മങ്കര: കാലവർഷം വൈകിയെത്തിയതോടെ വെള്ളം ലഭിക്കാത്ത നെൽപാടങ്ങളിൽ ഒന്നാംവിള നടീൽ തുടങ്ങി. മങ്കര കാളികാവ് പാടശേഖരത്തിന് കീഴിലുള്ള മാന്ദ പാടശേഖരത്തിലാണ് ഏറെ വൈകിയാണങ്കിലും ഞടീൽ ആരംഭിച്ചത്. ഒരു മാസം കഴിഞ്ഞ മൂപ്പ് കൂടിയ ഞാറാണ് കൃഷിയിറക്കുന്നത്. ഞാറ്റടി മൂപ്പ് കൂടിയതും മഴ ലഭിക്കാത്തതും കർഷകർക്ക് ദുരിതമായിട്ടുണ്ട്.
കനാൽ വെള്ളം ലഭിക്കാത്ത മേഖലയാണിത്. ഏകദേശം 150 ഏക്കർ നെൽകൃഷി വെള്ളം ലഭിക്കാത്തതിനാൽ കൃഷിയിറക്കാൻ കാലതാമസം നേരിട്ടു. വെള്ളം ഇല്ലാത്തതിനാൽ ഒരാഴ്ചയായി ട്രാക്ടററിക്കി ഉഴുതാൻ പോലും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയാണ് അൽപമെങ്കിലും ആശ്വാസമായത്. ട്രാക്ടർ ഒരാഴ്ചയിലേറെയായി ഇവിടെ കാത്തുകിടപ്പായിരുന്നു.
22 ദിവസത്തിൽ പറിച്ചെടുക്കേണ്ട ഞാറ്റടി ഒരു മാസം കഴിഞ്ഞാണ് പറിച്ചെടുക്കുന്നത്. സമീപ പാടശേഖരങ്ങളിലെല്ലാം കൃഷിയിറക്കി കഴിഞ്ഞു. കൃഷിയിറക്കാൻ വൈകിയതോടെ കൊയ്തെടുക്കാനും കാലതാമസം നേരിടുമെന്ന് കർഷകർ പറയുന്നു.
ആലത്തൂർ: കാലവർഷം ശക്തിപ്പെടാതെ ഇടക്കിടെ പെയ്യുന്ന ചാറ്റൽ മഴ കർഷകരെ കുഴക്കുന്നു. പൊടിവിത നടത്തിയ വയലിൽ കള നിറയുന്നതായി കർഷകർ പറഞ്ഞു. ഞാറ്റടി തയാറാക്കിയവർക്ക് നടാനുമായിട്ടില്ല. വിത നടത്തിയശേഷം ഇടക്കിടെ മഴ പെയ്യുന്നതിനാൽ നെൽചെടികൾ വളരുന്നുണ്ട്. എന്നാൽ, അതിനൊപ്പം കളകളും മുളച്ചുവരുന്നതാണ് കുഴക്കുന്നത്. കള രൂക്ഷമായ പാടങ്ങളിൽ പറിച്ചെടുക്കാൻ വലിയ ചെലവ് വരും. പറിച്ചെടുക്കണമെങ്കിൽ വയലിൽ വെള്ളം വേണം. കളകളെ ഒഴിവാക്കിയില്ലെങ്കിൽ വിളവിൽ കുറവും വരും.
സാധാരണഗതിയിൽ കള മുളച്ച് 15 ദിവസത്തിനുള്ളിൽ കളനാശിനി തളിച്ച് നശിപ്പിക്കാൻ കഴിയും. എന്നാൽ, കള വളർന്ന് മൂപ്പെത്തിയാൽ കളനാശിനി പ്രയോഗം കൊണ്ട് ഗുണം കിട്ടില്ല. ചാറ്റൽ മഴയിൽ കളനാശിനി പ്രയോഗം നടത്താൻ കഴിയില്ല. വയലിൽ വെള്ളം ഉണ്ടെങ്കിലേ കളനിയന്ത്രണം സാധ്യമാകുകയുള്ളൂ. കളനാശിനി തളിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വയലിൽ വെള്ളം നിറഞ്ഞാലേ കളകൾ നശിക്കുകയുള്ളൂ. നിലവിൽ കാലാവസ്ഥ അതിനും പ്രതികൂലമാണെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.