കോങ്ങാട്: ഇന്ന് ലോക തണ്ണീർത്തട ദിനം ആചരിക്കുമ്പോഴും മണ്ണും കോൺക്രീറ്റും നിറഞ്ഞ് അപ്രത്യക്ഷമാകുന്ന നെൽവയലുകളും തണ്ണീർത്തടങ്ങളും ചോദ്യചിഹ്നമാവുന്നു. ഗ്രാമപ്രദേശങ്ങളിൽ തണ്ണീർത്തടങ്ങൾ പലതും നാശത്തിന്റെ വക്കിലാണ്. ഗ്രാമീണ മേഖലകൾ നഗരവത്കരണത്തിന് വഴിമാറിയതും റോഡുകളുടെ വികസനവും പലയിടത്തും നെൽവയൽ വിഴുങ്ങുന്നതാണ് കാഴ്ച.
ഒരു വർഷത്തിനിടെ മുണ്ടൂർ-തൂത റോഡ്, ഉൾനാടൻ ഗ്രാമീണ പാതകൾ എന്നിവയുടെ നവീകരണത്തോടെ ഗതാഗതസൗകര്യമുള്ള സ്ഥലങ്ങളിലെ വയലുകൾ പകുതിയിലേറെ വിവിധ നിർമിതികൾക്ക് വഴിമാറി. സമീപ പ്രദേശങ്ങളിൽ വയലുകൾ വൻതോതിൽ നികത്തപ്പെട്ടതോടെ പന്നിക്കോട് നിന്ന് ഉത്ഭവിക്കുന്ന ചെറായ തോട് നായാടിക്കുന്ന് വരെ മെലിഞ്ഞുണങ്ങി.
വേനലിൽ ജലസേചനത്തിനും മറ്റ് ആവശ്യങ്ങൾക്കും നല്ലതോതിൽ ഉപയോഗിച്ചിരുന്ന തോടാണിത്. ജലസ്രോതസ്സുകളുടെ നിലനിൽപ്പിൽ മുഖ്യപങ്ക് വഹിക്കുന്ന കുളങ്ങളും കൊച്ചു തോടുകളും പലതും അപ്രത്യക്ഷമായി. നായാടിക്കുന്ന്, വെട്ടുകുളം, കരാണിപ്പാടി, ചെറായ എന്നിവിടങ്ങളിൽ വയലുകൾ മണ്ണിട്ട് നികത്തിയതോടെ തോടിന്റെ കൈവഴികളും നീർച്ചാലുകളും ഇല്ലാതായി. ഒരു ഗ്രാമത്തിന്റെ ചിരകാല അടയാളമായിരുന്ന മാരാർക്കുളം ഇന്ന് സ്ഥലനാമത്തിൽ മാത്രമായി ഒതുങ്ങി.
തണ്ണീർത്തട സംരക്ഷണ നിയമവും അവ സംരക്ഷിക്കാൻ പഞ്ചായത്ത്തല സമിതികളും പ്രവർത്തിക്കുന്നുണ്ടെങ്കിലും തണ്ണീർത്തടങ്ങളും ഗ്രാമങ്ങളും പച്ചപ്പും പതുക്കെ അവ്യക്തമായ കാഴ്ചയാവുകയാണ്.
കൊല്ലങ്കോട്: അനധികൃത മണ്ണ് ഖനനവും ഇഷ്ടികക്കളങ്ങളും വ്യാപകമായിട്ടും നടപടിയെടുക്കാതെ റവന്യൂ- പഞ്ചായത്ത് അധികൃതർ. തെന്മലയോര പ്രദേശങ്ങളായ മേച്ചിറ, തേക്കിൻചിറ, വാഴപ്പുഴ, മാമണി, ചാത്തൻപാറ, മണ്ണാർകുണ്ട്, മാത്തൂർ, അടിവാരം തുടങ്ങിയ പ്രദേശങ്ങളിലാണ് മണ്ണെടുപ്പും അനധികൃത ഇഷ്ടികക്കളങ്ങളും പ്രവർത്തിക്കുന്നത്.
ഇഷ്ടികക്കളങ്ങൾക്കും ഓട്ടുകമ്പനികൾക്കുമായി മണ്ണ് കടത്തുമ്പോൾ നടപടിയുണ്ടാകുന്നില്ല. കൂടാതെ നെൽപാടങ്ങളിൽ ഖനനം ചെയ്ത മണ്ണ് ഇഷ്ടിക രൂപത്തിലാക്കി ഇതര ജില്ലകളിലേക്ക് കടത്തുന്നവരുമുണ്ട്.
ആറ് വർഷത്തിനിടെ തഹസിൽദാർ, ഡപ്യൂട്ടി കലക്ടർ, ജില്ല കലക്ടർ എന്നിവർ വരെ എത്തി അനധികൃത ഖനനം, ഇഷ്ടിടക്കളം എന്നിവക്കെതിരെ നടപടി എടുത്തിട്ടും വീണ്ടും അതേ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥരെ പോക്കറ്റിലാക്കി ചൂഷണം തുടരുകയാണ്. തെന്മല അടിവാരത്തിലെ ഖനന പ്രദേശങ്ങളിൽ പരിശോധന നടത്തി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.