പുതുനഗരം: കഞ്ചാവ് വിൽപനയുടെ ഇടത്താവളങ്ങളായി ഗ്രാമങ്ങൾ മാറുന്നു. കൊടുവായൂർ, പുതുനഗരം, പെരുവെമ്പ് പഞ്ചായത്തുകളിൽ കഞ്ചാവ് വിൽപനക്കാർ തമ്പടിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പുതുനഗരം റെയിൽവേ ലൈൻ, റെയിൽവേ സ്റ്റേഷൻ പരിസരം, റെയിൽവേ ക്വാർട്ടേഴ്സ്, വിരിഞ്ഞിപ്പാടം റോഡ് എന്നിവിടങ്ങളിലും കൊടുവായൂരിൽ ബസ് സ്റ്റാൻഡ് പരിസരം, പിട്ടുപീടിക, മന്ദത്തുകാവ്, നൊച്ചൂർ, വെമ്പല്ലൂർ റോഡ് എന്നിവിടങ്ങളിലും പെരുവെമ്പ് പഞ്ചായത്തിൽ ഒറ്റപ്പന, പാലത്തുള്ളി റോഡ്, അപ്പളം-കനാൽ റോഡ്, തണ്ണിശേരി എന്നിവിടങ്ങളിലുമാണ് വിൽപന വ്യാപകമായിട്ടുള്ളത്.
ബൈക്കുകളിലും കാറുകളിലുമാണ് ചില്ലറ വിൽപനക്കാർ എത്തുന്നത്. വൈദ്യുതി പോസ്റ്റിന്റെ നമ്പർ, കനാൽ കൾവർട്ടുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രം, വിജനമായ പ്രദേശത്ത് ചില വൻമരങ്ങൾ എന്നിവയുടെ അടയാളങ്ങളും മാപ്പ് ലൊക്കേഷനും ഉപയോഗിച്ചാണ് വിൽപന. വിദ്യാർഥികളാണ് ഇവരുടെ ഇരകളാകുന്നത്. കഞ്ചാവും ബീഡിക്കകത്തുള്ള പുകയിലയും കലർത്തിയാണ് വിൽപന.
ചിലർ ബീഡിക്കകത്തുള്ള പുകയില പുറത്തെടുത്ത് പകരം കഞ്ചാവ് കയറ്റിയാണ് വിൽക്കുന്നത്. പൊള്ളാച്ചിയിൽ നിന്നാണ് കൊല്ലങ്കോട്, കൊടുവായൂർ, നെന്മാറ, വടക്ക ഞ്ചേരി, ആലത്തൂർ, പാലക്കാട് എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഇത് എത്തി ക്കുന്നത്.
തുടർന്ന് ചില്ലറ വിൽപനക്കാർക്ക് വിതരണം ചെയ്യുന്ന ഏജന്റിന് കൈമാറും. ലോക് ഡൗൺ കാലഘട്ടത്ത് വ്യാപകമായ കഞ്ചാവ് വിൽപന ശൃംഖല നിലവിൽ എത്താത്ത പ്രദേശങ്ങൾ കുറവാണെന്ന് നാട്ടുകാർ പറയുന്നു. എക്സൈസ്, പൊലീസ് എന്നിവർ നടപടിയിൽ പിന്നോട്ടുപോയതാണ് മാഫിയ വളരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
പഞ്ചായത്തുകളിലും വാർഡുകളിലും ജനജാഗ്രത കമ്മിറ്റികൾ രൂപവത്കരിക്കാറുണ്ടെങ്കിലും ഇവയൊന്നും ലഹരിശൃംഖലയെ കണ്ടെത്താനോ ഇല്ലാതാക്കാനോ ശ്രമിക്കാത്തതും വിൽപനക്കാർക്ക് സഹായകമായി. വിദ്യാർഥികളെ ഇരയാക്കി കഞ്ചാവ് വിൽപന നടത്തുന്നവർക്കെതിരെ പൊലീസ് എക്സൈസ് എന്നിവ സംയുക്തമായി സ്കൂൾ തലങ്ങളിൽ പി.ടി.എ കമ്മിറ്റിയെ ഉൾപ്പെടുത്തി ജാഗ്രത ഗ്രൂപ്പുകൾ രൂപവത്കരിച്ച് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊടുവായൂർ: വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പൊലീസിന്റെ പിടിയിലായി. പുതുനഗരം പിലത്തൂർമേട് ആനമല ഹൗസ് ഷമീറിനെയാണ് (22) പുതുനഗരം ഇൻസ്പെക്ടർ എ. ദീപകുമാറും സംഘവും പിടികൂടിയത്. സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയായ ഷമീറിനെ കൊടുവായൂർ നെച്ചൂരിൽ വെച്ചാണ് 1.2 കിലോ ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
