പന്തളം: കുളനട വില്ലേജ് ഓഫിസർ കെ.വി. ശ്രീലാലിനെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് പരാതി. പോക്കുവരവ് ചെയ്തു നൽകുന്നതുമായി ബന്ധപ്പെട്ട് സി.പി.എം കുളനട ലോക്കൽ സെക്രട്ടറി സായിറാമും ഡി.വൈ.എഫ്.ഐ നേതാവ് ശ്രീഹരിയും അടങ്ങുന്ന സംഘം വില്ലേജ് ഓഫിസറുമായി തർക്കിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
ജോലി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസർ പന്തളം പൊലീസിനും കോഴഞ്ചേരി തഹസിൽദാർക്കും പരാതി നൽകി. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പോക്കുവരവുമായി ബന്ധപ്പെട്ട് നൂറ്റമ്പതോളം അപേക്ഷകളാണ് വില്ലേജ് ഓഫിസിലുള്ളതെന്നും താൻ പത്ത് ദിവസം മുമ്പാണ് ചുമതലയേറ്റതെന്നും വില്ലേജ് ഓഫിസർ പറഞ്ഞു. അപേക്ഷകൾ ലഭിക്കുന്ന മുറക്ക് തീർപ്പാക്കുന്നുണ്ട്.
വില്ലേജ് ഓഫിസിൽ ബഹളമുണ്ടാക്കിയവരുടെ ബന്ധുവിന്റെ അപേക്ഷ വേഗം തീർപ്പാക്കണമെന്നായിരുന്നു ആവശ്യം. നിയമപ്രകാരം മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്ന് പറഞ്ഞപ്പോൾ തനിക്ക് നേരെ എട്ടോളം പേർ മോശമായ വാക്കുകളുമായി ആക്രോശം നടത്തുകയായിരുന്നുവെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു.
പരാതിയിൽ മൊഴിയെടുക്കാൻ തിങ്കളാഴ്ച വൈകീട്ട് പന്തളം പൊലീസ് സ്റ്റേഷനിലേക്ക് വില്ലേജ് ഓഫിസറെ വിളിച്ചു വരുത്തി. ഏറെ നേരം കാത്തു നിന്ന വില്ലേജ് ഓഫിസറോട് സി.ഐ സ്ഥലത്തില്ലെന്നും ചൊവ്വാഴ്ച വരാനും പറഞ്ഞ പോലീസ് മടക്കി അയക്കുകയായിരുന്നു. 10 ദിവസം മുമ്പാണ് കുളനട വില്ലേജ് ഓഫിസറായി ശ്രീലാൽ ചാർജ് എടുത്തത്. നിലവിലെ ഓഫിസർ കുരമ്പാലയിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്ന് ഒഴിവ് വന്ന കുളനട വില്ലേജ് ഓഫിസിൽ പത്തനംതിട്ട സർവേയിൽ ആയിരുന്ന ശ്രീലാലിനെ പ്രമോഷലൂടെയാണ് വില്ലേജ് ഓഫിസറായി എത്തിയത്.
വില്ലേജ് ഓഫിസർക്കെതിരെ സി.പി.എമ്മും പന്തളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് കടമ്പനാട് വില്ലേജ് ഓഫിസറായ പള്ളിക്കൽ സ്വദേശി ആത്മഹത്യ ചെയ്ത സംഭവം നിലനിൽക്കെയാണ് കുളനടയിലെ തർക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.