പുതുനഗരം: പുതുനഗരത്ത് വിദ്യാർഥികൾക്ക് സ്കൂളിലും കോളജിലും പോകണമെങ്കിൽ റെയിൽവേ ട്രാക്ക് കടക്കണം. പാലക്കാട് -പൊള്ളാച്ചി റെയിൽവേ ട്രാക്കിലൂടെ നടന്നാണ് പുതുനഗരം മുസ്ലിം ഹൈസ്കൂൾ, മുസ്ലിം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഉദയം ആർട്സ് കോളജ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിദ്യാർഥികൾ എത്തുന്നത്.
വട്ടാരം, സൗത്ത് സ്ട്രീറ്റ്, കട്ടയൻ സ്ട്രീറ്റ്, മേലേ തെരുവ്, കാട്ടു തെരുവ്, ടി.ബി സ്ട്രീറ്റ്, ഉന്നൻ ചാത്തൻ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ട്രാക്കിലൂടെ നടന്ന് എത്തുന്നത്. എക്സ്പ്രസ് ട്രെയിനുകളടക്കം കടന്നുപോകുന്ന ട്രാക്കിൽ വിദ്യാർഥികളുടെ അപകടനടത്തം ഒഴിവാക്കാൻ അടിയന്തരമായി അടിപ്പാത നിർമിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
പ്രൈമറി വിദ്യാർഥികൾ അടക്കമുള്ളവർ കൂട്ടത്തോടെ റെയിൽപാളത്തിലൂടെ നടക്കുന്നത് രക്ഷിതാക്കൾക്ക് ആധി വർധിപ്പിക്കുന്നു. രാവിലെയും വൈകീട്ട് നാലരക്കുമായി കടന്നുപോകുന്ന ട്രെയിനുകൾക്ക് പുതുനഗരത്ത് സ്റ്റോപ് ഇല്ലാത്തതിനാൽ ഇതുവഴി വേഗത്തിലാണ് കടന്നുപോവുക. വിദ്യാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ വിദ്യാർഥികൾ ട്രാക്ക് കടക്കുന്നത് ഒഴിവാക്കാൻ അറിയിപ്പ് നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വിദ്യാർഥികൾ കൂടുതലായി ട്രാക്ക് കടക്കുന്ന സ്ഥലത്ത് അണ്ടർ പാസ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പുതുനഗരം പഞ്ചായത്ത് പ്രസിഡന്റ് സുധീര ഇസ്മയിൽ പറഞ്ഞു. ദിനംപ്രതി ആയിരത്തോളം വിദ്യാർഥികളാണ് റെയിൽവേ ട്രാക്ക് കടന്ന് വിദ്യാലയങ്ങളിൽ എത്തുന്നതെന്നും കാൽനടയാത്രക്ക് മാത്രമായി അടിപ്പാത നിർമിക്കാൻ റെയിൽവേ തയാറാവണമെന്നും പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം.വി. ജലീൽ പറഞ്ഞു.
നാട്ടുകാരും വിദ്യാർഥികളും ദീർഘദൂരം ട്രാക്കുകളിലൂടെ നടക്കുന്നത് ഒഴിവാക്കാൻ ബോധവത്കരണം ശക്തമാക്കി ടണൽ പാസ് നിർമിക്കാൻ നടപടി വേണമെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേ ഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.