പാലക്കാട്: കോവിഡ് തീർത്ത പ്രതിസന്ധിക്ക് ശേഷം ഉണർവ് പ്രതീക്ഷിച്ച നിർമാണ മേഖലക്ക് വെല്ലുവിളിയായി വിലക്കയറ്റം. തൊഴിലാളി ക്ഷാമത്തിനൊപ്പം ഉത്പന്നങ്ങളുടെ വില കുത്തനെ ഉയരുക കൂടി ചെയ്തതോടെ അനിശ്ചിതത്വത്തിലായത് കരാറുകാരടക്കമുള്ളവരാണ്. നിശ്ചയിച്ചുറപ്പിച്ച തീയതിക്കകം പണി തീർക്കണമെങ്കിൽ പലരും പോക്കറ്റിൽനിന്ന് പണമിറക്കേണ്ട സ്ഥിതി. ലോണെടുത്തടക്കം വീടുവെക്കാനിറങ്ങിയ സാധാരണക്കാർക്കും വിലക്കയറ്റം ഇരുട്ടടിയാവുകയാണ്.
പോക്കറ്റ് കാലിയാക്കുന്ന സിമൻറ്
കെട്ടിട നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നുതന്നെ തുടരുകയാണ്. സിമൻറിന് മലബാർ സിമൻറ്സ് കഴിഞ്ഞദിവസം 20 രൂപ ചാക്കിൽ കുറച്ചിരുന്നു. ഇതോടെ മൊത്തവിലക്ക് ചാക്കിന് 380 ആയിരുന്നത് 360ഉം ചില്ലറ വിൽപ്പന ചാക്കിന് 420 രൂപ ആയിരുന്നത് 400ഉം ആയി കുറഞ്ഞിരുന്നു. എന്നാൽ അനാവശ്യമായി വില വർധിപ്പിച്ച ശേഷം 20 കുറച്ച് ആളുകളെ പറ്റിക്കുകയാണ് കമ്പനിയെന്ന് ലെൻസ്ഫെഡ് പാലക്കാട് എക്സിക്യൂട്ടിവ് അംഗം മണിശങ്കർ പറഞ്ഞു. കൃത്യമായ കാരണമൊന്നുമില്ലാതെയാണ് സിമൻറ് വില കുത്തനെ വർധിപ്പിച്ചത്. സ്വകാര്യ കമ്പനികളിൽ പ്രമുഖ ബ്രാൻഡുകൾ പോലും 340-350 നിരക്കിൽ സിമൻറ് എത്തിക്കുേമ്പാഴാണ് മലബാർ സിമൻറ്സ് കൊള്ള തുടരുന്നതെന്നും മണിശങ്കർ പറഞ്ഞു. ലോണെടുത്തും കടം വാങ്ങിയും സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനിറങ്ങിയവർ പലരും നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷയറ്റിരിപ്പാണ്. പല കെട്ടിടങ്ങളും നിശ്ചിത ബജറ്റിൽ പൂർത്തിയാക്കുന്നതിനാണ് ഉടമസ്ഥർ നിർമാതാക്കൾക്ക് കരാർ കൊടുത്തിരിക്കുന്നത്. എന്നാൽ കുതിച്ചുയരുന്ന വിലക്കൊപ്പം ചെലവും വർധിച്ചതോടെ സാമ്പത്തിക ദുരിതത്തിലായ പലരും നിർമാണം നിർത്തിെവച്ചു. വില കുറക്കുന്നതിനൊപ്പം മലബാർ സിമൻറ്സിെൻറ ഉത്പാദനം 25 ശതമാനം വർധിപ്പിച്ച് പൊതുവിപണിയിൽ ഇടപെടൽ നടത്തണമെന്നാണ് ആവശ്യമുയരുന്നത്.
വളയാതെ കമ്പിവില, നിറം മങ്ങി െപയിൻറ്
ലോക്ഡൗൺ പ്രതിസന്ധിയിൽ ഉയർന്ന സ്റ്റീലടക്കം ഉത്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്ന് കരാറുകാരനായ സംജിത് ഖാൻ പറഞ്ഞു. ജനലുകൾക്കുപയോഗിക്കുന്ന അലുമിനിയം ചതുരശ്ര അടിക്ക് 140 ഉണ്ടായിരുന്നിടത്ത് നിലവിൽ 240 രൂപയാണ്.
സ്റ്റീൽ വിലയും ഉയർന്ന് തന്നെ തുടരുകയാണ്. പി.വി.സിയുടെ വിലയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾകൊണ്ട് 30 ശതമാനമാണ് വിലയുയർന്നത്. പെയിൻറ് വിലയിലും സമാനമാണ് കാര്യങ്ങൾ. ടൈലാകെട്ട ചതുരശ്ര അടിക്ക് 40 രൂപയായിരുന്നിടത്ത് നിന്ന് 46 രൂപവരെ ഉയർന്നു.
വേണം സർക്കാർ ഇടപെടൽ
വിപണിയിലെ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ലെൻസ്ഫെഡ് അടക്കമുള്ള സംഘടനകളുടെ ആവശ്യം. നിലവിൽ പ്രതിസന്ധിയിലായ നിർമാണമേഖലയെ കരകയറ്റാൻ അതേ മാർഗമുള്ളൂവെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
ഏറ്റെടുത്ത പണികൾ പൂർത്തിയാക്കാൻ സാവകാശം തേടി കരാറുകാർ ഉടമകളെ സമീപിക്കുകയാണ്. ലോക്ഡൗണിന് ശേഷം അന്തർ സംസ്ഥാന തൊഴിലാളികളടക്കമുള്ളവർ തിരിച്ചെത്തിയാൽ മാത്രമേ മേഖലയിൽ ഉണർവുണ്ടാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.