സംഘത്തിൽ എസ്.ഐ കെ. ദിവാകരൻ, എ.എസ്.ഐമാരായ എം. വിജയകുമാർ, രാജൻ, എസ്.സി.പി.ഒമാരായ സി. സുകുമാരൻ, എം. മണികണ്ഠൻ, വി. രാമൻ, ആർ. അനിൽകുമാർ, സി.പി.ഒമാരായ ലിധീഷ്, സുരേഷ്, ജി. സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഷമീറിനെ പിടികൂടിയത്. പുതുനഗരം പൊലീസ് സ്റ്റേഷനിൽ മൂന്നും ചിറ്റൂർ എക്സൈസിൽ ഒന്നും ഇയാൾക്കെതിരെ കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചെർപ്പുളശ്ശേരി: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ചെർപ്പുളശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 1.158 കിലോ കഞ്ചാവുമായി കൈലിയാട് കുന്നപ്പുള്ളി വീട്ടിൽ മുഹമ്മദ് അഷ്റഫ് (39) പിടിയിലായി.
കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കുറച്ച് മാസങ്ങളായി ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വിൽപന നടത്തിവരുകയായിരുന്നു. ചളവറ, കൈലിയാട് ഭാഗങ്ങളിൽ വിൽപന വ്യാപകമാണെന്ന് പരാതി ലഭിച്ചതിൽ ദിവസങ്ങളായി എക്സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.
എക്സൈസ് സംഘത്തിന്റെ പരിശോധന കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് ചില്ലറവിപണിയിൽ അര ലക്ഷത്തോളം വിലവരും. ഒറ്റപ്പാലം കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റിവ് ഓഫിസർ ശിവശങ്കരൻ, മുഹമ്മദ് മുസ്തഫ, സി.ഇ.ഒമാരായ ജയപ്രകാശ്, ശ്രീകുമാർ വാക്കട, കെ.പി. രാജേഷ്, ഡ്രൈവർ സാജിർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
അഗളി: പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡും പാലക്കാട് ഐ.ബി ടീമും അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിൽ അട്ടപ്പാടി കുരുക്കത്തികല്ല് ഊരിന് സമീപം നായ് മേട്ടുമലയിലെ വനത്തിൽനിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.
15 ദിവസം മുതൽ ഒന്നര മാസം വരെ ആയ 375 ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി. സുമേഷ്, പ്രിവന്റിവ് ഓഫിസർമാരായ ടി.പി. മണികണ്ഠൻ, എ.കെ. സുമേഷ്, ആർ.എസ്. സുരേഷ്, സിവിൽ ഓഫിസർമാരായ ജി. വിജേഷ് കുമാർ, ബെൻസൺ ജോർജ്, കെ.എ. ഷാബു, പി. പ്രശാന്ത്, കെ. സുമേഷ്, വനിത സിവിൽ ഓഫിസർ എം. നിമ്മി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജിഷ്ണു, ഫോറസ്റ്റ് വാച്ചർമാരായ മാരിയപ്പൻ, എക്സൈസ് ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.