അകത്തേത്തറ/നെന്മാറ: മലമ്പുഴ ഉൾക്കാട്ടിൽനിന്നിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ വൻ നാശം വരുത്തി. കഴിഞ്ഞ ദിവസം അർധരാത്രിയിറങ്ങിയ കാട്ടാനകൾ ചീക്കുഴിയിൽ വീടിന്റെ മുന്നിലെ പറമ്പിലെ കുലക്കാറായ വാഴകൾ പിഴുതും ചവിട്ടി മെതിച്ചും ദീർഘസമയം നാട്ടുകാരെ ഭീതിയിലാക്കി. മറ്റൊരുവീടിന്റെ മുൻവശം തകര്‍ത്തു. ദ്രുതപ്രതികരണ സംഘമെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാട് കയറ്റിയത്.
ധോണിയിൽ മോഹനന്റെ വയലിലിറങ്ങിയ ഒറ്റയാൻ നാശം വിതച്ചു. ഒന്നരയേക്കർ നെൽകൃഷിയാണ് നശിപ്പിച്ചത്. മേഖലയിൽ പാടശേഖരങ്ങൾ വിളവെടുപ്പിനൊരുങ്ങുകയാണ്.
മലമ്പുഴ അണക്കെട്ടിനോട് ചേർന്ന ഭാഗത്ത് മൂന്ന് ദിവസമായി 23 കാട്ടാനകൾ പകൽവേളകളിൽ തമ്പടിച്ച് സന്ധ്യ മയങ്ങിയാൽ പരിസരങ്ങളിൽ കൂട്ടത്തോടെ കറങ്ങുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഡാമിൽ മീൻ പിടിക്കാനെത്തിയ തൊഴിലാളി തലനാരിഴക്കാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്.
നെന്മാറ അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള, പ്രദേശങ്ങളിലും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കല്യാണക്കണ്ടം കെ. ബാലചന്ദ്രൻ, പുഞ്ചേരിക്കളം കെ. ചെന്താമരാക്ഷൻ, ജിജോ ഓണായിക്കര എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശമുണ്ടാക്കിയത്. 25 ഓളം തെങ്ങുകളും 50ലേറെ വാഴകളും കമുകുകളും കുരുമുളകുമാണ് നശിപ്പിച്ചത്. വനമേഖലയോട് ചേർന്ന് വനംവകുപ്പ് സ്ഥാപിച്ച വൈദ്യുതവേലി തകർത്താണ് എത്തിയത്. തിരുവാഴിയാട് സെക്ഷൻ വനം ജീവനക്കാരെ വിവരമറിയിച്ചതിന് തുടർന്ന് കഴിഞ്ഞദിവസം വൈകുന്നേരത്ത് രണ്ടു വനം വാച്ചർമാർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് മടങ്ങിയതല്ലാതെ മറ്റു നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. തകർന്ന വൈദ്യുത വേലിയും പുനഃസ്ഥാപിച്ചിട്ടില്ല.
തൊട്ടടുത്ത് മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന പൂഞ്ചേരി കോളനിയിൽ ജനങ്ങൾ ഭീതിയിലാണ്. ദ്രുതപ്രതിരോധ സേന സേവനത്തിനായി പ്രത്യേക വാഹനം നെന്മാറ ഡിവിഷന് കൈമാറിയിട്ടും കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചിട്ടില്ല. വനം വകുപ്പ് സഹകരണം ഇല്ലാത്തതിനാൽ കർഷകർ തന്നെ പടക്കം പൊട്ടിച്ച് കാവൽ ഇരിക്കുകയാണ്. എന്നാൽ, കർഷകർ പോയശേഷമെത്തി കാട്ടാനകൾ നാശമുണ്ടാക്കുകയാണ്.
രാവിലെ സമീപത്തെ തോട്ടങ്ങളിൽ ടാപ്പിങ്ങിനു പോയ തൊഴിലാളികൾ മൂന്ന് ആനകൾ കാട് കയറുന്നത് കണ്ടതായി പറഞ്ഞു. കൽച്ചാടി, ഒലിപ്പാറ, നേർച്ചപ്പാറ പ്രദേശങ്ങളിലും കഴിഞ്ഞയാഴ്ച കൃഷിനാശം വരുത്തിയിരുന്നു. കാട്ടാനകളെ തുരത്താൻ അധികൃതർ ശാശ്വത നടപടികൾ സ്വീകരിക്കണമെന്ന് ഇരുപ്രദേശങ്ങളിലെയും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.