പാലക്കാട്: നഗരസഭക്ക് കീഴിലെ അറവുശാല കാരണം വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പുതുപ്പള്ളിത്തെരുവ് നിവാസികൾ. കനത്ത ദുർഗന്ധവും മലിനീകരണവും സഹിച്ച് ആഹാരം കഴിക്കാൻപോലും പറ്റാതെ പ്രദേശവാസികൾ അനുഭവിച്ച പ്രയാസങ്ങൾക്കാണ് കഴിഞ്ഞദിവസം തദ്ദേശ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പരിഹാരമാകുന്നത്. നഗരസഭയിലെ 32-ാം വാർഡിലാണ് അറവുശാല.
അറവുശാല നവീകരണം ആവശ്യപ്പെട്ട് വാർഡ് വെൽഫെയർ പാർട്ടി കൗൺസിലർ എം. സുലൈമാന്റെ നേതൃത്വത്തിൽ രണ്ടുവർഷം മുമ്പ് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ, പ്രദേശവാസികളുടെ ഒപ്പ് ശേഖരിച്ച് കലക്ടർക്കും മന്ത്രിക്കും നിവേദനം നൽകൽ എന്നിവയും സംഘടിപ്പിച്ചിരുന്നു. കൗൺസിൽ യോഗങ്ങളിൽ വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയങ്ങളും കൗൺസിലർ അവതരിപ്പിച്ചിരുന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കി നഗരസഭ അറവുശാല നവീകരണം എത്രയുംപെട്ടെന്ന് ആരംഭിക്കണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടു. നിലവിൽ ശോച്യാവസ്ഥയിലുള്ള അറവുശാലക്ക് ചുറ്റുമായി നൂറിലധികം കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെ 11.51 കോടി രൂപ വകയിരുത്തിയാണ് ആധുനികരീതിയിൽ നവീകരിക്കുന്നത്. റവന്യു വകുപ്പിന്റെ കീഴിലെ 1.42 ഏക്കറിലാണ് അറവുശാല. ഇതിൽ 50 സെന്റ് നഗരസഭയുടേതാണ്. ബാക്കി 92 സെന്റ് സ്ഥലം കൂടി റവന്യു വകുപ്പ് നഗരസഭക്ക് നൽകാനുണ്ട്. ഇതിന്റെ എൻ.ഒ.സി നൽകിയാലേ പദ്ധതി നടപ്പാക്കാനാവൂ എന്നാണ് കിഫ്ബി പറയുന്നത്. എന്നാൽ കമ്പോളവില നൽകി നഗരസഭ സ്ഥലം വാങ്ങണമെന്നും അല്ലെങ്കിൽ ഭീമമായ തുക പ്രതിവർഷം വാടക നൽകണമെന്നുമായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്.
ഈ വിഷയത്തിലാണ് കഴിഞ്ഞദിവസം മന്ത്രി ഇടപെട്ടത്. എന്നാൽ അറവുശാലയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മന്ത്രിതല യോഗത്തിലും നീങ്ങിയിട്ടില്ലെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. നൂറുവർഷത്തോളമായി നഗരസഭ നടത്തുന്ന അറവുശാലയാണിത്.
2019-20ൽ ആണ് കിഫ്ബിയിൽനിന്നും അറവുശാലക്ക് തുക അനുവദിച്ചത്. നിരവധിതവണ ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രമേയം നൽകി. വീണ്ടും കൗൺസിൽ ചേർന്ന് പ്രമേയം നൽകണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും ഇത് പദ്ധതി ഇനിയും വെെകാൻ കാരണമാകുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.