പത്തനംതിട്ട: ബിനാമി വായ്പയുടെ കാര്യത്തില്‍ മൈലപ്ര സര്‍വിസ് സഹകരണ ബാങ്കിൽ നടന്നത് കരുവന്നൂരിനെയും കടത്തി വെട്ടുന്ന തട്ടിപ്പുകൾ.
അതുകൊണ്ട് തന്നെ ഇ.ഡി അന്വേഷണത്തിനും സാധ്യത വർധിച്ചു. ഇതുകൂടി മുന്നിൽക്കണ്ടാണ് ഒളിച്ചുകളി അവസാനിപ്പിച്ച് ബാങ്കിന്റെ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയില്‍ ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് ജോഷ്വാ മാത്യു അറസ്റ്റിലായത്. ഇത്രയും തുകക്കുള്ള ഗോതമ്പ് സ്റ്റോക്കുണ്ടെന്ന് കാണിച്ച് പണം തട്ടുകയായിരുന്നു. റിമാൻഡിൽ കഴിയുന്ന ജോഷ്വാ മാത്യുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച പരിഗണിക്കുമെന്നാണ് കരുതുന്നത്. ജോഷ്വാ മാത്യുവിനെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ബാങ്കിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിനും അറസ്റ്റിനും സാധ്യതയുണ്ട്. ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരെല്ലാം പ്രതികളായേക്കാം.
സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നേരത്തേ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളത്. ഒരു വായ്പക്കാരനും അയാളുടെ പത്തോളം ബിനാമികളും ചേര്‍ന്ന് കോടികളാണ് വായ്പ എടുത്തിരിക്കുന്നത്. ഇത്തരത്തില്‍ 89 ബിനാമി വായ്പകള്‍ കണ്ടെത്തി. ഈടായി നല്കിയിരിക്കുന്നതില് ഏറെയും ചതുപ്പുനിലങ്ങളും വയലുകളുമാണ്. മാനദണ്ഡങ്ങൾ ലംഘിച്ച് മീനച്ചിൽ റബർ മാർക്കറ്റിങ് സൊസൈറ്റിയിൽ 4 കോടി രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്.
കോടികള്‍ അനുവദിച്ച വായ്പയുടെ ഈടായ ഭൂമിക്ക് 10 ലക്ഷം പോലും വിപണി വില വരില്ലെന്നുള്ളതാണ് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നത്. വായ്പ കൊടുത്ത കാലയളവിലുള്ള പ്രസിഡന്റ് ജെറി ഈശോ ഉമ്മനും സെക്രട്ടറി ജോഷ്വാ മാത്യുവും മാനേജര്‍ കെ.കെ. മാത്യുവുമാണ്. ഈ കാലയളവിലുള്ള സഹകരണ വകുപ്പിലെ ജോയന്റ് രജിസ്ട്രാര്‍ അടക്കമുള്ളവര്‍ അഴിമതി മൂടി െവച്ചുവെന്ന സംശയവും ഉയരുന്നു.
സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ ബിനാമി വായ്പകള്‍ കണ്ടെത്തിയെങ്കില്‍ എന്തു കൊണ്ട് നേരത്തേ നടത്തിയ ഓഡിറ്റിങ്ങില്‍ ഇത് കണ്ടെത്താന്‍ കഴിയാതെ പോയി എന്ന ചോദ്യവും ഉയരുന്നു.
ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും അടക്കം പ്രതിക്കൂട്ടിലാണിപ്പോൾ. ജോഷ്വാ മാത്യു കോൺഗ്രസുകാരനാണ്. ബാങ്ക് പ്രസിഡന്റ് ജെറി ഇൗശോ ഉമ്മൻ സി.പി.എമ്മുകാരനും.
രാഷ്ടീയ ഭേദമില്ലാതെ എല്ലാവരെയും സംരക്ഷിക്കാനുള്ള ശ്രമമാണ് ഇതുവരെ നടന്നിരുന്നത്. തട്ടിപ്പിന് കൂട്ടു നിന്നതിന്റെ പേരില്‍ തങ്ങളുടെ സമ്പാദ്യത്തിലേക്കും അന്വേഷണം തിരിഞ്ഞേക്കുമെന്ന ഭയത്തിലായിരുന്നു സംരക്ഷണ കവചമൊരുക്കാനുള്ള ശ്രമം. ഇങ്ങനെ പോയാൽ ഇ.ഡി എത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇപ്പോൾ ജോഷ്വാ മാത്യുവിനെ കൈവിട്ടത്. എന്നാൽ, ജോഷ്വാ മാത്യുവിനെ ശരിയായി ചോദ്യം ചെയ്താൽ ഒരിക്കലും അന്വേഷണ സംഘത്തിന് ജെറിയിലേക്കും തട്ടിപ്പ് കാലത്തെ മറ്റ് ഭരണ സമിതി അംഗങ്ങളിലേക്കും എത്താതിരിക്കാനാകില്ല. വിവിധ കേരള കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ബാങ്ക് പ്രസിഡന്റ് സ്ഥാനം കുത്തകയാക്കി െവച്ചിരുന്ന ജെറി ഈശോ ഉമ്മന്‍.
ബാങ്ക് പൊളിയാനും സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴാനും പോകുന്നുവെന്ന് മനസ്സിലാക്കി ജെറി പിന്നീട് സി.പി.എമ്മില്‍ ചേരുകയായിരുന്നു. തൊട്ടു പിന്നാലെ പത്തനംതിട്ട ഏരിയ കമ്മിറ്റിയംഗവുമാക്കി.
അഴിമതി പുറത്തായതോടെ ജെറി ഈശോ ഉമ്മനെ ഏരിയ കമ്മിറ്റിയംഗത്വത്തില്‍ നിന്നൊഴിവാക്കിയെങ്കിലും ബാങ്ക് തട്ടിപ്പ് ഇപ്പോള്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. നടക്കാൻ പോകുന്ന പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും മൈലപ്രയും കരുവന്നൂരുമൊക്കെ പ്രചാരണത്തിൽ പാർട്ടിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. മൈലപ്ര സഹകരണ ബാങ്ക് 2005ലാണ് മൈഫുഡ് റോളര്‍ ഫ്ലോര്‍ ഫാക്ടറി എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നത്. ഓഡിറ്റ് ഒഴിവാക്കാനാണ് പ്രൈവറ്റ് ലിമിറ്റഡാക്കി പണം വകമാറ്റിയത്.
പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഗോതമ്പ് വാങ്ങി ഇവിടെ സംസ്കരിച്ച് വിപണനം ചെയ്യുന്നതായിരുന്നു രീതി. ഇവിടെ 3.94 കോടിയുടെ ഗോതമ്പ് സ്റ്റോക്കുണ്ടെന്ന് കാണിച്ച് പണം തട്ടിയതിനാണ് മുന്‍ സെക്രട്ടറി അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.