പുതുനഗരം: കൊല്ലങ്കോട്, പുതുനഗരം ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ യാത്രികർക്ക് ദുരിതം. പുതുനഗരം ടൗണിൽ കൊല്ലങ്കോട്, കൊടുവായൂർ റോഡുകളിലാണ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത്.
കൊല്ലങ്കോട് ടൗണിൽ ബ്ലോക്ക് ഓഫിസ് റോഡ്, തൃശൂർ റോഡ് എന്നിവിടങ്ങളിലും ബസ് കാത്തിരിപ്പു കേന്ദ്രമില്ല. നാല് വിദ്യാലയങ്ങളിലായി അയ്യായിരത്തിലധികം വിദ്യാർഥികൾ വന്നു പോകുന്ന പുതുനഗരത്ത് മഴയത്തും വെയിലത്തും റോഡരികിലും കടത്തിണ്ണകളിലും ബസ് കാത്തിരിക്കേണ്ട ഗതികേടിലാണുള്ളത്.
മിക്ക ബസുകളും കൃത്യമായ സ്ഥലത്ത് നിർത്താത്തതും വിദ്യാർഥികൾക്ക് ദുരിതമാകാറുണ്ട്. എം.എൽ.എ, എം.പി എന്നിവയുടെ വികസന ഫണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുബോൾ പുതുനഗരവും കൊല്ലങ്കോടും അവഗണിക്കുകയാണെന്ന് പാരന്റ്സ് കൊഓഡിനേഷൻ ഫോറം വൈസ് പ്രസിഡന്റ് എൻ.ബാലസുബ്രമണ്യൻ പറഞ്ഞു.
കൊല്ലങ്കോട്: വിദ്യാർഥികളെ കയറ്റാതെ ബസുകൾ പോകുന്നതിനെതിരെ നടപടി വേണമെന്ന് രക്ഷിതാക്കൾ. കൊല്ലങ്കോട് ടൗണിൽ ബ്ലോക്ക് ഓഫിസ് റോഡ് ബസ്റ്റോപ്പിൽ പൊലീസ് സഹായം ഇല്ലാത്തതിനാലാണ് വിദ്യാർഥികളെ കയറ്റാത്ത പ്രശ്നം രൂക്ഷമാക്കാൻ ഇടയാക്കുന്നത്. ഓട്ടോ ഡ്രൈവർമാർ ഇടപ്പെട്ടാണ് പലപ്പോഴും പ്രശ്നത്തിന് പരിഹാരം കാണാറ്. രാത്രി ഏഴ് മണി കഴിഞ്ഞും ബസിൽ കയറുന്ന വിദ്യാർഥികൾ കൊല്ലങ്കോട്ടിൽ ഉണ്ട്. വിദ്യാർഥികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ പൊലീസ് സാന്നിധ്യം ഉണ്ടാവണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.