പാലക്കാട്: കേൾവിക്കുറവുള്ള രോഗിയായ വയോധികനെ ഭാര്യയും മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ പ്രായപൂർത്തിയായ മക്കളിൽ നിന്ന് ചെലവിനുകിട്ടാൻ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുന്നതിന് നിയമസഹായം ലഭ്യമാക്കണമെന്ന മനുഷ്യാവകാശ കമീഷൻ ഉത്തരവ് സാമൂഹിക നീതിവകുപ്പ് നടപ്പാക്കി.
കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവാണ് പാലക്കാട് സാമൂഹിക നീതിവകുപ്പ് ജില്ല ഓഫിസർ നടപ്പാക്കിയത്. പരാതിക്കാരനായ പാലക്കാട് മനിശ്ശേരി തെക്കുമുറി തുഞ്ചത്തൊടി വീട്ടിൽ ടി. വേണുഗോപാലിന് നിയമസഹായം ലഭിക്കാൻ പാലക്കാട് ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിക്ക് കത്ത് നൽകിയതായി സർക്കാർ കമീഷനെ അറിയിച്ചു.
പരാതിക്കാരൻ മുതിർന്ന പൗരൻമാരുടെ സംരക്ഷണചുമതലയുള്ള മെയിന്റനൻസ് ട്രൈബ്യൂണലിന് പരാതി നൽകിയിരുന്നെങ്കിലും വിചാരണക്ക് ശേഷം നിരസിച്ചിരുന്നു. തന്നെ ഉപേക്ഷിച്ച് കഴിയുന്ന ഭാര്യയെയും മക്കളെയും തന്റെ സംരക്ഷണത്തിന് നിയോഗിക്കണമെന്നായിരുന്നു ആവശ്യം. കമീഷൻ സാമൂഹികനീതി വകുപ്പ് ജില്ല ഓഫിസറിൽനിന്നും റിപ്പോർട്ട് വാങ്ങി.
പരാതിക്കാരനെ 10 വർഷത്തിലേറെയായി ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അംഗൻവാടി ഹെൽപ്പറായ ഭാര്യ ജാനകി ഒറ്റക്കാണ് രണ്ടുമക്കളെ വളർത്തിയതെന്നും സ്ഥിരം മദ്യപാനിയായ പരാതിക്കാരൻ ഇവരെ ദേഹോപദ്രവം ഏൽപിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഭാര്യയും മക്കളും പരാതിക്കാരനെ സംരക്ഷിക്കാൻ ഒരുക്കമല്ലെന്നും റിപ്പോർട്ടിലുണ്ട്. തുടർന്നാണ് പ്രായപൂർത്തിയായ മക്കളിൽനിന്ന് ചെലവിനുകിട്ടാൻ പരാതിക്കാരന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് കമീഷൻ ഉത്തരവിട്ടത്.പരാതിക്കാരന് ലീഗൽ സർവിസ് അതോറിറ്റിയിൽനിന്നും സൗജന്യ നിയമസഹായം നൽകണമെന്നും കമീഷൻ ഉത്തരവിട്ടു. ഇതിന് വേണ്ടിയാണ് ജില്ല സാമൂഹിക നീതി ഓഫിസർക്ക് ഉത്തരവ് നൽകിയത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.