പത്തനംതിട്ട: കോയിപ്രം പുല്ലാട് ഐരക്കാവ് പാറക്കൽ പ്രദീപ് കുമാർ (40) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി കോയിപ്രം വരയന്നൂർ കല്ലുങ്കൽ മോൻസി എന്ന വിനോദിനെ (46) സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുത്തു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി, കൊല്ലപ്പെട്ട പ്രദീപിന്റെ വീടിനു പിന്നിലെ ആൾതാമസമില്ലാത്ത പുരയിടത്തിലെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെടുത്തു. കത്തിയുടെ പിടി കടലാസിൽ പൊതിഞ്ഞനിലയിലായിരുന്നു. കൊലപാതക സമയത്ത് ഇയാൾ ധരിച്ച വസ്ത്രങ്ങൾ വീട്ടിൽ സൂക്ഷിച്ചിരുന്നതും കണ്ടെത്തി.
പുല്ലാട് മത്സ്യക്കച്ചവടം ചെയ്യുന്ന വിനോദും കൊല്ലപ്പെട്ട പ്രദീപും മുമ്പ് സുഹൃത്തുക്കളായിരുന്നു. വിനോദിന്റെ ഭാര്യയും കൊല്ലപ്പെട്ട പ്രദീപുമായി അവിഹിത ബന്ധമുണ്ടായിരുന്നതും വിനോദിൽനിന്ന് അകന്നു പ്രദീപിന്റെ നിയന്ത്രണത്തിൽ മാറിതാമസിച്ച് ഭാര്യ ബന്ധം തുടർന്നതും കൊലപാതകത്തിനുള്ള കാരണമായെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടത്തിയത് എങ്ങനെയെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. പ്രദീപിന്റെ കുമ്പനാട് ഐരക്കാവിലുള്ള വീടിന്റെ സമീപം 18ന് രാത്രി 8.30ന് വിനോദ് എത്തി.
ഈസമയം പ്രദീപ് വിനോദിന്റെ ഭാര്യയുമായി ഫോണിൽ സ്പീക്കറിൽ സംസാരിക്കുന്നത് കേട്ടു. കുറേനേരം കാത്തുനിന്ന പ്രതി, വീടിനു സമീപത്തുള്ള മുളങ്കാടിൽ, കൊല്ലാൻ കരുതി ഒളിച്ചുവച്ച കത്തിയുമായി വീടിന്റെ ഭിത്തിക്ക് മറഞ്ഞുചെന്ന് പ്രദീപിന്റെ പുറത്ത് കുത്തുകയായിരുന്നു. വീടിനുമുന്നിലെ ചതുപ്പുനിലത്തേക്ക് പ്രദീപ് ഓടിയപ്പോഴേക്കും പ്രതി പിന്തുടർന്നെത്തി. ചതുപ്പിൽ കമഴ്ന്നുവീണപ്പോൾ പുറത്തും വയറ്റിലും ആഴത്തിൽ പലതവണ കുത്തി മുറിവേൽപിച്ചു. 10 മിനിറ്റോളം തോളിൽ വലതുകാൽ കൊണ്ട് ചവുട്ടിപ്പിടിച്ച് മരണമുറപ്പിക്കുകയും ചെയ്തുവെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
കുടുംബം നശിപ്പിച്ച പ്രദീപിനെ കൊന്നശേഷം, തന്റെ ഭാര്യയെയും കൊല്ലാനായിരുന്നു ഉദ്ദേശിച്ചതെന്ന് പ്രതി കുറ്റസമ്മതത്തിൽ വെളിപ്പെടുത്തി. മദ്യപിച്ചാൽ അപകടകാരിയായി മാറുന്ന വിനോദ്, ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുകയും അയൽവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും പതിവാണ്. ഇത് സംബന്ധിച്ച് ഭാര്യയുടെയും പരിസരവാസികളുടെയും പരാതികൾ നിലവിലുണ്ട്. അയൽവാസിയായ സ്ത്രീയെ അപമാനിച്ചതിനും മർദിച്ചതിനും ഇയാൾക്കെതിരെ ക്രിമിനൽ കേസുമുണ്ട്. തിരുവല്ല ഡിവൈ.എസ്.പി എ. അഷദിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.