മുതലമട: നണ്ടൻകിഴായ മഹല്ലിലെ പള്ളിക്കഞ്ഞിയുടെ രുചിവൈഭവത്തിന് പിന്നിൽ രത്നാമണിയുടെ കൈപ്പുണ്യം. രണ്ട് പതിറ്റാണ്ടോളമായി റമദാനിൽ നണ്ടൻകിഴായ മഹല്ലുനിവാസികൾ രുചിക്കുന്നത് ഇവർ പാകംചെയ്ത പള്ളിക്കഞ്ഞിയാണ്. പറക്കുണ്ട് ഉണക്കാട്ട്ചള്ളയിൽ അപ്പുവിന്‍റെ ഭാര്യ രത്നാമണിയാണ് നണ്ടൻകിഴായ സുന്നത്ത് ജമാഅത്ത് ജുമാമസ്ജിദിൽ കഴിഞ്ഞ 18 വർഷമായി കഞ്ഞി തയാറാക്കുന്നത്.
ഇവരുടെ രുചിക്കൂട്ടുകളും വൃത്തിയും ജോലിയിലെ കൃത്യനിഷ്ഠയും ഒന്നുവേറെതന്നെ. മഹല്ലുവാസികളുമായുള്ള പതിറ്റാണ്ടുകളായുള്ള ആത്മബന്ധം ഇവരെ ഈ ജോലിയോട് അടുപ്പിച്ചുനിർത്തുന്നു. പട്ട, ഗ്രാമ്പു, ചെറിയ ഉള്ളി, സവാള, ഇഞ്ചി, പച്ചമുളക്, ജീരകം, മല്ലിയില, പൊതീനയില, നാളികേരം, കറിവേപ്പില, വെളിച്ചെണ്ണ, പച്ചരി, പുഴുക്കലരി തുടങ്ങി 18 ഇനങ്ങൾ ചേർത്താണ് കഞ്ഞി വെക്കുന്നത്.
തുടക്കത്തിൽ ഉള്ളി, തക്കാളി, പട്ട, ഗ്രാമ്പു എന്നിവയിട്ട് കഞ്ഞി വെക്കുന്ന ചെമ്പിലിട്ട് ഇളക്കി പാകത്തിലായാൽ വെള്ളം ഒഴിച്ചു തിളപ്പിച്ചശേഷം ആദ്യം പുഴുക്കലരിയും ശേഷം പച്ചരിയും ഉപയോഗിച്ച് അഞ്ച് മണിക്കൂർ എടുത്താണ് രത്നാമണിയും സഹായികളായ സഫിയ, ഷെമീർ എന്നിവരും ചേർന്ന് കഞ്ഞി തയാറാക്കുന്നത്. വേറിട്ട മണവും രുചിയുമുള്ള കഞ്ഞി വാങ്ങാൻ മഹല്ലുവാസികളും ഇതര മതസ്ഥർ ഉൾപ്പെടെ നിരവധി നാട്ടുകാരും എത്തുന്നു. 55-60 കിലോ അരിയാണ് ഒരു ദിവസം കഞ്ഞി തയാറാക്കാൻ വേണ്ടിവരുന്നത്. ഇതിനാവശ്യമായ ഉള്ളിയും മറ്റും തൊലിച്ച് തയാറാക്കാൻ മഹല്ല് സെക്രട്ടറി എൻ.എസ്. കമാലുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം സജീവമാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള മസ്ജിദിൽ ജാതി-മത ഭേഭമന്യേ റമദാനിൽ എത്തുന്ന എല്ലാ ആളുകൾക്കും വർഷങ്ങളായി മുടക്കമില്ലാതെ കഞ്ഞി വിതരണം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.