും 10ാം തീയതി 82 രൂപയുമായി. 20 വരെ ഇതേ വിലയായിരുന്നു.
പൊങ്കൽ ആഘോഷങ്ങൾ കഴിഞ്ഞതോടെ മാംസാഹാരത്തിന് ആവശ്യക്കാർ കൂടുന്നതിനാലാണ് വില വർധനക്ക് കാരണമെന്ന് വ്യാപാരി വി.പി. സിദ്ദീഖ് പറഞ്ഞു. അതേസമയം, റമദാൻ ഉൾപ്പെടെ ഉത്സവ സീസൺ പ്രമാണിച്ച് കോഴിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി ഇതര സംസ്ഥാന ലോബികൾ വില കൂട്ടുകയാണെന്ന് ആക്ഷേപമുണ്ട്. ജില്ലയിൽ ദിവസേന ശരാശരി 2.4 ലക്ഷം കിലോ കോഴിയിറച്ചി വിൽക്കുന്നുണ്ടെന്നാണ് വ്യാപാരികളുടെ കണക്ക്.
ഉത്സവ, വിവാഹ സീസൺ സമയത്ത് വിൽപന നാലുലക്ഷം കിലോഗ്രാം വരെയെത്തും. സേലം, നാമക്കൽ, തിരുപ്പൂരിലെ പല്ലടം എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കൂടുതലും കോഴികളെ കൊണ്ടുവരുന്നത്. വരുംദിവസങ്ങളിൽ ചൂടുകൂടുന്നതുമൂലം ഉൽപാദനം കുറയും.
കേരളത്തിൽ ഉൾപ്പെടെ ഇറച്ചിക്കോഴിക്ക് ആവശ്യക്കാർ കൂടുകയും ചെയ്യും. കേരളത്തിൽ ആവശ്യമായ കോഴികളുടെ 15 ശതമാനം പോലും ഉൽപാദനമില്ല. തമിഴ്നാട്ടിൽ പതിനായിരത്തിലേറെ ഫാമുകളുണ്ട്. ഇതിൽ പലതും ഇപ്പോൾ വൻകിട കമ്പനികൾ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.