പാലക്കാട്: തെരുവുനായ്ക്കൾ നിരത്ത് കീഴടക്കിയതോടെ വലഞ്ഞ് ജനം. നാടൊട്ടുക്കും തെരുവുനായ് ശല്യം വർധിച്ചതോെട തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനുള്ള എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നടക്കം ആവശ്യമുയരുകയാണ്.
കോവിഡിനെ തുടർന്നെത്തിയ അടച്ചുപൂട്ടലുകളിൽ തുടർപ്രവർത്തനങ്ങൾ നിലച്ചേതാടെ പലയിടത്തും തെരുവുനായ്ക്കളുടെ ശല്യം ക്രമാതീതമായി വർധിച്ചതായി അധികൃതർ തന്നെ സ്ഥിരീകരിക്കുന്നു. നായ്ക്കൾ രാത്രിയും പകലും കൂട്ടമായി സഞ്ചരിക്കുകയും വളർത്തുമൃഗങ്ങളെയടക്കം ആക്രമിക്കുകയും ചെയ്യുന്നതോടെ ജനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് പരിഹാരം തേടി സമീപിക്കുന്നത്. എന്നാൽ നടപടികൾ നിർദേശിക്കാനില്ലാത്തതുകൊണ്ടുതന്നെ പലപ്പോഴും ഇവർക്ക് കേൾവിക്കാരാകാൻ മാത്രമേ സാധിക്കാറുള്ളൂ എന്നതാണ് സത്യം.
2019ലെ കണക്കു പ്രകാരം ജില്ലയിൽ 64,428 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. നിലവിലിത് ലക്ഷം കടന്നിരിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പുതന്നെ പറയുന്നു.
ഇത്രയും നായ്ക്കൾക്കിടയിൽ എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെങ്കിൽ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണ്. ഇതുമാത്രമല്ല, പലയിടത്തും പേരിന് മാത്രമാണ് സൗകര്യങ്ങളുള്ളത്. ജില്ലയിൽ പാലക്കാട്, ആലത്തൂർ, ചിറ്റൂർ, ഒറ്റപ്പാലം, കൊടുവായൂർ എന്നിവിടങ്ങളിലാണ് എ.ബി.സി സെൻററുകളുള്ളത്. തെരുവുനായ് ശല്യം കടുത്തതോടെ അടിയന്തര നടപടി പാലക്കാട് നഗരസഭ കൗൺസിലിലടക്കം ആവശ്യമായി ഉയർന്നിരുന്നു. നഗരപരിധിയിലുള്ള കേന്ദ്രത്തിൽ സ്ഥലപരിമിതിയടക്കം വില്ലനായതോടെ വിഷയം ഉന്നയിച്ച് വകുപ്പിനെ സമീപിക്കാൻ നടപടി സ്വീകരിച്ചിരിക്കുകയാണ് നഗരസഭ.
ജില്ലയിലെ മറ്റുനാലു കേന്ദ്രങ്ങളിലും സമാനമാണ് കാര്യങ്ങൾ. പ്രതിദിനം ഒരു യൂനിറ്റ് 180 നായ്ക്കളെയെങ്കിലും വന്ധീകരിച്ചാലാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാനാവുകയെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ 50 നായ്ക്കളെ പോലും വന്ധീകരിക്കാനുള്ള സൗകര്യം മിക്കയിടത്തുമില്ല.
തെരുവുനായ് ഭീതിയകലാതെ നാട്
2016ലാണ് ജില്ലയിൽ എ.ബി.സി പദ്ധതി ആരംഭിച്ചത്. തെരുവുനായ്ക്കളുടെ പ്രജനനം തടയാൻ ആകെ നിലവിലുള്ള പദ്ധതിയാണ് എ.ബി.സി. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ജില്ല പഞ്ചായത്ത് 10 ലക്ഷം, ഗ്രാമ പഞ്ചായത്തുകൾ 3.5 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ അഞ്ച് ലക്ഷം വീതവും വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അന്നു മുതൽ 2021 നവംബർ 30 വരെ ജില്ലയിൽ 41,778 തെരുവു നായ്ക്കളെ പ്രജനന നിയന്ത്രണ പദ്ധതിക്കു വിധേയമാക്കിയതായി മൃഗസംരക്ഷണ വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. പദ്ധതി കാര്യക്ഷമമാക്കണമെങ്കിൽ കുറഞ്ഞത് േബ്ലാക്ക് തലത്തിലെങ്കിലും കേന്ദ്രങ്ങൾ ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്.
നിലവിലുള്ള കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യമടക്കം മെച്ചപ്പെടുത്തുന്നതോടൊപ്പം പുതിയ േകന്ദ്രങ്ങൾ കൂടിയാരംഭിക്കുന്നതോടെ പ്രതിസന്ധിക്ക് കടിഞ്ഞാണിടാനാവുമെന്നാണ് വിദഗ്ധരടക്കം ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.