ഷൊർണൂർ: മോഷ്ടാക്കളെക്കൊണ്ട് വലഞ്ഞ് ഷൊർണൂർ ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ. ഡിവൈ.എസ്.പി ഓഫിസും പൊലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നതിന്റെ തൊട്ടുള്ള വീടുകളിൽ പോലും മോഷ്ടാക്കൾ നിർബാധം കയറുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ടൗണിലുള്ള മുതലിയാർ തെരുവിലെ മൂന്ന് വീടുകളിലാണ് മോഷണം നടന്നത്. പൊലീസ് സ്റ്റേഷനിൽനിന്ന് മീറ്ററുകൾ മാത്രം അകലെയുള്ള തെരുവിൽ അടുത്തടുത്താണ് വീടുകളുള്ളത്.
ഇവിടെയുള്ള ശെൽവരാജിന്റെ വീട്ടിൽ കയറിയ കള്ളൻ മേശപ്പുറത്തുണ്ടായിരുന്ന കുടുക്ക പൊളിച്ച് പണം കൊണ്ടുപോയി. വാതിൽ കേബിളുപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. തൊട്ടുള്ള വീട്ടുമുറ്റത്തെ കോണി എടുത്ത് മുകൾ നിലയിൽ കയറി വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ശെൽവരാജനും കുടുംബവും ഒരു യാത്ര കഴിഞ്ഞ് ഇതേ ദിവസം പുലർച്ചെ ഒന്നിനാണ് വീട്ടിലെത്തിയത്. രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്.
സമീപത്തെ ബാലകൃഷ്ണന്റെ വീട്ടിലെ അടുക്കള ഭാഗത്തെ ഓട് ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. വാതിലും പൊളിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സുബ്രമഹ്ണ്യന്റെ വീട്ടിലെ രണ്ട് ജനൽ പാളികൾ തകർത്താണ് കള്ളൻ അകത്ത് കടന്നത്. ഈ രണ്ടിടത്തുനിന്നും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
രണ്ട് മാസം മുൻപ് ഇവിടെ മറ്റൊരു വീട്ടിൽ കയറിയ മോഷ്ടാക്കൾ 16 പവൻ കൊണ്ട് പോയിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നത്. എസ്.ഐ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.
റെയിൽവെ സ്റ്റേഷനോട് ചേർന്ന് കിടക്കുന്നതാണ് മുതലിയാർ തെരുവ്. സ്റ്റേഷനിൽ സ്ഥിരമായി വന്ന് പോകുന്നവരെ നിരീക്ഷിക്കാൻ സംവിധാനം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.