വ്യാ​ഴാ​ഴ്ച പാ​ല​ക്കാ​ട് മേ​ലാ​മു​റി മാ​ർ​ക്ക​റ്റി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഗ​താ​ഗ​ത തി​ര​ക്ക്

നിറദീപം തെളിയിച്ച്, മനം നിറച്ച് വിഷു ആഘോഷം

ആനക്കര: മലയാളികളുടെ മനം നിറയെ ആഘോഷത്തി‍ന്‍റെ നിറദീപം തെളിയിച്ച് വിഷു. ഓണം കഴിഞ്ഞാൽ മലയാളിയുടെ പ്രധാന ആഘോഷവും വിഷുവാണ്. മലയാള മാസത്തെ അടിസ്ഥാനമാക്കി മേടം ഒന്നിനാണ് കാർഷിക ഉത്സവം കൂടിയായ വിഷു ആഘോഷിക്കുന്നത്.

അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങൾ ചിന്തിക്കുന്നത്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ് ണന്‍റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്.

വിഷു എന്നാൽ തുല്യമായത് എന്നാണ് അർഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയിൽനിന്ന് അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.

സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. വിഷുഫലം അനുസരിച്ചാണ് ഈ കാലത്തും കാര്‍ഷിക പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുന്നതെന്നതിനാല്‍ വിഷു കാര്‍ഷിക പ്രവൃത്തിയുടെതെന്നുതന്നെ സ്പഷ്ടമാവുന്നു.

വിഷുത്തിരക്കിലമർന്ന് പാലക്കാട് നഗരം

പാലക്കാട്: മഹാമാരി ഒഴിഞ്ഞെത്തിയ വിഷു വർണാഭമാക്കാൻ നാടൊരുങ്ങി. മഴയൊഴിഞ്ഞ വിഷുത്തലേന്ന് അവശ്യസാധനങ്ങളും വിഷുക്കോടിയും വാങ്ങാനായി ഒഴുകിയെത്തിയ ജനം നഗരം കൈയടക്കി. വെയിൽ തെളിഞ്ഞ പകൽ വലിയങ്ങാടിയിലും പ്രധാന നിരത്തുകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. വസ്ത്രക്കടകളിൽ പുതുവസ്ത്രം എടുക്കാനായി കുടുംബങ്ങൾ തിക്കിത്തിരക്കി. വിഷുക്കണി വാങ്ങാനായി പഴക്കടകളിലും വഴിയോരക്കച്ചവടക്കാരുടെ അടുത്തും ആവശ്യക്കാരെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുംമൂലം ആളുകൾ പുറത്തിറങ്ങാൻ മടിച്ചതിനാൽ പടക്ക വിൽപ്പന ശാലകളിൽ തിരക്ക് കുറവായിരുന്നെങ്കിലും വിഷുത്തലേന്ന് കച്ചവടം പൊടിപാറി.

പഴ വിപണിയിൽ ഉണർവ്; മൈസൂർ തണ്ണിമത്തന് പ്രിയം

മു​ണ്ടൂ​രി​ലെ പ​ഴം-​പ​ച്ച​ക്ക​റി വി​പ​ണിText

മുണ്ടൂർ: വിഷു ആഘോഷത്തോടനുബന്ധിച്ച് പഴ വിപണിയിൽ ഉണർവ്. കണി സാധനങ്ങളിൽ പഴവർഗങ്ങൾക്ക് മുന്തിയ പരിഗണനയാണുള്ളത്. വേനൽ ചൂടും റമദാൻ വ്രത നാളുകളും പഴവിപണി സജീവമാക്കുന്നു. നാടൻ പഴവർഗങ്ങൾക്കൊപ്പം മൈസൂർ തണ്ണിമത്തനാണ് വിപണിയിലെ ആകർഷകമായ ഉത്പന്നം. സമീപ ഗ്രാമപഞ്ചായത്തുകളിലെ കർഷകർ വിഷു വിപണി കണക്കിലെടുത്ത് മൈസൂർ തണ്ണിമത്തൻ കൃഷി ഇറക്കിയിരുന്നു. പൊതു വിപണിയിൽ മൈസൂർ തണ്ണിമത്തന് കിലോക്ക് 30 രൂപയാണ് വില. വ്യാഴാഴ്ച നാട്ടിൻ പുറങ്ങളിലും നഗരപ്രദേശങ്ങളിലും ഒരു പോലെ കണിക്കൊന്നയും വിൽപ്പനക്കെത്തിച്ചിരുന്നു. കണിവിഭവങ്ങളിൽ വെറ്റില, അടക്ക, കദളിപഴം, മാങ്ങ, മാമ്പഴം, ലോഹകണ്ണാടി എന്നിവക്കും ആവശ്യക്കാർ ഏറെയായിരുന്നു.

വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകള്‍ കത്തിച്ച് ശുചീകരണം നടത്തും. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല.

ഓട്ടുരുളയിലാണ് വിഷുക്കണി ഒരുക്കുന്നത്. കണി കണ്ട ശേഷം ഗൃഹനാഥൻ വര്‍ഷം മുഴുവൻ സമ്പൽ സമൃദ്ധി ഉണ്ടാകട്ടെ എന്ന അനുഗ്രഹിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ക്ക് കൈനീട്ടം നൽകും.

വിപണിയിൽ സ്വർണ വെള്ളരിക്ക് ഡിമാൻഡ്

ത​ച്ച​മ്പാ​റയിൽ വി​പ​ണി​യി​ലെ​ത്തി​യ സ്വ​ർ​ണ വെ​ള്ള​രി

കല്ലടിക്കോട്: വിഷുവിന് കണികാണാനുള്ള സ്വർണ വെള്ളരിക്ക് പൊതുവിപണിയിൽ വൻ ഡിമാന്‍റ്. കരിമ്പ, കാരാകുർശി, തച്ചമ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ പറമ്പുകളിലും പാടങ്ങളിലും കൃഷിയിറക്കിയവർ വിളവെടുത്തതും വിൽക്കാനായി കടകളിലെത്തിച്ചതുമാണ് നാടൻ സ്വർണ കണിവെള്ളരി കടകളിൽ സ്ഥാനം പിടിച്ചത്.

സമൃദ്ധിയുടെ പ്രതീകമായ കണിസാധനങ്ങളിൽ കണിവെള്ളരിക്കുള്ളത് മുന്തിയ സ്ഥാനമാണ്. ഇതിന് കിലോക്ക് 30 മുതൽ 40 വരെ വിലയുണ്ട്. വിഷുത്തലേന്നാണ് കണിവെള്ളരി വാങ്ങാൻ കൂടുതൽ ആളുകൾ വിപണിയിൽ എത്തിയത്. എന്നാൽ, പ്രതീക്ഷിച്ച ലാഭം ഇക്കുറിയും ലഭിച്ചില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. കർഷകർ വിൽക്കുമ്പോൾ കിലോക്ക് 10 മുതൽ 20 വരെ രൂപ മാത്രമാണ് ലഭിക്കുന്നത്.

ഇല അട ഇക്കുറി പ്ലാശിലയിൽ തന്നെ

അ​മ്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഷു ച​ന്ത​യി​ൽ വി​ൽ​പ്പ​ന​ക്കെ​ത്തി​യ പ്ലാ​ശ് ഇ​ലext

ഒറ്റപ്പാലം: വിഷു വിപണിയിൽ പ്ലാശ് ഇല വിൽപനക്കെത്തിയത് കണ്ട് പുതിയ തലമുറക്ക് ആശ്ചര്യം. പൊരുളറിയുന്നവർക്ക് ആവേശം. ഇക്കുറി വിഷുവിന് പരമ്പരാഗത രീതിയിൽ ഇല അട പൊടിപൊടിക്കാമെന്ന് സംഗതി അറിയാവുന്നവരുടെ അടക്കം പറച്ചിൽ. പൂർവികർ ഇല അടയുണ്ടാക്കാൻ പൊതുവായി ആശ്രയിച്ചിരുന്ന പ്ലാശ് ഇല വിൽപന വസ്തുവായി പ്രത്യക്ഷപ്പെട്ടത് അമ്പലപ്പാറ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന വിഷു ചന്തയിലാണ്. പത്ത് ഇലകൾ വീതമുള്ള ഒരു കെട്ടിന് 10 രൂപയാണ് വില. വിഷു കഞ്ഞിക്ക് സമാനമായി വിഷു നാളിലെ സ്വാദേറിയ പലഹാരമാണ് ഇല അട. ഇതിന് പ്ലാശി‍െൻറ ഇല വേണമെന്നതായിരുന്നു പഴമക്കാരുടെ രീതി. യഥേഷ്ടം ലഭിച്ചിരുന്നതുകൊണ്ടും ഔഷധഗുണമുള്ളതുകൊണ്ടും പ്ലാശിലയോട് ഇഷ്ടം കൂടി.

