പാലക്കാട്: ജില്ലയിൽ ചില ഏജൻസികൾ വിതരണം ചെയ്യുന്ന പാചക വാതക സിലിണ്ടറുകളിൽ മതിയായ തൂക്കം ഗ്യാസ് ഇല്ലെന്ന് പരാതി. പാചക വാതകത്തിന് ഗണ്യമായി വില വർധിച്ചതിനെ തുടർന്ന് നട്ടം തിരിയുന്നതിനിടയിലാണ് ഏജൻസികളിലെ ചില ജീവനക്കാർ ഗ്യാസിെൻറ തൂക്കത്തിൽ കുറവ് വരുത്തി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. സിലിണ്ടറിലെ ഗ്യാസ് പെട്ടെന്ന് തീരുമ്പോഴാണ് പലരും പൂർണമായും ഗ്യാസ് ഇല്ലെന്ന് അറിയുന്നത്. കോവിഡ് സാഹചര്യത്തിൽ സർക്കാർ ഏജൻസികൾ മതിയായ പരിശോധന നടത്താത്തതാണ് തട്ടിപ്പിന് സാഹചര്യം ഒരുക്കുന്നത്. ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതി അടുത്ത കാലത്ത് ഗണ്യമായി വർധിച്ചിട്ടുണ്ട്.
മാനദണ്ഡങ്ങൾ പാലിക്കുന്നില്ല
സിലിണ്ടറുകൾ ഉപഭോക്താക്കളുടെ താമസസ്ഥലത്ത് എത്തിച്ചു കൊടുക്കുന്നതും ശൂന്യമായ സിലിണ്ടറുകൾ തിരികെ എടുക്കുന്നതും ഗ്യാസ് ഏജൻസികളുടെ ഉത്തരവാദിത്തമാണ്. സിലിണ്ടറുകൾ വിതരണം ചെയ്യുന്ന സമയത്ത് ഡെലിവറി ബോയ് ഗ്യാസ് സിലിണ്ടറിനോടൊപ്പം വെയിങ് മെഷിൻ കൊണ്ടുപോകുകയും, സിലിണ്ടറുകൾ ശരിയായ തൂക്കത്തിലും അളവിലുമാണെന്ന് ഉപഭോക്താക്കൾക്ക് തത്സമയം കാണിച്ച് ഉറപ്പുവരുത്തുകയും, വാൽവിൽ ലീക്കേജ് ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം.
അപാകതയുള്ള സിലിണ്ടറുകൾ തിരികെ എടുത്ത് പകരം സിലിണ്ടറുകൾ നൽകണം. എന്നാൽ, ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. സിലിണ്ടറുകൾ പല സ്ഥലത്തും റോഡുവശങ്ങളിലും പൊതുവഴിയിലും ഉപേക്ഷിച്ചുപോകുന്ന കാഴ്ചയാണുള്ളത്. അഞ്ച് കിലോമീറ്റർ ചുറ്റളവിന് അപ്പുറത്തേക്ക് ഏജൻസികൾ സിലിണ്ടർ വിതരണം ചെയ്യുന്നതിന് കിലോമീറ്റർ നിരക്കിൽ ഗുണഭോക്താക്കളിൽനിന്ന് ഡെലിവറി ചാർജ് വാങ്ങുന്നുണ്ട്.
പണം'ഗ്യാസാകും'
പാചകവാതക സോഷ്യൻ മോണിറ്ററിങ് സമിതികളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. കൃത്രിമ പാചകവാതക ക്ഷാമം, പാചകവാതകത്തിന്‍റെ ദുരുപയോഗം എന്നിവ തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപവത്കരിച്ച സോഷ്യൽ മോണിറ്ററിങ് സമിതികൾ നിശ്ചലമാണ്. പല ഭരണസമിതികൾക്കും ഇവയെക്കുറിച്ച് ധാരണപോലുമില്ല.
2012ലാണ് എല്ലാ പഞ്ചായത്തുകളിലും സോഷ്യൽ മോണിറ്ററിങ് സംവിധാനം രൂപവത്കരിക്കുന്നതിന് സർക്കാർ ഉത്തരവിറക്കിയത്. രണ്ടു മാസത്തിലൊരിക്കൽ താലൂക്ക് സപ്ലൈ ഓഫിസറുടെ സാന്നിധ്യത്തിൽ കമ്മിറ്റി യോഗം ചേർന്ന് ഗ്യാസ് വിതരണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്തി, ഗ്യാസ് വിതരണത്തിലെ കാലതാമസം, ഉപഭോക്താക്കളുടെ പരാതികൾ, വിതരണത്തിലെ തർക്കങ്ങൾ എന്നിവ പരിഹരിക്കുന്നതാണ് സമിതികളുടെ പ്രവർത്തനങ്ങൾ. എന്നാൽ, സമിതികളുടെ പ്രവർത്തനം സംബന്ധിച്ച് ജില്ലകളിൽനിന്നു ലഭിച്ച റിപ്പോർട്ടുകൾ പരിശോധിച്ചതിൽ പല പഞ്ചായത്തുകളിലും സമിതികൾ രൂപവത്കരിച്ചിട്ടില്ലാത്തതും, രൂപവത്കരിച്ച പഞ്ചായത്തുകളിൽ സമിതികൾ യോഗം കൂടുന്നില്ലെന്നുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.