പാലക്കാട്: ചൊവ്വാഴ്ച ഉച്ചയോടെ ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കവിത, ഉപന്യാസ രചനാ മത്സരങ്ങൾ കഴിഞ്ഞിറങ്ങുന്നതിനിടെ ഭുവിഷ അധ്യാപകൻ കന്തസ്വാമിയോട് ചോദിക്കുന്നുണ്ടായിരുന്നു “നാളെ കാലയിലെയാ മാസ്റ്റർ വരണും?”. അട്ടപ്പാടി മട്ടത്തുക്കാട് ജി.ടി.എച്ച്.എസ്.എസ് വിദ്യാർഥി എസ്. ഭുവിഷയുൾപ്പെടെ 600ഓളം തമിഴ് വിദ്യാർഥികളിൽ ഭൂരിഭാഗം പേരും അഞ്ചുനാൾ നീളുന്ന കലോത്സവത്തിന്റെ ആദ്യദിനം മാത്രമേ കാണൂ. ചിലർക്ക് നാടകമടക്കം ചില മത്സരങ്ങൾ വെള്ളിയാഴ്ച കൂടിയുണ്ട്. ആകെയുള്ള 12 ഇനങ്ങളിൽ നാല് എണ്ണമൊഴികെയുള്ളവ തമിഴ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഇല്ലെന്നത് തന്നെ കാരണം. ഭുവിഷ ഇക്കുറി ബുധനാഴ്ച സംസ്ഥാന കലോത്സവ മോഹവുമായി തമിഴ് ജനറൽ വിഭാഗത്തിൽ കവിതാ രചനയിൽ മത്സരിക്കുന്നുണ്ട്.
സംസ്കൃതവും അറബിയും ഹിന്ദിയുമടക്കം ഭാഷകൾ സംസ്ഥാന തലത്തിൽ മത്സര ഇനങ്ങളിൽ ഉണ്ടെന്നിരിക്കെ മാതൃഭാഷയായി തമിഴ് സംസാരിക്കുന്നവർ ഏറെയുള്ള സംസ്ഥാനത്ത് നേരിടുന്ന അവഗണനക്കെതിരെ ഭാഷ പ്രേമികൾ ഏറെ നാളായി പ്രതിഷേധത്തിലാണ്. കലോത്സവത്തിനുള്ളിൽ കലോത്സവം സംഘടിപ്പിക്കാൻ പലപ്പോഴും സ്വന്തം പോക്കറ്റിൽനിന്ന് പണംമുടക്കിയാണ് അധ്യാപകർ കുട്ടികളുമായി വിദൂരമേഖലകളിൽനിന്ന് വേദികളിലെത്തുക. ജില്ലയിൽ ചിറ്റൂർ, കൊല്ലങ്കോട്, മണ്ണാർക്കാട് വിദ്യാഭ്യാസ ഉപജില്ലകളിലാണ് തമിഴ് മാതൃഭാഷയായ വിദ്യാർഥികളേറെയുമുള്ളത്. ഇതിൽ ചിറ്റൂരാണ് കൂടുതൽ വിദ്യാർഥികളും വിദ്യാലയങ്ങളുമുള്ളത്.
രചന മത്സരങ്ങളെങ്കിലും പൂർണമായി സംസ്ഥാനതലത്തിലെത്തിക്കണമെന്നാണ് ആവശ്യമുയരുന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ നടന്ന നവകേരള സദസ്സിലും ഇതുസംബന്ധിച്ച് അധികൃതർക്ക് ഹരജി നൽകിയിരുന്നെന്ന് കന്തസ്വാമിയടക്കമുള്ള അധ്യാപകർ പറയുന്നു. വലിയൊരുവിഭാഗം വിദ്യാർഥികളുടെ കലയോടുള്ള അഭിനിവേശം ജില്ല തലത്തിൽ പൊലിയുന്നത് അനീതിയാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.