ചെമ്മണാമ്പതി: കാണാതായ ആദിവാസി യുവാക്കൾക്കായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചിൽ നടത്തി. ചപ്പക്കാട് ആദിവാസി കോളനി സ്വദേശികളായ സാമുവൽ (സ്റ്റീഫൻ -28), മുരുകേശൻ (28) എന്നിവരെയാണ് ആഗസ്റ്റ് 30ന് രാത്രി പത്തോടെ കാണാതായത്. രണ്ടു മാസത്തോളമായി പൊലീസ് നടത്തുന്ന തിരച്ചിലിെൻറ ഭാഗമായാണ് സമീപത്തെ സ്വകാര്യ തോട്ടങ്ങളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചിൽ നടത്തിയത്.
രണ്ടു മാസങ്ങൾക്കു മുമ്പ് 26 മഴക്കുഴികൾ സ്വകാര്യ തോട്ടങ്ങളിൽ നിർമിച്ചതായുള്ള വിവരത്തെ തുടർന്നാണ് തിരച്ചിൽ നടന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു. കിണറുകൾ, കൊക്കർണികൾ എന്നിവയിൽ അഗ്നിശമന സേന തിരച്ചിൽ നടത്തിയിരുന്നു. സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ സ്റ്റീഫൻ വീട്ടിലെത്തി തിരിച്ച് 30ന് രാത്രി 10ന് സുഹൃത്ത് മുരുകേശനുമായി തോട്ടത്തിലേക്ക് പോയതിനു ശേഷം ഇരുവരെയും ആരും കണ്ടിട്ടില്ല. വീട്ടിൽ നിന്നിറങ്ങി അര മണിക്കൂറിനകം മൊബൈൽ ഫോൺ ഓഫായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് സ്വകാര്യ തോട്ടങ്ങളിൽ മൊബൈലിനായും പരിശോധന നടത്തി.
ഓഫായ പ്രദേശം ലൊക്കേഷൻ മനസ്സിലാക്കിയാണ് തിരച്ചിൽ നടത്തിയത്. കിണറുകളിലും ചുള്ളിയാർ ഡാമിലും പരിശോധന നടത്തി.
നാട്ടുകാരും ബന്ധുക്കളും നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് തിരച്ചിൽ. യുവാക്കളുടെ പടം സഹിതം തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചു. തിരച്ചിലിൽ ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സി.ഐ എ. വിപിൻദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.