പറളി: വേനൽ കനക്കും മുമ്പേ പറളി മേഖലയിൽ പുഴകൾ വറ്റിവരണ്ടു. കുടിവെള്ളം മുട്ടുമോ എന്നാണ് ആശങ്ക. മേഖലയിൽ ചെറുതും വലുതുമായ തോടുകൾ മിക്കതും വറ്റിയതോടെ കിണറുകൾ ഉൾപ്പെടെ ശുദ്ധജല സംഭരണികൾ എല്ലാം വരൾച്ച ഭീതിയിലാണ്. നിരവധി പദ്ധതികൾക്ക് വെള്ളം നൽകുന്ന കണ്ണാടിപ്പുഴയും ഭാരതപ്പുഴയും വരൾച്ചയിലേക്ക് നീങ്ങുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും.
തോടുകളും വരൾച്ചയിലേക്ക് നീങ്ങുന്നത് കർഷക മനസ്സിലും ആശങ്കയുണ്ടാക്കുന്നുണ്ട്. കുടിവെള്ളം മുട്ടാതിരിക്കണമെങ്കിൽ പുഴകളിലെ തടയണ കാര്യമായി സംരക്ഷിക്കണം. തടയണകളിലെ വെള്ളം ചോരതെ സംരക്ഷിച്ചാൽ ഒരുപരിധി വരെ വേനലിനെ മറികടക്കാനാകുമെന്നാണ് പഴമക്കാർ പറയുന്നത്.
ലക്കിടി: ലക്കിടി പേരൂർ പഞ്ചായത്തിലെ നെല്ലിക്കുറുശ്ശി അയലക്കംപാറയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. മുളഞ്ഞൂർ തോട്ടിലെ പാതക്കടവ് പമ്പ്ഹൗസിൽ നിന്നാണ് പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. മോട്ടോർ തകരാറായതാണ് ജലവിതരം മുടങ്ങാൻ കാരണം.
മിക്കവീടുകളിലെയും കിണറുകൾ വറ്റിയതിനാൽ 300ലേറെ കുടുംബങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. വാഹനങ്ങളിൽ വെള്ളം എത്തിച്ചാണ് പരിസരവാസികൾ കഴിഞ്ഞുകൂടുന്നത്. പഞ്ചായത്തിലും വാട്ടർ അതോറിറ്റിയിലും പ്രശ്നം അറിയിച്ചെങ്കിലും പരിഹാരമായിട്ടില്ല.
മോട്ടോർ മാറ്റി സ്ഥാപിച്ച് പമ്പ്ഹൗസ് പ്രവർത്തനക്ഷമമാക്കണമെന്നും പ്രദേശത്തേക്ക് ടാങ്കറുകളിൽ വെള്ളമെത്തിച്ച് നൽകാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ സി.പി. ശംസുദ്ദീൻ, എം.കെ. മൻസൂർ, പി. അലി, വി. ജംഷീർ, എൻ. ഉമ്മർ, കെ. വീരാൻ എന്നിവരുടെ നേതൃത്വത്തിൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
നിള പുനരുജ്ജീവിപ്പിക്കാൻ ജലബന്ധാര; ഗോവയില്‍ വ്യാപകമായ ജലസേചന മാതൃകയാണിത്
പാലക്കാട്: ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത് കരിമ്പുഴ പഞ്ചായത്തില്‍ ഗോവന്‍ മാതൃകയില്‍ ജലബന്ധാര നിര്‍മിക്കും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബന്ധാര ഡിസൈന്‍ ചെയ്യുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഐ.ഡി.ആര്.ബി വിഭാഗത്തെ ഏല്‍പ്പിക്കാനും സമയബന്ധിതമായി ഡിസൈന്‍ പൂര്‍ത്തീകരിച്ച് എസ്റ്റിമേറ്റ് എടുത്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കാനും തീരുമാനിച്ചു.
ഗോവയില്‍ വ്യാപകമായ ജലസേചന മാതൃകയാണ് ജലബന്ധാര. കുറഞ്ഞ നിര്‍മാണചെലവ്, കുറവ് നിര്‍മാണ സാമഗ്രികള്‍, കൂടുതല്‍ ജലം സംഭരിക്കാനുള്ള ശേഷി എന്നിവയാണ് ഈ രീതിയുടെ പ്രത്യേകത. സാധാരണ തടയണകളില്‍നിന്ന് വ്യത്യസ്തമായി ഉയരം കൂടിയ ഡിസൈന്‍ ആയതിനാല്‍ ധാരാളം ജലം സംഭരിക്കപ്പെടുകയും അതുവഴി ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടാകുകയും ചെയ്യുന്ന മാതൃകയാണ് ബന്ധാര.
