പാലക്കാട്: ജില്ല കനത്ത ജലക്ഷാമത്തിൽ വലയുമ്പോഴും കരാർ പ്രകാരമുള്ള ജലം വാങ്ങിയെടുക്കുന്നതിൽ വീഴ്ച. പറമ്പികുളം-ആളിയാർ കരാർ പ്രകാരം ഒരു ജലവർഷത്തിൽ മണക്കടവ് വെയറിൽ 7.25 ടി.എം.സി ജലത്തിന് കേരളത്തിനർഹതയുണ്ട്.
നിലവിലെ ജലവർഷമായ 2023-‘24 മാർച്ച് രണ്ടാമത്തെ ആഴ്ച വരെ 6.32 ടി.എം.സി ജലം കേരളത്തിന് ലഭ്യമാക്കണം. എന്നാൽ 4.80 ടി.എം.സി ജലമാണ് ലഭിച്ചത്. 1.54 ടി.എം.സിയുടെ കുറവുണ്ട്. കേരളത്തിന് അർഹതപ്പെട്ട ജലം ഉറപ്പാക്കിയേ കേരള ഷോളയാർ റിസർവോയറിൽനിന്ന് പറമ്പിക്കുളത്തേക്ക് ജലം തിരിച്ചുവിടാവൂ എന്ന വ്യവസ്ഥ
യുണ്ട്. എന്നാൽ ഇത് പാലിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതാണ് ജില്ലയിലെ ജലക്ഷാമത്തിന് കാരണം. ചിറ്റൂർപുഴ പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും ഈ ജലമാണ് ഉപയോഗിക്കുന്നത്. അർഹമായ ജലം യഥാസമയം നേടിയെടുക്കാൻ കഴിഞ്ഞെങ്കിൽ ചിറ്റൂർ-ഭാരതപ്പുഴകളിലേക്ക് വെള്ളം തുറന്നുവിട്ട് ജലക്ഷാമം പരിഹരിക്കാമായിരുന്നു.
സെക്കൻഡിൽ 35 ഘനയടി തോതിലാണ് വെള്ളം വിട്ടുതന്നത്. കഴിഞ്ഞദിവസം കേരളം ഇടപെട്ടതോടെ ഇത് 83 ഘനയടിയാക്കി ഉയർത്തി. 250 ഘനയടി തോതിൽ വെള്ളം ചിറ്റൂർപുഴയിലേക്ക് ലഭ്യമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ മാത്രമെ ജില്ലയിലെ ക്ഷാമത്തിന് ഒരു പരിധിവരെ പരഹാരമാവൂ.
പാലക്കാട്: കനത്ത ചൂടിൽ ജില്ല വെന്തുരുകുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 41.8 ഡിഗ്രി സെൽഷ്യസ് ശനിയാഴ്ച മുണ്ടൂർ ഐ.ആർ.ടി.സിയിൽ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസവും 40 ഡിഗ്രിക്ക് മുകളിൽ താപനിലയാണ് രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ചൂട് കൂടുന്ന പ്രവണതയാണ്. ജലവിഭവ വകുപ്പിന്റെ മലമ്പുഴ അണക്കെട്ടിലുള്ള താപമാപിനിയിലും ശനിയാഴ്ച 41.5 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഏപ്രിൽ അവസാനവും മേയിലുമാണ് ജില്ലയിൽ പൊതുവെ ചൂട് കൂടുതൽ അനുഭവപ്പെടാറുള്ളത്. എന്നാൽ ഈ വർഷം നേരത്തേതന്നെ ഉയർന്ന ചൂടു രേഖപ്പെടുത്തിത്തുടങ്ങിയത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. രാത്രിയിൽ കുറഞ്ഞ താപനിലയിലും വർധനയുണ്ട്.
സംസ്ഥാനത്ത് സ്ഥിരം ഉയർന്ന ചൂടു രേഖപ്പെടുത്തുന്ന ജില്ല കൂടിയായ പാലക്കാട്ടു മുമ്പ് സൂര്യാഘാതത്താലുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിർദേശം നൽകി. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാനസാഹചര്യമാണ് ഇവിടെയും ചൂട് കൂടാൻ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വേനൽ മഴയിലുണ്ടായ ഗണ്യമായ കുറവും ഇത്തവണ തിരിച്ചടിയായി. ചൂടിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശവും കുറഞ്ഞുവരുന്നതിനാൽ ഉഷ്ണം കൂടുതലാണ്. അതേസമയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ ഉഷ്ണം താരതമ്യേന കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.