പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായത് സമയോചിത രക്ഷാപ്രവർത്തനം മൂലം. മുതവഴി, വന്മഴി, മാലക്കര എന്നീ പള്ളിയോടങ്ങളാണ് മറിഞ്ഞത്. ജല നിരപ്പ് ഉയർന്ന പമ്പയിലെ അപകടം ആശങ്ക ഉയർത്തിയെങ്കിലും പെട്ടെന്ന് നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടു. പള്ളിയോടത്തിൽനിന്ന് നദിയിലേക്ക് വീണ് കാണാതായ അരുൺ, ഉല്ലാസ്, വൈഷ്ണവ്, അനന്തു എന്നിവർ അധികം വൈകാതെ തന്നെ രക്ഷപ്പെട്ട് കരക്കെത്തി.
ഒരാളുടെ തലക്ക് പരിക്കുണ്ട്. അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും പൊലീസും പള്ളിയോട സേവാസംഘം പ്രവർത്തകരും പെട്ടെന്നുതന്നെ പള്ളിയോടങ്ങൾ മറിഞ്ഞ സ്ഥലത്തേക്ക് എത്തി. വെള്ളത്തിൽ വീണവരെ കരയിലേക്ക് എത്തിക്കുകയും മറിഞ്ഞ പള്ളിയോടങ്ങൾ വെള്ളത്തിൽനിന്ന് ഉയർത്തി തിരിക്കുകയും ചെയ്തു. ബോട്ടുകളും ഇതിൽ പങ്കെടുത്തു. ബി ബാച്ച് പള്ളിയോടങ്ങളുടെ ആദ്യപാദ മത്സരങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മുൻകാലങ്ങളിലും ഇത്തരം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽതന്നെ വാട്ടർ സ്റ്റേഡിയത്തിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം പള്ളിയോട സേവാസംഘവും പൊലീസും അഗ്നിരക്ഷാസേനയും ഏർപ്പെടുത്തിയിരുന്നു.
പള്ളിയോടത്തിൽ കയറുന്ന തുഴച്ചിലുകാരുടെയും പാട്ടുകാരുടെയും അടക്കം വിശദാംശങ്ങൾ ഇത്തവണ ശേഖരിക്കുകയും പുറമെ നിന്നുള്ളവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ, പള്ളിയോടങ്ങൾക്ക് അപകടത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വള്ളങ്ങൾ കൂട്ടിമുട്ടിയാണ് മറിഞ്ഞതെന്നും പറയുന്നുണ്ട്. വള്ളംകളി സമയത്ത് നല്ല മഴയും ഉണ്ടായിരുന്നു. അപകടത്തിൽ ഒടിയുന്ന പള്ളിയോടങ്ങൾ പൂർവസ്ഥിതിയിലാക്കാൻ വലിയ തുക വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.