കൽച്ചാടിയിൽ കാട്ടാനക്കൂട്ടം വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ചു
നെന്മാറ: അയിലൂർ കൽച്ചാടിയിൽ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തി. വ്യാഴാഴ്ച അർധരാത്രിയോടെയാണ് കാട്ടാനകൾ കൃഷിയിടത്തെത്തിയത്. കൽച്ചാടിയിൽ എൽദോസ് പണ്ടിക്കുടിയിൽ, എം. അബ്ബാസ് ഒറവഞ്ചിറ, കുള്ളായി കൃഷ്ണൻ, വേണുഗോപാലൻ എന്നിവരുടെ കൃഷിയിടങ്ങളിലെ കുരുമുളക്, കമുക്, ഫലവൃക്ഷങ്ങൾ തുടങ്ങി നിരവധി മരങ്ങൾ നശിപ്പിച്ചത്. കൃഷ്ണൻ, വേണുഗോപാലൻ എന്നിവരുടെ കൃഷിയിടങ്ങളിലും ആനകൾ നാശം വിതച്ചിട്ടുണ്ട്.
നെന്മാറ വനം ഡിവിഷനു കീഴിലെ അയിലൂർ പഞ്ചായത്തിലെ തിരുവഴിയാട് സെക്ഷനു കീഴിലെ കൽച്ചാടി മലയോര മേഖലയിലെ സൗരോർജ വൈദ്യുത വേലി ചെരിച്ചിട്ടും പുഴക്ക് കുറുകെ പോകുന്ന ഭാഗത്ത് ഉയർത്തിക്കെട്ടിയ വൈദ്യുത വേലിക്ക് അടിയിൽ കൂടിയുമാണ് കൃഷിയിടങ്ങളിലേക്ക് കാട്ടാനക്കൂട്ടം എത്തിയതെന്ന് കർഷകർ പറഞ്ഞു. കൽച്ചാടി പുഴക്ക് കുറുകെ വൈദ്യുതവേലി കടന്നുപോകുന്ന ഭാഗത്ത് വൈദ്യുത വേലി ഉയരത്തിൽ സ്ഥാപിച്ചതിനാൽ കാട്ടാനക്കൂട്ടത്തിന് സുഖമായി കൃഷിയിടങ്ങളിൽ എത്താൻ കഴിയുന്നുണ്ട്.
നിരവധിതവണ ഈ പ്രശ്നം വനം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രതിരോധ നടപടി സ്വീകരിച്ചില്ലെന്ന് കർഷകർ പറഞ്ഞു. വൈദ്യുത വേലി പ്രവർത്തിപ്പിക്കുന്ന ബാറ്ററിയുടെ ശേഷിക്കുറവ് കാരണം ഏതാനും മണിക്കൂറുകൾ മാത്രമായി വൈദ്യുതി പ്രസരണം ചുരുങ്ങിയിരിക്കുകയാണ്. കാട്ടാനകൾ കൂടാതെ മാൻ, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവയും സ്ഥിരമായി പ്രദേശത്തെ കൃഷിയിടങ്ങളിൽ എത്തുന്നുണ്ടെന്ന് കർഷകർ പറയുന്നു. കാട്ടാനപ്പേടിയിൽ പ്രദേശത്തുനിന്ന് കർഷകർ താമസം ഉപേക്ഷിച്ചു പോകുന്നത് ആനകൾക്ക് മേഖലയിൽ വിഹരിക്കാൻ സൗകര്യമായെന്ന് കർഷകനായ കൃഷ്ണൻ പറഞ്ഞു. മേഖലയിൽ ആൾതാമസം ഒഴിഞ്ഞതിനാൽ ദ്രുതപ്രതികരണ സേനയെയും പ്രദേശവാസികൾക്ക് അറിയിക്കാൻ കഴിയുന്നില്ല. നേരത്തെ സർക്കാർ ഉത്തരവായ സൗരോർജ തൂക്കുവേലിയുടെ നിർമാണവും മേഖലയിൽ ആരംഭിച്ചിട്ടില്ല.
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ വൈദ്യുതി എത്തിക്കുന്നതിൽ തടസ്സം നിൽക്കുന്ന വനം വകുപ്പ് അധികൃതരുടെ തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി നേതൃത്വത്തിൽ 27ന് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കൊല്ലങ്കോട് നിന്നും നെല്ലിയാമ്പതിയിലേക്ക് 33 കെ.വി ലൈൻ വലിക്കുന്നതിന് ആവശ്യമായ ടവർ നിർമിക്കാൻ നെന്മാറ ഡി.എഫ്.ഒ അനുമതി നിഷേധിച്ചതുമൂലം ആണ് നെല്ലിയാമ്പതിയിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടായത്. മഴക്കാലമായാൽ ദിവസങ്ങളോളം നെല്ലിയാമ്പതിയിൽ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. നിരവധി തവണ നെന്മാറ ഡി.എഫ്.ഒക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് സമരസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.