ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയിലെ കണ്ണിയംപുറത്ത് അനിയന്ത്രിതമായി തുടരുന്ന വാഹന പാർക്കിങ് മൂലം ഗതാഗതം വഴിമുട്ടുന്നു. പാതയുടെ ഇരുവശവും തലങ്ങും വിലങ്ങുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മറ്റു വാഹനങ്ങളുടെ സ്വൈര്യ സഞ്ചാരം പലപ്പോഴും അവതാളത്തിലാക്കുന്നു.
രാവിലെ മുതൽ ആരംഭിക്കുന്ന പാതയോരത്തെ വാഹനനിര ഒഴിയണമെങ്കിൽ വൈകുന്നേരം വരെ കാത്തിരിക്കണമെന്ന് നാട്ടുകാർ പറയുന്നു. കണ്ണിയംപുറത്തെ വള്ളുവനാട് ആശുപത്രി പരിസരം മുതൽ പടിഞ്ഞാറോട്ട് നീളുന്നതാണ് പാതയോരത്തെ പാർക്കിങ്. വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം പരിമിതമായതിനാൽ ചികിത്സ തേടിയെത്തുന്നവരും പാതയോരത്താണ് പാർക്ക് ചെയ്യുന്നത്. ഓട്ടോറിക്ഷകളുടെ സ്ഥിരം പാർക്കിങ്ങും മോട്ടോർ വാഹന വകുപ്പിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടെത്തുന്ന വാഹനങ്ങളുടെ നീണ്ട നിരയും ഇതിന് പുറമെയുമുണ്ട്. മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിലെ തകർന്ന ടൈലുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവൃത്തികളാണ് ഇപ്പോൾ കൂനിന്മേൽ കുരുവാകുന്നത്.
നിർമാണം നടക്കുന്നതിനാൽ ഇവിടെ പാർക്കിങ് നിയന്ത്രണമുണ്ട്. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫിസുകളിലെത്തുന്നവരുടെ വാഹനങ്ങൾ കൂടി പുറത്ത് നിർത്തിയിട്ട് തുടങ്ങിയതോടെ കണ്ണിയംപുറം മുതൽ തൃക്കങ്ങോട് ഭാഗത്തേക്കുള്ള സഞ്ചാരവും ഗതിമുട്ടിയ അവസ്ഥയിലാണ്. മണിക്കൂറുകളോളമാണ് പാതയുടെ ഭാഗങ്ങൾ പോലും കൈയേറി വാഹനങ്ങൾ നിർത്തിയിടുന്നത്. ബസ് സർവിസ് നടക്കുന്ന പാതകൂടിയാണിത്. വീടിന് മുമ്പിൽ വാഹനങ്ങൾ വരിവരിയായി പാർക്ക് ചെയ്യുന്നത് മൂലം വീട്ടുകാർക്ക് സ്വന്തം വാഹനങ്ങൾ പുറത്തിറക്കാൻ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ മൂക്കിന് കീഴിലാണ് ദുരിതമായി മാറിയ പാർക്കിങ് എന്നതാണ് വിരോധാഭാസം. മറ്റു വാഹനങ്ങൾക്ക് സഞ്ചാര തടസ്സമുണ്ടാക്കും വിധത്തിൽ തുടരുന്ന പാർക്കിങ് നിയന്ത്രിക്കാൻ പൊലീസ് സേവനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.