വേനലിലും തളിരിട്ട് നിൽക്കുന്ന നിത്യഹരിത മരങ്ങളുടെ കൂട്ടത്തിലുള്ള പ്ലാശ് മരത്തി‍െൻറ വിവിധ ഭാഗങ്ങൾ ഔഷധ ഗുണം നിറഞ്ഞതാണെന്ന് ആയുർവേദവും സമർഥിക്കുന്നു.

ഗ്രാമീണ മേഖലകളിലെ തുറസായ പറമ്പുകളിലും പാടശേഖരങ്ങളോട് ചേർന്നും പ്ലാശ് മരങ്ങൾ വ്യാപകമായി ആദ്യകാലത്ത് കണ്ടിരുന്നു. മിനുമിനുത്ത പ്ലാശിലയിലെ മാവ് ആവിയേറ്റ് വേവുമ്പോൾ ഇലയിലെ ഔഷധ ഗുണം അടയിലേക്ക് ആവാഹിക്കപ്പെടുന്നത് വയറിനും ആരോഗ്യത്തിനും നല്ലതെന്നാണ് പഴമക്കാരുടെ നിരീക്ഷണം. വിശേഷാവസരങ്ങളിൽ പ്ലാശി‍െൻറ ഒന്നിലേറെ ഇലകൾ ഈർക്കിൽകൊണ്ട് തുന്നിച്ചേർത്ത് സദ്യ ഉണ്ണാൻ വരെ ഉപയോഗിച്ചിരുന്നതായി പ്രായമായവർ ഓർക്കുന്നു. കണിക്കൊന്നയും കണിവെള്ളരിയും അനുബന്ധ പച്ചക്കറികളും വാങ്ങുന്നതിനൊപ്പം ഒന്നോ രണ്ടോ കെട്ട് പ്ലാശിലയും സഞ്ചിയിലാക്കിയാണ് മടക്കമെന്നത് ഇതി‍െൻറ സ്വീകാര്യതയാണ് വെളിപ്പെടുത്തുന്നത്.

വെറ്റിലക്ക് തീവില

കൊല്ലങ്കോട്: കൈനീട്ടത്തിനുള്ള വെറ്റിലക്ക് തീവില. 200 തടുക്കുകൾ ഉള്ള വെറ്റിലക്ക് 7000-9000 രൂപ വരെയാണ് വില. ലോക്ഡൗണിനു മുമ്പും ലോക്ഡൗൺ കാലത്തും ഇതിന് 5000ൽ താഴെയായിരുന്നു വില.

മഴ കുറഞ്ഞതിനാലാണ് തമിഴ്നാട്ടിൽ നിന്ന് ജില്ലയിൽ വിൽപനക്കെത്തുന്ന വെറ്റിലക്ക് വില വർധിച്ചത്. ഈറോഡ്, കാങ്കേയം, ഒസൂർ എന്നിവിടങ്ങളിലാണ് വെറ്റില കൂടുതൽ കൃഷി ചെയ്യുന്നത്. കർപ്പൂര വെറ്റില, ചെറുവെറ്റില, നാക്ക് വെറ്റില, കറൂർ വെറ്റില, തളിർവെറ്റില എന്നിങ്ങനെ എട്ടിലധികം ഇനങ്ങൾ ഉണ്ടെങ്കിലും കറൂർ വെറ്റിലക്കാണ് ജില്ലയിൽ പ്രിയമെന്ന് നാലര പതിറ്റാണ്ടിലധികം വെറ്റില വ്യാപാരം നടത്തുന്ന അബ്ദുൽ റസാഖ് പറയുന്നു. വില വർധിച്ചാലും വിഷുവിന് വെറ്റില പ്രധാനപ്പെട്ടതായതിനാൽ എണ്ണത്തിൽ കുറച്ച് മാത്രമാണ് ആളുകൾ വാങ്ങുന്നത്.

Tags:    
News Summary - vishu 2022 celebrations in district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.