മുതലമട: മീങ്കര ഡാമിൽനിന്ന് ജലമൂറ്റുന്നത് നിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. വേനൽ ആരംഭിച്ചിരിക്കെ കുടിവെള്ളത്തിന് പോലും പ്രയാസപ്പെടുന്ന സാഹചര്യത്തിൽ എക്കൽ മണ്ണ് ശേഖരിക്കുന്ന കരാർ കമ്പനിക്ക് മണൽ വേർതിരിക്കാൻ ജലനിരപ്പ് കുറഞ്ഞ ഡാമിൽനിന്ന് വെള്ളം നൽകുന്നതിനെതിരെയാണ് നാട്ടുകാർ രംഗത്തുവന്നത്.
മീങ്കര ഡാമിനകത്ത് രണ്ടു വലിയ പൈപ്പുകൾ സ്ഥാപിച്ചാണ് വൻതോതിൽ വെള്ളം ഊറ്റിയെടുക്കുന്നത്. ഈ ജലം എക്കൽ മണ്ണിൽനിന്നും വിവിധ തരത്തിലുള്ള മണൽ വേർതിരിക്കാൻ ഉപയോഗപ്പെടുത്തുന്നു. മൂന്ന് പഞ്ചായത്തുകളിലായി പതിനാലായിരത്തിലധികം വരുന്ന ഗുണഭോക്താക്കൾക്കാണിത് പ്രയാസമുണ്ടാക്കുക.
ജലസേചന വകുപ്പിന്റെ അനുവാദത്തോടെ ചെയ്യുന്ന പ്രവർത്തനമാണെങ്കിലും കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്തുകളിലായി പതിനാലായിരം ഗാർഹിക കണക്ഷനുകൾ നൽകിയ മീങ്കര ശുദ്ധജല പദ്ധതിക്ക് വെള്ളം ലഭ്യമാകാത്ത സ്ഥിതിയുണ്ടാകും. നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തിലധികം പേർ മീങ്കര ജലം ഉപയോഗിക്കുന്നുണ്ട്. ഒരു ദിവസം നാലര ലക്ഷം ലിറ്റർ ജലമാണ് ഡാമിൽനിന്ന് പമ്പ് ചെയ്യുന്നത്.
നിലവിൽ ഡാമിലെ ജലനിരപ്പ് 22.1 അടിയാണ്. പരമാവധി ജലനിരപ്പ് 39 അടിയും. ജനനിരപ്പ് കുറഞ്ഞതിനാൽ കലങ്ങിയ വെള്ളമാണ് കുടിക്കാനെത്തുന്നത്. കഴിഞ്ഞ വർഷം ജനുവരി 23ന് 33.3 അടിയായിരുന്നു ജലനിരപ്പെങ്കിൽ ഇത്തവണ 22 വരെ എത്തി. വെള്ളമൂറ്റൽ നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പറമ്പിക്കുളം-ആളിയാർ കരാർ അനുസരിച്ച് മൂലത്തറ കമ്പാലത്തറ വഴി കേരളത്തിന് ലഭിക്കേണ്ട ജലവിഹിതം എത്താത്തതാണ് ജലനിരപ്പ് ഇത്രത്തോളം താഴാൻ കാരണം. ആഴ്ചകൾക്കുമുമ്പ് ഉണ്ടായ പറമ്പിക്കുളം മേഖലയിലെ ശക്തമായ മഴയെ തുടർന്ന് ലഭിച്ച ജലം പോലും തകർച്ച കാരണം ഡാമിലെത്തിയില്ല.
കരാർ കമ്പനിക്ക് നൽകുന്നതിലൂടെ കുടിവെള്ളം ഇല്ലാതാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. എന്നാൽ ഡാമിലെ ജലം മണൽ വേർതിരിക്കുന്ന പ്രക്രിയ കഴിഞ്ഞശേഷം തിരിച്ചു ഡാമിലേക്ക് എത്തുന്നുണ്ടെന്നാണ് ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ വിശദീകരണം. എക്കൽ മണ്ണ് ശുചീകരണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന് നിറവ്യത്യാസമുണ്ടെന്നും പരാതിയുണ്ട്. മണൽ ശുചീകരണത്തിന് ജലം ഉപയോഗിക്കുന്നത് തടയാൻ ജനപ്രതിനിധികളുൾപ്പെടെ രംഗത്ത് വരണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.