പത്തനംതിട്ട: ചെങ്ങറ, അരിപ്പ ഭൂസമരങ്ങൾ കൃഷിഭൂമി നൽകി പരിഹരിക്കണമെന്നും ഭൂസമരക്കാർക്ക് അതത് ജില്ലയിൽ ഭൂമി നൽകണമെന്നും ആവശ്യപ്പെട്ട് ചെങ്ങറ, അരിപ്പ ഭൂസമര സമിതികളുടെ നേതൃത്വത്തിൽ ഏപ്രിൽ രണ്ടിന് രാവിലെ 10ന് പത്തനംതിട്ട, കൊല്ലം കലക്ടറേറ്റുകളുടെ പടിക്കൽ മാർച്ചും ധർണയും നടത്തും. ചെങ്ങറ സമരത്തിൽ പങ്കെടുത്ത് പട്ടയം കൈപ്പറ്റിയ കുടുംബങ്ങൾക്ക് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി കണ്ടെത്തി നൽകി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ദലിത് മുന്നേറ്റ സമിതി ഹൈകോടതിയിൽ നൽകിയ കേസിൽ സർക്കാർ തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുകയാണ്. 36 ഹെക്ടർ ഭൂമി വിതരണത്തിനായി കണ്ടെത്തിയതായി കോടതിയെ അറിയിച്ചെങ്കിലും ഇതിൽ പത്തനംതിട്ട ജില്ലയിൽനിന്ന് അഞ്ച് സെൻറ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.
പത്തനംതിട്ട കലക്ടറേറ്റ് മാർച്ച് ആന്‍റോ ആന്‍റണി എം.പിയും കൊല്ലം കലക്ടറേറ്റ് മാർച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ, കൺവീനർ സതീഷ് മല്ലശ്ശേരി, രാമചന്ദ്രൻ വടശ്ശേരിക്കര, രാജേന്ദ്രൻ ചെങ്ങറ, സരോജിനി വാലുങ്കൽ, എം.ബി. അശോകൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.