പാലക്കാട്: ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് സംഭരണ മുന്നൊരുക്കങ്ങളിലെ കാലതാമസം കർഷകരെ ആശങ്കയിലാക്കുന്നു. 2021ൽ സെപ്റ്റംബർ ആദ്യവാരം സംഭരണം തുടങ്ങിയെങ്കിൽ കഴിഞ്ഞ വർഷം മുതൽ ഒരുക്കം അവതാളത്തിലാണ്. ആദ്യം വിളവെടുപ്പിന് പാകമാകുന്നത് പാലക്കാട്ടെ വയലുകളായതിനാൽ സംഭരണം നീളുന്നത് ജില്ലയിലെ കർഷകരെയാണ് സാരമായി ബാധിക്കുന്നത്. ഒക്ടോബർ ഒന്നിനാണ് രാജ്യത്ത് താങ്ങുവില നൽകി ധാന്യസംഭരണം തുടങ്ങുന്നത്.
എന്നാൽ, ജില്ലയിൽ സെപ്റ്റംബറിൽ വയലുകൾ വിളവെടുപ്പിന് പാകമാകുന്നതിനാൽ കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ 2020ലും ‘21ലും സെപ്റ്റംബറിൽ വിളവെടുപ്പ് നടത്തിയിരുന്നു. ഓരോ വർഷവും 52 ഓളം സ്വകാര്യ മില്ലുകളാണ് സപ്ലൈകോക്കായി കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് അരിയാക്കി നൽകുന്നത്. മില്ലുടമകളുടെ ആവശ്യങ്ങൾ ഇതുവരെ സർക്കാർ പരിഗണിക്കാത്തതിനാൽ സംഭരണത്തിൽ വിട്ടുനിൽക്കാനാണ്
സാധ്യത.
2018ലെ പ്രളയത്തിൽ നഷ്ടം സംഭവിച്ച അരിയുടെയും നെല്ലിന്റെയും തടഞ്ഞുവെച്ച കൈകാര്യ ചെലവിൽ ഏകദേശം 10 കോടിയോളം രൂപ ഈ വകയിൽ മില്ലുകൾക്ക് കിട്ടാനുണ്ടെന്ന് മില്ലുടമകൾ പരാതിപ്പെടുന്നു. ഓരോ യോഗത്തിലും എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും അറിയിക്കുമെങ്കിലും ഇതുവരെയും പ്രശ്നം പരിഹരിച്ചിട്ടില്ലെന്ന് മില്ലുടമകൾ പരാതിപ്പെട്ടു. ഔട്ട് ടേൺ റേഷ്യോ സംബന്ധിച്ച പ്രശ്നവും കൈകാര്യ ചെലവും ഇതുവരെ നടപ്പായിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ വിഷയങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകളിൽ തുടർ നടപടിയും ഇതുവരെ എടുത്തിട്ടല്ല. രജിസ്ട്രേഷൻ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ഓരോ സീസണിലും കൃഷിവകുപ്പിലെ ജീവനക്കാരെയാണ് ജോലി ക്രമീകരണത്തിലൂടെ സപ്ലൈകോ പാഡി വിഭാഗത്തിൽ നിയമിക്കുന്നത്.
തുടർ പ്രവർത്തനം വൈകിയാൽ പതിവുപോലെ ഇത്തവണയും ജില്ലയിലെ നെൽകർഷകർ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവരും. കാർഷികമേഖല പരിപോഷിപ്പിക്കാൻ സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ച കാരണം കർഷകർക്ക് അവയുടെ ഗുണം ലഭിക്കുന്നില്ല. മഴ സജീവമായതിനാൽ കൊയ്തെടുത്ത നെല്ല് വളരെ വേഗം സംഭരിച്ചില്ലെങ്കിൽ മുള വന്ന് നശിച്ചുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.