കരിമ്പുഴ പഞ്ചായത്തില്‍ രണ്ട് മീറ്റര്‍ ഉയരത്തിലാണ് ഭാരതപ്പുഴക്ക് കുറുകെ ബന്ധാര നിര്‍മിക്കുന്നത്. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ ഡി.പി.ആറില്‍ ഇതിനുള്ള പ്രൊപ്പോസല്‍ വച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയിലാണ് ഇത്തരമൊരു മാതൃക പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്.
കരിമ്പുഴ പഞ്ചായത്തിലെ കാര്‍ഷിക, കുടിവെള്ള മേഖലയില്‍ ബന്ധാര നിര്‍മാണം വലിയരീതിയില്‍ പ്രയോജനം ചെയ്യും. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി രൂപ ജില്ല പഞ്ചായത്ത് ഇതിനകം ജലസേചന വകുപ്പിന് പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, നവകേരളം കര്‍മ പദ്ധതി ജില്ല കോഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, കോര്‍ കമ്മിറ്റി അംഗങ്ങളായ വൈ. കല്യാണകൃഷ്ണന്, പ്രഫ. ബി.എം. മുസ്തഫ, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സുമന് ബി. ചന്ദ്രന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പാലക്കാട്: ജില്ല പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമ്പൂര്‍ണ ശുചീകരണ യജ്ഞം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ജില്ലതല ഉദ്ഘാടനം രാവിലെ ഒമ്പതിന് വടക്കഞ്ചേരി മംഗലം ഗായത്രി പുഴയോരത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. ഫെബ്രുവരി എട്ട് മുതല്‍ 16 വരെയാണ് യജ്ഞം. പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.
പത്തിരിപ്പാല: ലക്കിടി പേരൂർ പഞ്ചായത്തിലെ അകലൂർ അവുഞ്ഞിയിൽ പാടശേഖരത്തിൽ വെള്ളമില്ലാതെ നെൽകൃഷി ഉണങ്ങുന്നു. 50 ഏക്കറോളം കൃഷിയാണ് പാതി ഉണക്കത്തിലായത്. മലമ്പുഴ കനാൽ വെള്ളത്തെ ആശ്രയിച്ചാണ് പ്രദേശത്തെ രണ്ടാംവിള. ഒന്നരമാസം മുമ്പ് കനാൽ വെള്ളം ലഭിച്ചിരുന്നു. കതിർ നിറയുന്ന സമയത്താണ് വെള്ളമില്ലാതെയായത്. ചില വയലുകൾ കട്ട വിള്ളാനും തുടങ്ങി.
രണ്ട് ദിവസത്തിനുള്ളിൽ വെള്ളം കിട്ടിയില്ലെങ്കിൽ വിള പൂർണമായും നശിക്കുമെന്ന് കർഷകനായ ബാലൻ പറഞ്ഞു. ഒരേക്കറിന് 20,000 രൂപ ചെലവാക്കിയാണ് ഇത്തവണ രണ്ടാം വിളയിറക്കിയതെന്ന് കർഷകർ പറഞ്ഞു. രണ്ടാം തിയതി വിടുമെന്ന് പറഞ്ഞ വെള്ളം വിട്ടില്ലന്ന് കർഷകർ പരാതിപെട്ടു.
അടിയന്തരമായി വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. അവുഞ്ഞിയിൽ മോഹനൻ, ആവുഞ്ഞിയിൽ മുരളി കല്ലിട്ടുമ്പിൽ മോഹനൻ, കല്ലിടുമ്പിൽ ഗോപാലൻ, മല്ലിപ്പറമ്പിൽ ചന്ദ്രൻ എന്നിവരുടെ നെൽകൃഷിയാണ് ഉണക്കത്തിലായത്.
കൊല്ലങ്കോട്: ചിറ്റൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ കുടിവെള്ളത്തിന് ക്ഷാമം. കൊല്ലങ്കോട്, മുതലമട, പല്ലശ്ശന തുടങ്ങിയ പ്രദേശങ്ങളിലെ ചില വിദ്യാലയങ്ങളാണ് പ്രയാസത്തിലായത്. ബി.എസ്.എസ്.എച്ച് സ്കൂളിൽ 38 വർഷത്തിനിടെ ആദ്യമായാണ് കിണറിലെ ജലനിരപ്പ് താഴ്ന്നത്.
ഇതോടെ അയൽപ ക്കത്തെ വീടുകളിൽനിന്നും വെള്ളം പമ്പ് ചെയ്ത് കുട്ടികൾക്ക് കുടിവെള്ളം ഒരുക്കുകയാണ്. വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ജനപ്രിതിനിധികൾ യോഗം ചേർന്ന് പരിഹാരം കണ്ടെത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.