പാലക്കാട്: ക്രിസ്മസ് കാലത്ത് ആളുകളെ നിരാശരാക്കി സപ്ലൈകോ വിപണി. ജില്ലയിലെ ഔട്ട്ലെറ്റുകളിലൊന്നും സബ്സിഡി നിരക്കിലെ സാധനങ്ങൾ പലതും കിട്ടാനില്ല. ജില്ലയിൽ സപ്ലൈകോക്ക് 38 ഔട്ട് ലെറ്റുകളാണുള്ളത്. പറമ്പിക്കുളത്തേക്കുൾപ്പെടെ സാധനങ്ങളെത്തിക്കുന്ന ഒരു മൊബൈൽ മാവേലി യൂനിറ്റുമുണ്ട്. 13 ഇനങ്ങളിൽ വെളിച്ചെണ്ണയൊഴികെ മറ്റ് സാധനങ്ങളില്ലാത്ത സ്ഥിതിയാണ്. പഞ്ചസാരയും മുളകും വൻപയറും കിട്ടാതായിട്ട് കാലമേറെയായി. ഓണശേഷം ഈ ഉൽപന്നങ്ങളുടെ സ്റ്റോക്ക് വല്ലപ്പോഴുമേ എത്തിയിട്ടുള്ളൂവെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.
ചെറുപയർ, മല്ലി, കടല തുടങ്ങിയ ഉൽപന്നങ്ങളുടെ സ്റ്റോക്ക് കഴിഞ്ഞമാസം വന്നിരുന്നെങ്കിലും എത്തിയപാടേ തീർന്നു. കഴിഞ്ഞവർഷം ക്രിസ്മസ് കാലത്ത് ഔട്ട് ലെറ്റുകളോട് ചേർന്ന് സപ്ലൈകോ ചന്തയുണ്ടായിരുന്നു. ഇക്കുറി സാധനക്ഷാമം മൂലം ചന്തകൾ പ്രവർത്തിക്കുന്നില്ല. പരിപ്പുൾപ്പെടെ നോൺ സബ്സിഡി നിരക്കിലുള്ള സാധനങ്ങളും മിക്കതും വരുന്നേയുള്ളൂ.
ഒറ്റപ്പാലം സപ്ലൈകോ പീപ്പിൾസ് ബസാറിലും ക്രിസ്മസ് വിപണിയിൽ സബ്സിഡിയുള്ള സാധനങ്ങൾ നന്നേ കുറവ്. മല്ലിക്കും വെളിച്ചെണ്ണക്കും മാത്രമാണ് സബ്സിഡിയുള്ളത്. ഇതിൽ വെളിച്ചെണ്ണ കഴിഞ്ഞദിവസമാണ് എത്തിയത്. ആളുകൾക്ക് കൂടുതലായി ആവശ്യമുള്ള പഞ്ചസാര, മുളക്, കടല, വൻപയർ, പരിപ്പ്, ഉഴുന്ന് തുടങ്ങിയവയൊന്നും ഇപ്പോഴില്ല. വരുമാനത്തിലും വൻ ഇടിവുണ്ടായതായാണ് വിവരം. സബ്സിഡി സാധനങ്ങൾ ഉണ്ടായിരുന്നപ്പോൾ 500 ഓളം പേർ എത്തിയിരുന്നിടത്ത് ഇപ്പോൾ 150 മുതൽ 200 പേർവരെ മാത്രമാണെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.