പാലക്കാട്: വന്യജീവികൾക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ജനങ്ങളോട് ഒരേ സമീപനമെന്ന് കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.എം. മണി. വന്യജീവി പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് ഡി.എഫ്.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളോട് കുറച്ചു കൂടി മനുഷ്യത്വപരമായി പെരുമാറണം. വന്യജീവി ആക്രമണത്തിൽ പൊറുതി മുട്ടിയ ജനങ്ങളെ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടിക്കുകയാണ്. ഫലത്തിൽ ഉദ്യോഗസ്ഥരും മൃഗങ്ങളും ജനങ്ങൾക്ക് ഒരുപോലെയാണ്. വനംവകുപ്പിന്റെ ഭ്രാന്തൻ നയങ്ങൾ തിരുത്തണം. 1980ലെ കേന്ദ്ര വനനിയമം അനുസരിച്ചാണ് വനംവകുപ്പിന്റെ പ്രവർത്തനം. ഇത് പരിഷ്കരിക്കണം. ചോറ് കേരളത്തിലും കൂറ് കേന്ദ്രത്തിലും ആകുന്നത് ശരിയല്ല. കെ-റെയിലിനെതിരെ സമരം ചെയ്യുന്നവരുടെ കുറ്റി ജനം പറിച്ചെറിയുമെന്നും മണി പറഞ്ഞു.
കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, പുതുപ്പരിയാരം, മലമ്പുഴ വില്ലേജുകളെ കസ്തൂരി രംഗൻ റിപ്പോർട്ടിൽനിന്ന് ഒഴിവാക്കുക, കൃഷിനാശത്തിന് ആനുപാതികമായി നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വന്യജീവി പ്രതിരോധ സമിതി മാർച്ച് സംഘടിപ്പിച്ചത്. വന്യജീവി പ്രതിരോധ സമിതി ചെയർമാൻ സി.ആർ. സജീവ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, ജില്ല സെക്രട്ടേറിയറ്റ് അംഗം എ. പ്രഭാകരൻ എം.എൽ.എ, ജില്ല കമ്മിറ്റി അംഗങ്ങളായ ടി.എൻ. കണ്ടമുത്തൻ, വി.കെ. ജയപ്രകാശ്, പി.എ. ഗോകുൽദാസ്, കർഷകസംഘം ജില്ല സെക്രട്ടറി ജോസ് മാത്യൂസ്, അകത്തേത്തറ ലോക്കൽ സെക്രട്ടറി കെ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.