പാലക്കാട്: അനധികൃത നിർമാണം പൊളിക്കുന്നതിനു മുമ്പായി സുപ്രീംകോടതി നിർദേശിച്ച നടപടിക്രമം പാലിച്ചില്ലെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥരോ സ്വന്തം ചെലവിൽ പുനർനിർമാണം നടത്തേണ്ടിവരുമെന്ന് സർക്കാർ ഉത്തരവ്. പൊളിക്കുന്നതിനു മുമ്പ് നടപടിക്രമം പാലിക്കണമെന്ന 2024 നവംബർ 13ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശമുള്ളത്. പുനർനിർമാണം മാത്രമല്ല, ഉടമകൾക്ക് നഷ്ടപരിഹാരം കൂടി ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ നൽകേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പൊളിക്കലിനെതിരെ നിയമനടപടിക്ക് പോവുകയാണെങ്കിൽ പരമാവധി 15 ദിവസത്തെ സ്റ്റേ അനുവദിക്കാം. ഈ സമയപരിധിക്കകത്തുനിന്ന് അനധികൃത നിർമാണം ഉടമസ്ഥന് പൊളിച്ചുനീക്കാം. പിന്നീട് സ്റ്റേ അനുവദിക്കാനാകില്ല. ഉടമസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകാതെ പൊളിക്കൽ നടപടി സ്വീകരിക്കരുത്. നടപടിക്ക് 15 ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകിയിരിക്കണം. നോട്ടീസ് നൽകിയാൽ അക്കാര്യം ജില്ല കലക്ടറെ അറിയിച്ചിരിക്കണം. ഒരു മാസത്തിനകം ഇതുസംബന്ധിച്ച കാര്യങ്ങൾക്ക് നോഡൽ ഓഫിസറെ ചുമതലപ്പെടുത്തുകയും ഇ-മെയിൽ ഐഡി തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുകയും വേണം.
കാരണം കാണിക്കൽ നോട്ടീസിൽ അനധികൃത നിർമാണമാണെന്ന് തെളിയിക്കുന്ന വിശദ രേഖകൾ ചേർക്കുകയും നടപടി നേരിടുന്നയാളുമായി കൂടിക്കാഴ്ച നടത്തി ബന്ധപ്പെട്ട അധികാരികൾ വിശദീകരണം കേൾക്കുകയും വേണം. ആ ഹിയറിങ്ങിന്റെ വിശദാംശങ്ങൾ മിനിറ്റ്സിൽ രേഖപ്പെടുത്തണം. നടപടി നേരിട്ടയാളുടെ വിശദീകരണം എന്തുകൊണ്ട് തള്ളി എന്ന് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തമാക്കുകയും വേണം. ഭാഗികമായി പൊളിക്കണമെന്നാണ് ഉത്തരവെങ്കിൽ അക്കാര്യം വ്യക്തമാക്കുകയും പൊളിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. പൊളിക്കലിനു മുമ്പ് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കണം. പൊളിക്കുന്നത് വിഡിയോവിൽ ചിത്രീകരിക്കണം. പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കണം. വിഡിയോ, പരിശോധന റിപ്പോർട്ട് എന്നിവ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഇ-മെയിൽ വഴി കൈമാറുകയും വേണം. പൊതു ഇടത്തിലോ നടപ്പാതയിലോ ചവിട്ടുപടികളിലോ തണ്ണീർത്തടത്തിലോ ഉള്ള പൊളിക്കൽ നടപടികൾക്ക് ഇവ ബാധകമല്ല. മൂന്നു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങൾ അനധികൃത നിർമാണങ്ങൾ സംബന്ധിച്ചും അതിനെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ചും വിശദമാക്കി ഡിജിറ്റൽ പോർട്ടൽ തുടങ്ങുകയും വിവരം പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.